മായുന്നു, ഹൈറേഞ്ചിലെ കൃഷിക്കാലം
text_fieldsകാന്തല്ലൂർ കീഴാന്തൂരിലെ കൃഷിസ്ഥലങ്ങൾ
മറയൂർ: നിലം നികത്തലും കർഷകർക്ക് അധികൃതരുടെ വേണ്ടത്ര സഹകരണവും ഇല്ലാതായതോടെ മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിലെ കൃഷിഭൂമി തരിശാകുന്നു. കാർഷിക വൈവിധ്യത്തിനും പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ട മറയൂരും കാന്തല്ലൂരും കൃഷിഭൂമികൾ അപ്രത്യക്ഷമാകുന്നതും വിനോദസഞ്ചാര മേഖലയിലെ തിരിച്ചടിയും മൂലം പ്രതിസന്ധിയിലാണ്.
ഓണക്കാലത്ത് സഞ്ചാരികളുടെ എണ്ണത്തിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടായതായി പ്രാദേശിക ടൂറിസം ഓപറേറ്റർമാർ പറയുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ജീപ്പ് സഫാരികൾ, കഫറ്റീരിയകൾ, പ്രാദേശിക ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയെല്ലാം കനത്ത നഷ്ടത്തിലാണ്. ഹിമാലയൻ സമാനമായ തട്ടുതട്ടായുള്ള പൈതൃക കൃഷിഭൂമികളുടെ ആകർഷണം ഇല്ലാതാകുന്നത് ആവർത്തിച്ചെത്തുന്ന സഞ്ചാരികളെ മടുപ്പിക്കുന്നു.
മറയൂരിലെ കരിമ്പ് കൃഷി 2500 ഏക്കറിൽനിന്ന് 700 ഏക്കറായി കുറഞ്ഞതായി പ്രാദേശിക കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഭൗമസൂചിക പദവി (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ) ലഭിച്ചതോടെ കരിമ്പിന്റെ വില ഉയർന്നെങ്കിലും റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ ഭൂമി വാങ്ങി വ്യാപകമായി നികത്തുന്നത് സാധാരണ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വന്യമൃഗ ശല്യം കാരണമാണ് കൃഷി കുറയുന്നതെന്ന പ്രചാരണം നിലനിൽക്കുമ്പോഴും ഭൂമി കച്ചവടക്കാർ വ്യാപകമായി തരിശിട്ട് വില കയറ്റാൻ ശ്രമിക്കുന്നതാണ് പ്രധാന കാരണമെന്ന് കർഷകർ ആരോപിക്കുന്നു. കാന്തല്ലൂർ പഞ്ചായത്തിന്റെ 2023ലെ റിപ്പോർട്ട് പ്രകാരം, ഭൂമി പരിവർത്തനം മൂലം കൃഷിഭൂമി 15 ശതമാനം കുറഞ്ഞു, ഇത് വിനോദസഞ്ചാര മേഖലക്ക് 10-20 ശതമാനം വരെ നഷ്ടമുണ്ടാക്കി.
വിനോദസഞ്ചാര മേഖലയെ പിടിച്ചുനിർത്താൻ കാന്തല്ലൂരിലെ ഹോംസ്റ്റേ ഉടമകൾ കൂട്ടായ്മ രൂപവത്കരിച്ച് കൃഷി പുനരുദ്ധരണത്തിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മറയൂരിൽ ലൈഫ് ഭവന പദ്ധതിക്ക് അനുമതി നിഷേധിക്കുമ്പോൾ വൻകിടക്കാർക്ക് ഭൂമി നികത്താൻ അനുവാദം നൽകുന്നതിനെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ട്. കൃഷിയും വിനോദസഞ്ചാരവും ഇല്ലാതാകുന്നത് മറയൂരിനെയും കാന്തല്ലൂരിനെയും സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പാവല്‍, പയര്‍ കൃഷിയും ഇല്ലാതാകുന്നു
അടിമാലി: ഒരുകാലത്ത് ഹൈറേഞ്ചിന്റെ മുഖ്യ വരുമാനമായി മാറിയ പാവൽ, പയർ കൃഷി പടിയിറങ്ങുന്നു. ജില്ലയില്‍ 500 ഹെക്ടറിന് മുകളിൽ കൃഷിയിറക്കിയിരുന്ന സ്ഥലത്ത് ഇപ്പോൾ 100 ഹെക്ടറിൽപോലും കൃഷി ഇല്ലാതായി. വിളനാശവും ഉൽപാദനത്തിനനുസരിച്ച് വിലയില്ലാത്തതുമാണ് വിനയായത്.
നേരത്തേ മുഖ്യമായി പാവൽ, പയർ കൃഷിയിറക്കിയിരുന്ന അടിമാലി, മാങ്കുളം, കൊന്നത്തടി, രാജാക്കാട്, രാജകുമാരി, വെള്ളത്തൂവൽ, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ ഇപ്പോള്‍ 80 ശതമാനത്തിലേറെ കൃഷി കുറഞ്ഞു. ഒരുകാലത്ത് ഹൈറേഞ്ചിലെ എല്ലാ പഞ്ചായത്തിലും തുടങ്ങിയ കാർഷിക വിപണിയിൽ മുഖ്യമായി എത്തിയിരുന്നതും ഈ കൃഷികളാണ്. പാവൽ, പയർ കർഷകർക്ക് വേണ്ട സഹായങ്ങളുമായി കൃഷിവകുപ്പും രംഗത്തുണ്ടായിരുന്നു.
12 മാസവും വിളവ് ലഭ്യമാകുന്ന കൃഷിയാണ് ഇത്. 2018ലെ പ്രളയക്കെടുതിയിൽനിന്ന് കരകയറാൻ കർഷകർ മുഖ്യമായി ആശ്രയിച്ച കൃഷിയുമായിരുന്നു. രാജാക്കാട് പഞ്ചായത്തിൽ മാത്രം 250ലധികം കർഷകർ പാവൽ കൃഷി ചെയ്തിരുന്നു. നേരത്തേ കൃഷിപരിപാലനത്തിന് പമ്പടക്കമുള്ള ഉപകരണങ്ങൾ നൽകുന്നതിനൊപ്പം ഒരു ഹെക്ടറിൽ പാവൽ കൃഷി ആരംഭിക്കാൻ ഓരോ കർഷകർക്കും 15,000 രൂപ വീതം സബ്സിഡിയും നൽകിയിരുന്നു. എന്നാൽ, ഇവ നിർത്തലാക്കി. ഇത് വലിയ തിരിച്ചടിയായി.