കൃഷിയിൽ കോയക്കക്ക് നൂറുമേനിയുടെ ഡബ്ൾബെൽ
text_fieldsകോയക്ക നെൽകൃഷിക്ക് പാടമൊരുക്കുന്നു
നരിക്കുനി: കൃഷി തപസ്യയാക്കി മാറ്റിയ കോയക്കയെ ഇത്തവണ തേടി വന്നത് കൃഷിഭവന്റെ മികച്ച കർഷകനുള്ള പുരസ്കാരം. കെ.എസ്.ആർ.ടി.സിയിൽനിന്ന് കണ്ടക്ടറായി വിരമിച്ച കാരുകുളങ്ങര ഓട്ടിലാപൊയിൽ കെ.സി. കോയയാണ് കാർഷികവൃത്തിയിൽ മുഴുകുന്നത്.
അത്താണി പെയിൻ ആൻഡ് പാലിയേറ്റിവ് സെന്റർ ഡയാലിസിസ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിക്കുന്ന ഈ കർഷകൻ അത്താണിയിലെ അന്തേവാസികളുടെ കണ്ണീരൊപ്പിയതിനുശേഷം തൂമ്പയെടുത്ത് പാടത്തേക്കിറങ്ങുന്നു. കോയക്കയുടെ നിഘണ്ടുവിൽ തരിശായ പാടം എന്നൊന്നില്ല. സർവിസിലുള്ളപ്പോൾ സ്വന്തമായുള്ള രണ്ടേക്കർ ഭൂമിയിൽ ചെറിയ തോതിലുള്ള കൃഷി ചെയ്തിരുന്നു.
വിരമിച്ച ശേഷമാണ് നാട്ടിലെ തരിശ് കിടക്കുന്ന വെള്ളക്കെട്ടുള്ള പാടം എങ്ങനെ കൃഷിക്ക് അനുയോജ്യമാക്കാമെന്ന ചിന്ത ഉയർന്നത്. നരിക്കുനി കൃഷിഭവനിലെ ഉദ്യോഗസ്ഥരെയും കൃഷി ഓഫിസർ ദാനയെയും സമീപിച്ചപ്പോൾ വെള്ളക്കെട്ടിനെ അതിജീവിക്കുന്ന നെൽവിത്തായ അക്ഷയ ലഭ്യമായി.
കൃഷി ഉദ്യോഗസ്ഥരുടെയും ഓഫിസറുടെയും ശ്രമം വിഫലമായില്ല: നൂറുമേനി വിളവ് തന്നെ ലഭിച്ചു. വെള്ള അരിയായതിനാൽ അത് ഉപേക്ഷിച്ച് കരുണവിത്ത് നൽകി. കാലവർഷക്കെടുതിയിൽ കർഷകർക്ക് നാശമുണ്ടായപ്പോൾ ഇവിടെ അതുണ്ടായില്ല.
പാടം കാർഷിക കൂട്ടായ്മയുടെ ക്യാപ്റ്റനായ കോയക്ക കാരുകുളങ്ങര മനത്താങ്കണ്ടി വയലിൽ സ്വന്തമായുള്ള 40 സെന്റ് സ്ഥലത്ത് മകരമാസ നെൽകൃഷിക്ക് വിത്തിടാൻ പാടമൊരുക്കുകയാണ്. പറമ്പിൽ ഇഞ്ചി, ചേന, മഞ്ഞൾ, കപ്പ, വാഴ, ചേമ്പ് എന്നിവയും കൃഷി ചെയ്യുന്നു.