മട്ടുപ്പാവിൽ കാർഷിക വിപ്ലവം തീർത്ത് യുവകർഷകൻ
text_fieldsസാദിഖ് ഭാര്യയോടൊപ്പം മട്ടുപ്പാവ് കൃഷി പരിപാലിക്കുന്നു
കൽപകഞ്ചേരി: മട്ടുപ്പാവിൽ കാർഷികവിപ്ലവം തീർത്ത് യുവാവ് മാതൃകയാകുന്നു. വളവന്നൂർ പോത്തന്നൂർ സ്വദേശി കല്ലുമുട്ടക്കൽ സാദിഖ് എന്ന യുവകർഷകന്റെ വീടിന്റെ മട്ടുപ്പാവിലാണ് എല്ലാത്തരം കൃഷിയും ചെയ്ത് മികച്ച വിളവ് സ്വന്തമാക്കിയിരിക്കുന്നത്. ചീര, വെണ്ട, കാപ്സിക്കോ, കക്കരി, പാവക്ക, പയർ, മുളക്, വഴുതന, പാൽച്ചീര തുടങ്ങിയ ജൈവ പച്ചക്കറികളാണ് സാദിഖ് മട്ടുപ്പാവിൽ കൃഷി ചെയ്യുന്നത്. കൂടാതെ അഭിയു, മിൽക്കി ഫ്രൂട്ട്, വെസ്റ്റേൺ ചെറി, ബ്രസീലിയൻ മൾബറി, ട്രാഗൺ ഫ്രൂട്ട്, മാലിന ടെന്നീസ് തുടങ്ങി 15ൽപരം വിദേശ പഴങ്ങളും അലങ്കാര ചെടികളും വീട്ടിലുണ്ട്. സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന സാദിഖ് ഒഴിവുസമയം കൃഷിക്കായി മാറ്റിവക്കും.
വളവന്നൂർ കൃഷിഭനിലെ കൃഷി ഓഫിസർ എം. ഹാരിഫ, അസി. ഓഫിസർ കെ. ഹരിദാസ് എന്നിവരാണ് മാർഗനിർദേശങ്ങൾ നൽകുന്നത്. വളവന്നൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് രണ്ടുതവണ നേടിയിട്ടുണ്ട്. പിതാവ് പരേതനായ ബാവ ഹാജിയിലൂടെയാണ് കൃഷിപാഠങ്ങൾ പഠിച്ചത്. മൂന്ന് ഏക്കർ സ്ഥലത്ത് നെല്ല്, കവുങ്ങ്, വെറ്റില, വാഴ എന്നിവയും കൃഷി ചെയ്യുന്നു. അധ്യാപികയായ ഭാര്യ റസിയയുടെയും മക്കളായ മുഹമ്മദ് ഷാം, മുഹമ്മദ് ഹാദ് എന്നിവരുടെയും പിന്തുണയുമുണ്ട്.