Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightജില്ലയിൽ...

ജില്ലയിൽ ഒരുമാസത്തിനിടെ 4635 വാഴകൾ നശിച്ചു; വേനൽച്ചൂടിൽ തളർന്ന് കർഷകർ

text_fields
bookmark_border
Representation Image
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

കൊല്ലം: ജില്ലയിൽ കടുത്ത വേനൽച്ചൂടിനെ തുടർന്ന് വാഴകൃഷി വ്യാപകമായി നശിച്ച് കർഷകർ പ്രതിസന്ധിയിലായി. കഴിഞ്ഞമാസം കുലച്ചതും കുലയ്ക്കാത്തതുമായ 4,635 വാഴകളാണ് ഒടിഞ്ഞുവീണതെന്ന് കൃഷിവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മൂപ്പെത്താത്ത കുലകൾ വരെ ചൂട് താങ്ങാനാതെ വാടിവീഴുന്നതായും കർഷകർ പറയുന്നു. വേനൽക്കാലത്ത് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ വാഴകൃഷിയിറക്കിയ കർഷകർ ദിനേന ജലസേചനം നടത്തിയിട്ടും ചൂടിന്റെ കാഠിന്യം മൂലം വിള സംരക്ഷിക്കാൻ സാധിച്ചില്ല.

സാധാരണയായി 10 മുതൽ 15 കിലോ വരെ തൂക്കം ലഭിക്കാവുന്ന കുലകൾ പോലും മൂപ്പെത്തുന്നതിന് മുമ്പേ ഒടിഞ്ഞുവീഴുകയാണ്. ഇതോടെ ഇനി നിലനിൽക്കുന്ന വാഴകളിൽ നിന്നുമുള്ള വിളവിലും പ്രതീക്ഷ കുറഞ്ഞിരിക്കുകയാണ്. ജില്ലയിൽ നശിച്ച വാഴകളിൽ 3,975 എണ്ണം കുലച്ചവയും 660 എണ്ണം കുലയ്ക്കാത്തവയുമാണ്. 130 കർഷകരെയാണ് ഇത് നേരിട്ട് ബാധിച്ചത്.

ഏകദേശം 26.49 ലക്ഷം രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാട്ടഭൂമിയിൽ കൃഷിയിറക്കിയവരും ബാങ്ക് വായ്പയും പണയവുമെടുത്തവരുമായ കർഷകർ കടക്കെണിയിലായിരിക്കുന്നത്. വേനലിൽ വാടിയ കുലകളുടെ ഗുണനിലവാരക്കുറവും വിപണിയിലെ ഡിമാൻഡ് ഇടിവും കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. മൂപ്പെത്താത്ത കുലകൾ കറിക്കായ വിഭാഗത്തിൽ പോലും വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയാണ്.

വെള്ളം തളിച്ചിട്ടും ചൂട് തടുക്കാനാകുന്നില്ലെന്നും മുകൾഭാഗം കരിഞ്ഞുണങ്ങി വീഴുകയാണെന്നും കർഷകർ പറയുന്നു. വിള ഇൻഷുറൻസും അടിയന്തര സാമ്പത്തിക സഹായവും വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും കർഷകർ പറയുന്നു.

Show Full Article
TAGS:Bananas destroyed Farmers struggle Agri News 
News Summary - 4635 bananas destroyed in the district in a month; farmers exhausted by summer heat
Next Story