ട്രൈക്കോകാർഡുകൾ -വേട്ടാളൻമുട്ട കൊണ്ട് തണ്ടുതുരപ്പനേയും ഇലചുരുട്ടി പുഴുവിനേയും നിയന്ത്രിക്കാം
text_fieldsനെല്ലിൽ തണ്ടുതുരപ്പനേയും ഇലചുരുട്ടി പുഴുവിനേയും നിയന്ത്രിക്കാൻ ട്രൈക്കോകാർഡുകൾ ഉപയോഗിക്കാം. കാർഡുകൾ കീറി ഒരു ഭാഗം 5 സെന്റിന് എന്ന തോതിൽ മഴ നനയാതെ ഉറപ്പിക്കേണ്ടതാണ്.
കൂടാതെ പച്ചക്കറിവിളകളിലും മറ്റുവിളകളിലും കാണുന്ന പുഴുവർഗകീടങ്ങൾക്കെതിരേയും ട്രൈക്കോകാർഡുകൾ ഫലപ്രദമാണ്. ട്രൈക്കോഗ്രമ്മ സ്പീഷിസിൽപ്പെട്ട മിത്രപ്രാണിയുടെ സമാധിദശ ഉൾക്കൊള്ളുന്ന കാർഡുകളാണിവ. ഇതിനായി ലാബിൽ ഉപയോഗിക്കുന്നത് ട്രൈക്കോഗ്രമ്മ എന്ന വേട്ടാളൻ വർഗത്തിൽപ്പെട്ട വളരെ സൂക്ഷ്മ പ്രാണികളെയാണ്. ഈ പ്രാണിയുടെ 18,000 മുതൽ 20,000 വരെ മുട്ടകൾ ഒരു കാർഡിൽ ഉണ്ടായിരിക്കും.
അരയേക്കർ സ്ഥലത്തേക്ക് ഒരുപ്രാവശ്യത്തെ പ്രയോഗത്തിന് ഒരു കാർഡ് മതിയാകും. ഈയൊരു കാർഡ് പത്ത് ചെറുകഷണങ്ങളാക്കി അഞ്ചുസെന്റ് സ്ഥലത്തിന് ഒരു കഷണം എന്നതോതിൽ വയലുകളിൽ തെങ്ങോല ഉപയോഗിച്ചോ, പേപ്പർ കപ്പുകളിലാക്കി വടികളിൽ കുത്തിയോ മറ്റേതെങ്കിലും രീതിയിലോ വെച്ചുകൊടുക്കണം.
ഈ മുട്ടകൾ വിരിഞ്ഞിറങ്ങി ഇലചുരുട്ടിപ്പുഴുവിന്റെയും തണ്ടുതുരപ്പന്റെയും മുട്ടക്കൂട്ടങ്ങളെ തേടിപ്പിടിച്ച് അവയെ തിന്ന് പൂർണമായും നശിപ്പിക്കുകയാണ് പ്രവർത്തനരീതി. ഇലചുരുട്ടിപ്പുഴുവിന്റെയോ തണ്ടുതുരപ്പന്റെയോ മുട്ടക്കൂട്ടങ്ങളാണ് ഇതിന്റെ ഭക്ഷണം എന്നതിനാൽ ഇത്തരം കീടബാധയുള്ള പാടശേഖരങ്ങളിൽ മാത്രം പ്രയോഗിച്ചാൽ മതിയാവും. അല്ലാതിടങ്ങളിൽ മുട്ടവിരിഞ്ഞിറങ്ങുന്ന മിത്രകീടങ്ങൾ ഭക്ഷണം ലഭിക്കാതെ നശിച്ചുപോയേക്കും.
കൃഷി അറിവുകൾ
തെങ്ങിൻ തടങ്ങൾ ഉഴുതിടുന്നതാണ് അഭികാമ്യം. ഇങ്ങനെ ചെയ്യുന്നത് വായു സമ്പർക്കം കൂട്ടാനും ഈർപ്പം നിലനിർത്താനും സഹായിക്കും. ഇടവിളയായി വാഴ, ചേമ്പ് മുതലായ വിളകൾ കൃഷി ചെയ്യാവുന്നതാണ്.
നീര് ഊറ്റി കുടിക്കുന്ന വാഴപ്പേൻ, കുറുനാമ്പ്, കൊക്കാൻ തുടങ്ങി വൈറസ് രോഗങ്ങൾ എന്നിവക്കെതിരെ പുകയില കഷായം തളിക്കുക - ഡൈമെത്തോയേറ്റ് 30 EC തളിച്ചു കൊടുക്കാം.
പടവലത്തിൽ കൂനൻ പുഴുവിനെ നിയന്ത്രിക്കുവാൻ ഗോമൂത്രം കാന്താരി മിശ്രിതം തളിക്കുക. കീടബാധ രൂക്ഷമാണെങ്കിൽ ക്ലോറാൻട്രാനിലിപ്പോൾ 185 SC 3 മില്ലി 10 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാവുന്നതാണ്.
കനത്ത മഴ ലഭിക്കുന്നതും മണൽ മണ്ണുള്ളതുമായ പ്രദേശങ്ങളിൽ പൊട്ടാസ്യം തവണകളായി നൽകുന്നത് പൊട്ടാസ്യം നഷ്ടം കുറയ്ക്കുവാൻ സഹായിക്കും. കളിമണ്ണ് കൂടുതലുള്ള സ്ഥലങ്ങളിൽ മുഴുവൻ പൊട്ടാസ്യവും അടിവളമായി നൽകാം. പുളിരസമുള്ള മണ്ണിൽ കുമ്മായം ഇട്ട് നിർവീര്യമാക്കിയതിനു ശേഷമേ പൊട്ടാസ്യം വളങ്ങൾ പ്രയോഗിക്കാവൂ. മണ്ണിലെ പൊട്ടാഷ് മൂല്യം നിലനിർത്തുന്നത് വൈക്കോൽ മണ്ണിൽ കൂട്ടിക്കലർത്തുന്നത് കൊണ്ടാണ്. വൈക്കോൽ കലർത്തിയിട്ടും മണ്ണിൽ പൊട്ടാസ്യം അളവ് കുറവാണെങ്കിൽ ഒരു ഹെക്‌ടറിന് 15 കി.ഗ്രാം K20 ചേർക്കണം.
കായ് വിള്ളൽ രോഗം - 10 മുതൽ 25 വർഷംവരെ പ്രായമുള്ള മരങ്ങളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. പകുതിയോ, മുക്കാൽഭാഗമോ മൂപ്പാകുമ്പോഴേയ്ക്കും കായ്കൾ മഞ്ഞളിക്കുന്നതാണ് ലക്ഷണം. കായുടെ അറ്റത്ത് നിന്ന് ആരംഭിക്കുന്ന വിള്ളൽ നെടുകെ വ്യാപിച്ച് വിത്ത് പുറത്തേക്ക് കാണാറാകും. അപൂർവ്വമായി പുറംതോടിന് കേടില്ലാതെ വിത്തിനുമാത്രം വിള്ളലേൽക്കും. അമിതമായ വളപ്രയോഗം, വരൾച്ചയ്ക്ക് ശേഷമുള്ള ജലലഭ്യത, ആവശ്യത്തിനുള്ള ഈർപ്പമില്ലായ്‌മ എന്നിവയാണ് രോഗ കാരണം. നീർവാർച്ച മെച്ചപ്പെടുത്തുകയും ബോറാക്‌സ് 2 ഗ്രാം ഒരു ലിറ്റർ 1 വെള്ളത്തിൽ എന്നതോതിൽ തളിക്കുകയും ചെയ്യുന്നത് രോഗം കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്.