വിളവ് കുറഞ്ഞു, വില ഇടിഞ്ഞു; കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍
text_fieldsഅടിമാലി: വിളവ് കുറയുകയും വില തകരുകയും ചെയ്തതോടെ ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉൽപാദനം 50 ശതമാനത്തിലേറെ കുറഞ്ഞ നിലയിലാണ്. ഹൈറേഞ്ചില്‍ മറ്റ് കൃഷിയോടൊപ്പം ഇടവിളയായാണ് കൊക്കോ കൃഷി ചെയ്തിട്ടുള്ളത്. തനിവിളയായി കൃഷി ചെയ്യുന്നവരുമുണ്ട്. ആഴ്ചതോറും വിളവെടുപ്പ് നടത്താമെന്നതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിവ് ഉണ്ടായപ്പോള്‍ കര്‍ഷകര്‍ക്ക് താങ്ങായി നിന്നത് കൊക്കോ കൃഷിയാണ്.
രണ്ട് വർഷം മുമ്പ് 1000 രൂപക്ക് മുകളിൽ വന്ന കൊക്കോ വില ഇപ്പോൾ 300നും താഴെയാണ്. പൾപ്പിനാണെങ്കിൽ 80 രൂപ പോലുമില്ല. മഴ പെയ്യുന്നതിനാൽ രോഗം കൂടുതലാണ്. കേടുവന്ന കൊക്കോ വിപണിയിലെത്തുന്നതിനാല്‍ പലയിടത്തും കൊക്കോ ശേഖരണം പോലും നടക്കുന്നില്ല. ശക്തമായ മഴ പെയ്താല്‍ കൃഷിക്ക് കനത്ത തിരിച്ചടിയാണുണ്ടാവുക. തളിരിട്ട പൂക്കള്‍ കനത്ത മഴയില്‍ പിടിക്കുന്നില്ല. ഇത് വിളവിനെ ബാധിക്കും.
ഇതിന് പുറമെ കായ് ചീയുകയും ഫംഗസ് ബാധിക്കുകയും ചെയ്തതോടെ ഉല്പാദനം ഗണ്യമായി കുറഞ്ഞു. ജലസേചന സൗകര്യമൊരുക്കിയാല്‍ വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കുന്ന ഏക കൃഷിയാണ് കൊക്കോ. മറ്റ് കൃഷികളെ അപേക്ഷിച്ച് ഉല്‍പ്പാദന ചെലവ് കുറവായതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിഞ്ഞപ്പോള്‍ ജില്ലയിലെ നിരവധി കര്‍ഷകര്‍ കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.
രാജ്യത്ത് മൊത്തം ഉല്പാദിപ്പിക്കുന്ന കൊക്കോയുടെ 82 ശതമാനവും കേരളത്തിലാണ്. ഇതില്‍ 70 ശതമാനം ഉല്പാദനവും ഇടുക്കി ജില്ലയിലാണ്. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, തങ്കമണി, വാത്തികുടി, വാഴത്തോപ്പ്, കഞ്ഞിക്കുഴി, മാങ്കുളം തുടങ്ങിയ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ഉല്‍പാദനമുള്ളത്. ചോക്ലേറ്റ് നിര്‍മാണത്തിനാണ് കൊക്കോ കൂടുതലായും ഉപയോഗിക്കുന്നത്. കാര്യമായ പ്രോത്സാഹനം ലഭിക്കാതിരുന്നിട്ടും സംസ്ഥാനത്ത് മെച്ചപ്പെട്ട ഉല്പാദനം നടക്കുന്നുണ്ട്. എന്നിട്ടും വില ലഭിക്കാത്ത സ്ഥിതിയാണ്.
വിവിധ ചോക്ലേറ്റ് കമ്പനികള്‍ ആവശ്യമായ കൊക്കോയുടെ 70 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ് വിലതകര്‍ച്ചയ്ക്ക് കാരണം. കാമറൂണ്‍, നൈജീരിയ, ഐവറികോസ്റ്റ്, ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ ഉല്പാദനം വര്‍ധിപ്പിച്ച് ഇറക്കുമതി കുറച്ച് കര്‍ഷകര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കാൻ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കര്‍ഷകര്‍ പറയുന്നു. ഭൂരിഭാഗം കര്‍ഷകരും ഇടവിളയായി ചെയ്യുന്ന കൊക്കോ കൃഷിയുടെ നിലനില്പ് ഭീഷണിയിലായിട്ടും കൃഷി വകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതി പറയുന്നു.


