എള്ളാണ്, അബൂബക്കറിന്റെ ഉള്ളുനിറയെ
text_fieldsപാലപ്പള്ളിൽ അബൂബക്കർ കൃഷിയിടത്തിൽ (ഫയൽ ചിത്രം)
കായംകുളം: ഓണാട്ടുകര എള്ളിനോട് കിടപിടിക്കാൻ എള്ളിനം മറ്റൊന്നില്ല. ഈ ചൊല്ലിൽ എള്ളോളമില്ല പൊളിവചനം. അങ്ങനെയുള്ള ഓണാട്ടുകര എള്ളാണ് ഇലിപ്പക്കുളം പാലപ്പള്ളിൽ അബൂബക്കറിന്റെ ഉള്ള് നിറയെ. കാലാവസ്ഥ വ്യതിയാനത്താൽ താളംതെറ്റിയ കൃഷി തിരികെപ്പിടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയാണ് 78ാം വയസ്സിലും അബൂബക്കർ നൽകുന്നത്.
ഓണാട്ടുകരയുടെ പശിമയാർന്ന പാടശേഖരങ്ങളിൽ നൂറുമേനി വിളവാണ് ഓരോ വർഷവും കൊയ്തെടുക്കുന്നത്. ഡിസബറിലാണ് സാധാരണ എള്ള് വിതക്കുന്നത്. 90 ദിവസം കഴിഞ്ഞ് വിളവെടുക്കാനാകുമെന്നതാണ് നേട്ടം.
ഭരണിക്കാവ്, വള്ളികുന്നം, താമരക്കുളം പഞ്ചായത്തുകളിലായി നാല് ഏക്കറിലാണ് എള്ള് വിതച്ചത്. ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത ‘തിലക്’, കായംകുളം ഒന്ന്, തിലതാര ഇനങ്ങളാണ് കൃഷി ചെയ്തത്. ഇത്തവണ 560 കിലോ എള്ളാണ് വിളവെടുത്തത്. ഒരു കിലോ എള്ളിന് 300 രൂപ നിരക്കിലും ഒരു ലിറ്റർ എണ്ണ 800 രൂപക്കുമാണ് വിൽപന. കാലാവസ്ഥ അനുകൂലമായാൽ മികച്ച ലാഭമാണ് എള്ള് കൃഷിയിലൂടെ ലഭിക്കുന്നതെന്ന് അബൂബക്കർ പറയുന്നു.
വാഴ, പച്ചക്കറി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. നേരത്തേ നെൽകൃഷിയിലും സജീവമായിരുന്നു. പൊതുമരാമത്ത് വകുപ്പിൽനിന്ന് വിരമിച്ച ശേഷമാണ് കാർഷികരംഗത്ത് സജീവമായത്. ഞായറാഴ്ച കൃഷിഭവൻ സംഘടിപ്പിക്കുന്ന കർഷിക ദിനാചരണത്തിൽ മുതിർന്ന കർഷകനായ അബൂബക്കറിനെയും ആദരിക്കുന്നുണ്ട്.