കാബേജ് കൃഷി ചെയ്യാൻ സമയമായി; 90 ദിവസത്തിനുള്ളിൽ വിളവെടുക്കാം!
text_fieldsകാബേജ് കൃഷി തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്! വിറ്റാമിൻ എ, കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് കാബേജ്. കേരളത്തിൽ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ് കാബേജ് കൃഷിക്ക് ഏറ്റവും മികച്ചത്. ഈ സമയത്തെ തണുപ്പുള്ള രാത്രികൾ കാബേജിന് വളരാൻ അനുയോജ്യമായ കാലാവസ്ഥയാണ്.
വിത്ത് പാകലും തൈകൾ നടലും
കാബേജ് വിത്തുകൾ നേരിട്ട് നടുന്നതിനേക്കാൾ ആദ്യം തടങ്ങളിലോ പ്രോ-ട്രേകളിലോ പാകി മുളപ്പിക്കുന്നതാണ് നല്ലത്. വിത്ത് പാകി 25-30 ദിവസമാകുമ്പോൾ (നാല് ഇലകൾ വരുമ്പോൾ) മാറ്റി നടാം. വൈകുന്നേരങ്ങളിൽ തൈകൾ നടാൻ ശ്രദ്ധിക്കുക, ഇത് തൈകൾ വാടിപ്പോകുന്നത് ഒഴിവാക്കും.
സ്ഥലം തിരഞ്ഞെടുക്കൽ
നന്നായി വെയിൽ ലഭിക്കുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാൻ. ഗ്രോബാഗിലാണ് കൃഷി ചെയ്യുന്നതെങ്കിൽ മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ കലർത്തുക. ഇതിലേക്ക് അല്പം വേപ്പിൻപിണ്ണാക്കും കുമ്മായവും (അല്ലെങ്കിൽ ഡോളോമൈറ്റ്) ചേർക്കുന്നത് മണ്ണിലെ അമ്ലാംശം കുറക്കാനും കീടങ്ങളെ അകറ്റാനും സഹായിക്കും.
നനയും വളപ്രയോഗവും
മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം, എന്നാൽ വെള്ളം കെട്ടിക്കിടക്കരുത്. മഞ്ഞുകാലമായതുകൊണ്ട് അമിതമായി നനക്കുന്നത് ഒഴിവാക്കാം. നട്ട് ഒരാഴ്ച കഴിഞ്ഞ് കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ചു ഒഴിച്ചു കൊടുക്കാം. ഓരോ 15 ദിവസം കൂടുമ്പോഴും ജൈവവളങ്ങൾ നൽകുന്നത് ചെടി കരുത്തോടെ വളരാൻ സഹായിക്കും.
കീടനിയന്ത്രണം
കാബേജിനെ ബാധിക്കുന്ന പ്രധാന വില്ലൻ ഇല തിന്നുന്ന പുഴുക്കളാണ്. ഇതിനെ തടയാൻ ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ-സോപ്പ് മിശ്രിതം അടിച്ചു കൊടുക്കാം. പുകയില കഷായവും കീടങ്ങളെ അകറ്റാൻ ഫലപ്രദമാണ്.
വിളവെടുപ്പ്
തൈ നട്ട് ഏകദേശം 70 മുതൽ 90 ദിവസത്തിനുള്ളിൽ കാബേജ് വിളവെടുക്കാൻ പാകമാകും. കാബേജ് കൈകൊണ്ട് അമർത്തി നോക്കുമ്പോൾ നല്ല ഉറപ്പ് തോന്നുമ്പോൾ വിളവെടുക്കാം. കാബേജ് നടുമ്പോൾ ചെടികൾക്കിടയിൽ ഏകദേശം ഒന്നര അടി അകലം പാലിക്കാൻ ശ്രദ്ധിക്കുക. ചെടികൾക്ക് പടർന്നു വളരാൻ ഇത് അത്യാവശ്യമാണ്.


