നെൽകർഷകരുടെ ഉറക്കംകെടുത്തി ഓലചുരുട്ടി പുഴു
text_fieldsഒറ്റപ്പാലം: പ്രതിസന്ധികൾക്കിടയിലും രണ്ടാം വിള ഇറക്കിയ പാടശേഖരങ്ങളിൽ ഓലചുരുട്ടി പുഴുശല്യം വ്യാപകം. ഇതോടെ കൃഷിക്ക് ഇറക്കിയ ചെലവ് തുകക്കുള്ള നെല്ല് പോലും ലഭിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. ഞാറുനട്ട് ഒരു മാസം പിന്നിട്ട നെൽചെടികളിലാണ് കൂടുതൽ പുഴു ബാധ. ഇതിന് പുറമെ തണ്ടുതുരപ്പൻ, മഞ്ഞളിപ്പ് ശല്യവുമുണ്ട്. അമ്പലപ്പാറ മേഖലയിൽ 80 ഏക്കറോളം വയലുകളിൽ പുഴുശല്യം ബാധിച്ചതായാണ് കർഷകർ പറയുന്നത്. പച്ച നിറത്തിലുള്ള പുഴുക്കൾ ഓല ചുരുട്ടുകയും തുടർന്ന് ഹരിത ഭാഗം ഭക്ഷിക്കുകയുമാണ് ചെയ്യുന്നത്.
പച്ചപ്പ് ഭക്ഷിക്കുന്നതോടെ നെൽ ചെടികൾ വെള്ള നിറത്തിലാകുന്നു. ക്രമേണ ഇത്തരം നെൽച്ചെടികൾ വരൾച്ച മുരടിച്ച് നശിക്കുകയാണ് പതിവ്. മൂപ്പ് കുറഞ്ഞ പൊന്മണി വിത്ത് കൃഷിക്ക് ആശ്രയിച്ചവർക്കാണ് കൂടുതൽ ദുരിതം. കീടനാശിനി തളിച്ചിട്ടും രക്ഷയില്ലെന്ന് അമ്പലപ്പാറയിലെ കർഷകനായ ഐ.ടി പ്രദീപ് പറയുന്നു. ഇദ്ദേഹം കൃഷിയിറക്കിയ മൂന്നേക്കറിലും ഓലചുരുട്ടി പുഴുശല്യം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.കാലാവസ്ഥയിലെ താളക്കേടും അമിതമായ ചെലവും കാരണം ഒരു വിഭാഗം കർഷകർ കൃഷി ഉപേക്ഷിച്ച നിലയിലാണ്. എന്നാൽ, കൃഷി കൈവിടാൻ മനസ് അനുവദിക്കാത്തവരിൽ ഒരു വിഭാഗമാണ് രണ്ടാം വിളക്ക് ഇറങ്ങുന്നത്.


