കൊക്കോക്ക് കയ്പ്; വിലയിടിവിൽ കർഷകർക്ക് നിരാശ
text_fieldsവിളവെടുപ്പിന് പാകമായ കൊക്കോ കായ്കൾ
ഇരിട്ടി: കൊക്കോക്ക് മാർക്കറ്റിൽ ഉണ്ടായ വിലയിടിവ് കർഷകരെ നിരാശയിലാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കൊക്കോ പച്ച ബീൻസ് കിലോക്ക് 350 രൂപ ഉണ്ടായിരുന്നു. ഇപ്പോൾ 120 രൂപയിലെത്തി നിൽക്കുകയാണ്. ആയിരത്തിനുമുകളിൽ കഴിഞ്ഞ വർഷം വിലയുണ്ടായിരുന്ന ഉണക്ക ബീൻസ് 350 ലേക്കാണ് കൂപ്പുകുത്തിയത്.
കൊക്കോയുടെ ഉയർന്ന വിലയിൽ ഭ്രമിച്ച് കർഷകർ വീണ്ടും കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞപ്പോഴാണ് വിലത്തകർച്ച തിരിച്ചടിയായത്. കൊക്കോയുടെ ആഗോള ഉപഭോഗം വർധിക്കുന്നതിനാൽ കൊക്കോകൃഷി നഷ്ടക്കച്ചവടമാകില്ലെന്ന് കരുതിയാണ് ഒട്ടേറെ പേർ വീണ്ടും അതിലേക്ക് തിരിഞ്ഞത്.
കൊക്കോ ശേഖരണം കുറച്ചതോടെ ഒരാഴ്ചക്കിടെ കൊക്കോ വിലയിൽ വലിയ ഇടിവാണ് ഉണ്ടായതെന്ന് വ്യാപാരികൾ പറയുന്നു. ഉണങ്ങിയ കൊക്കോ 350 രൂപക്കാണ് ഇപ്പോൾ ശേഖരിക്കുന്നത്. പച്ച കൊക്കോ വില 115 മുതൽ 120 രൂപയുമായി.
ചോക്ലേറ്റ് കമ്പനികളുടെയും ഇടനിലക്കാരുടെയും ഇടപെടലാണ് ഉത്പാദനം കുറഞ്ഞുനിൽക്കുന്ന സമയത്തും കൊക്കോ വില ഇടിയാൻ കാരണമാകുന്നതെന്നാണ് കർഷകരുടെ പരാതി. ഉൽപാദനവും ഇറക്കുമതിയും കുറഞ്ഞതിനാൽ മുൻവർഷം അപ്രതീക്ഷിതമായി കൊക്കോ വില കുതിച്ചു കയറുകയായിരുന്നു. 2024 മേയിലാണ് കൊക്കോ വില റെക്കോഡിടുന്നത്. അന്ന് 1000-1100 രൂപവരെ ഉണങ്ങിയ കൊക്കോക്ക് ലഭിച്ചിരുന്നു.
പച്ച കൊക്കോക്ക് 270 രൂപയും വിലയുണ്ടായിരുന്നു. ഇപ്പോഴത് ഉണങ്ങിയ കൊക്കോ 350, പച്ച കൊക്കോ 120 വരെയായി കുറഞ്ഞു.
മേയ് മുതൽ സെപ്റ്റംബർ വരെയാണ് കമ്പോളങ്ങളിൽ കൂടുതലായി കൊക്കോ എത്തുന്നത്. ഇടക്കാലത്ത് അണ്ണാൻ, മരപ്പട്ടി ശല്യവും കീടബാധയുംമൂലം കർഷകർ വ്യാപകമായി കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു.
വില വർധിച്ചതോടെ തോട്ടങ്ങളിലുള്ള കൊക്കോ ചെടികൾക്ക് മികച്ച പരിചരണമാണ് കർഷകർ നൽകിയത്. വിലയിടിവ് കർഷകർക്കും കൊക്കോ സംഭരിച്ച ചെറുകിട വ്യാപാരികൾക്കും തിരിച്ചടിയാകും.