Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightനേന്ത്രവാഴക്ക് വില...

നേന്ത്രവാഴക്ക് വില ഇടിഞ്ഞു; പ്രതിസന്ധിയിൽ കർഷകർ

text_fields
bookmark_border
നേന്ത്രവാഴക്ക് വില ഇടിഞ്ഞു; പ്രതിസന്ധിയിൽ കർഷകർ
cancel
Listen to this Article

പാലക്കാട്: നേന്ത്രവാഴക്ക് കുത്തനെ വില ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലക്ക് കുലകള്‍ എത്തുന്നതാണ് വിപണിയെ തകിടം മറിച്ചത്. കിലോക്ക് 24 മുതല്‍ 25 രൂപവരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആ വിലക്ക് പോലും കായ എടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. ഉൽപാദന ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തില്‍ വന്‍ തുക മുടക്കി കൃഷിയിറക്കിയവര്‍ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് കിലോക്ക് 16രൂപ നിരക്കില്‍ വൻതോതില്‍ വാഴക്കുലകള്‍ വിപണിയില്‍ എത്തുന്നുണ്ട്. ഇവ ആവശ്യക്കാര്‍ക്ക് ലോറിയില്‍ അതത് സ്ഥലങ്ങളില്‍ എത്തിച്ചുനല്‍കുന്നതാണ് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.

ഒരുനേന്ത്രവാഴ നട്ടുപരിപാലിച്ച് കുല പാകമായി വരാന്‍ ശരാശരി 200 രൂപയോളം ചെലവ് വരും. ഇതില്‍നിന്ന് ഏകദേശം ഒമ്പത് കിലോയോളം തൂക്കം വരുന്ന കുല ലഭിച്ചാല്‍ പോലും വിറ്റഴിച്ചാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. പലരും സംഘകൃഷിയായി ബാങ്കുകളില്‍നിന്ന് വായ്പ എടുത്തും പലിശക്ക് പണം വാങ്ങിയും പാട്ടത്തിന് സ്ഥലമെടുത്തുമാണ് കൃഷി നടത്തുന്നത്. വിലയിടിവും ഇതര ജില്ലകളില്‍നിന്നുള്ള ഇറക്കുമതിയും കാരണം പാകമായ കുലകള്‍ വെട്ടാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. ഹോര്‍ട്ടികോര്‍പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ) സംവിധാനങ്ങള്‍ പരാജയപ്പെട്ട നിലയിലാണെന്നും കര്‍ഷകര്‍ പറഞ്ഞു.

വാഴക്കുല സംഭരണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഹോര്‍ട്ടികോര്‍പ് വിപണിയില്‍ ഇടപെടുന്നില്ല. നേരത്തെ 32 രൂപ താങ്ങുവില വി.എഫ്.പി.സി.കെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതും ഇല്ലാത്ത സ്ഥിതിയാണെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി. 2019നു ശേഷം പ്രകൃതിക്ഷോഭത്തില്‍ വാഴകൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. കൃഷി ഇന്‍ഷുര്‍ ചെയ്തവര്‍ക്ക് കൃഷി നശിച്ചതിന് 2025ല്‍ നഷ്ടപരിഹാരവും കിട്ടിയിട്ടില്ല. ഈ വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കൃഷി വകുപ്പും സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് വാഴക്കര്‍ഷകരുടെ ആവശ്യം.

Show Full Article
TAGS:Latest News news Palakkad News farmers in crisis banana price 
News Summary - Banana prices fall; farmers in crisis
Next Story