കൃഷി ജീവിതമാക്കി റെജീന
text_fieldsറെജീന ചോളത്തോട്ടത്തിൽ
പൂച്ചാക്കൽ: റെജീനക്ക് കൃഷി ജീവിതവും ജീവ വായുവുമാണ്. 12 വർഷം മുമ്പ് വീട്ടാവശ്യത്തിന് ശുദ്ധമായ പച്ചക്കറി ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ കൃഷി ചെയ്ത പാണാവള്ളി പഞ്ചായത്ത് 12 ാം വാർഡ് മുല്ലേപറമ്പിൽ റെജീന ഇന്ന് അറിയപ്പെടുന്ന കർഷകയാണ്. പ്രാദേശികവും അല്ലാതെയുമുള്ള ധാരാളം അവാർഡുകൾ നേടിയിട്ടുണ്ട്. മനസ്സറിഞ്ഞ് കൃഷി ചെയ്താൽ മികച്ച വരുമാനം ലഭിക്കുമെന്ന് അവർ പറയുന്നു. മുഴുനീള കർഷകയായി വളർന്ന ഇവർ കുടുംബത്തിലുള്ള എല്ലാവരെയും കൃഷി തൽപരരാക്കി എന്നുള്ളത് തന്നെ ഇവരുടെ വലിയ വിജയമാണ്.
കൃഷിയിലെ തുടക്കക്കാർക്ക് പ്രയോജനമാം വിധം രണ്ട് മഴ മറകളിലായി മൂന്ന് ലക്ഷത്തിലധികം ഗുണ നിലവാരമുള്ള പച്ചക്കറി തൈകൾ ഉൽപാദിപ്പിക്കുന്നുമുണ്ട്. സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ ഒരേക്കർ സ്ഥലത്താണ് ഇവർ കൃഷി നടത്തുന്നത്. കൂടാതെ ടെറസിലും മഴമറയിലും കൃഷിയുണ്ട്. തെങ്ങ്, കവുങ്ങ്, ജാതി, പപ്പായ, സീതപ്പഴം, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങളും വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, പച്ചമുളക്, വെണ്ട തുടങ്ങിയ വിപണിയിലുള്ള എല്ലാ പച്ചക്കറികളും റെജീനയുടെ തോട്ടത്തിൽ ഉണ്ട്. അടുക്കും ചിട്ടയോടെയുമുള്ള കൃഷി രീതിയും വ്യത്തിയോടെയും വെടിപ്പോടെയുമുള്ള കൃഷി പരിസരവും എല്ലാവരെയും ആകർഷിക്കും. വിവിധ വർണങ്ങളിലുള്ള പൂച്ചെടികളോടെ അലംകൃതമായ പൂമുറ്റത്തിലൂടെയാണ് കൃഷി തോട്ടത്തിലേക്ക് പ്രവേശിക്കുന്നത്. മുട്ടക്കോഴി, ആട്, വെച്ചൂർ പശു, മണ്ണിര കമ്പോസ്റ്റ്, മത്സ്യ കൃഷി തുടങ്ങി ഒന്ന് ഒന്നിന് പ്രയോജനം ചെയ്യുന്ന രീതിയാണിവിടെ. ആത്മയും കൃഷി ഭവനും വഴിയുള്ള പഠനവും പഠന യാത്രയും റെജീന എന്ന വീട്ടമ്മക്ക് മുഴുനീള കർഷകയാകാൻ സഹായമായിട്ടുണ്ട്.
കൃഷിക്ക് ആവശ്യമായ എല്ലാ വളങ്ങളും സ്വന്തമായി തന്നെ ഉണ്ടാക്കുന്നുണ്ട്. കൂൺ കൃഷിയും ചോളവും വളരെ വ്യവസ്ഥാപിതമായി ഇവർ ചെയ്യുന്നു. പഠന കേന്ദ്രത്തിൽ നിന്ന് ലഭിച്ച അറിവ് പ്രയോജനപ്പെടുത്തി മൂല്യ വർധിത ഉൽപന്നങ്ങളും ഉണ്ടാക്കി വിപണിയിലിറക്കുന്നുണ്ട്. ജാതിക്ക തൊണ്ടിൽ നിന്ന് സ്ക്വാഷ്, ജാം, ജെല്ലി, അച്ചാർ തുടങ്ങിയവ ഉണ്ടാക്കുന്ന പ്രോസസിങ് യൂനിറ്റും നടത്തുന്നു.
കൃഷി ഭവനും ഓർഗാനിക്ക് ചാരിറ്റബിൽ ട്രസ്റ്റും ഇവരെ മികച്ച കർഷകയായി തെരഞ്ഞെടുത്തിട്ടുണ്ട്. വി.എഫ്.പി.സി.കെ വഴിയാണ് ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നത്. ഭർത്താവ് സലീമും മക്കളായ സുൾഫിക്കറും ഫാത്തിമ സഫ്നയും പേരക്കുട്ടികളായ മർവാനും സഫ് വാനും വരെ കൃഷിത്തോട്ടത്തിൽ സഹായികളാണ്.