പി.വി.സി പൈപ്പിൽ ഞണ്ടിനെ വളർത്താം; വൈറലായി വിദ്യാർഥികളുടെ കൃഷിരീതി
text_fieldsവ്യത്യസ്തമായ പലതരം കൃഷിരീതികൾ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, പി.വി.സി പൈപ്പിൽ ഞണ്ടുകൃഷി ചെയ്ത് വ്യത്യസ്തരാവുകയാണ് രണ്ട് വിദ്യാർഥികൾ. എറണാകുളം ഫിഷറീസ് സർവകലാശാലയിൽ അക്വാകൾച്ചർ വിഭാഗത്തിലെ പി.ജി വിദ്യാർഥിയായ അരുൺദാസ്, അശ്വതി എന്നിവരാണ് പഠനത്തിന്‍റെ ഭാഗമായി നവീനരീതിയിൽ ഞണ്ടുകൃഷി ചെയ്യുന്നത്.
കരയിൽ ഞണ്ടുകൃഷി ചെയ്യാനുള്ള രീതിയുടെ ഭാഗമായാണ് ഇവർ പി.വി.സി പൈപ്പിൽ ഞണ്ടുകൃഷി ചെയ്യാൻ തുടങ്ങിയത്. ഉപ്പുവെള്ളം ലഭ്യമല്ലാത്ത സ്ഥലത്തും കിണർവെള്ളത്തിൽ ഉപ്പുകലക്കി ഞണ്ടിനെ കൊഴുപ്പിച്ചെടുക്കാം എന്നതാണ് ഈ രീതിയുടെ ഗുണം. സ്ഥലപരിമിതിയുള്ളവർക്ക് ഞണ്ടുവളർത്താൻ ഏറെ പ്രയോജനപ്പെടുന്ന രീതിയാണിത്.
ശുദ്ധജലത്തെ ഉപ്പുവെള്ളമാക്കി മാറ്റിയാണ് അതിൽ ഞണ്ട് കൃഷിചെയ്യുന്നത്. എട്ടിഞ്ചിന്‍റെ പി.വി.സി പൈപ്പുകൾക്കുള്ളിലാണ് ഞണ്ടിനെ വളർത്തുന്നത്. അതിന് കൃത്യമായ ഭക്ഷണവും വളരാനാവശ്യമായ സാഹചര്യവും ഒരുക്കുകയാണ് ചെയ്യുന്നത്. 25 ദിവസം കൊണ്ടുതന്നെ ഞണ്ടിന് നല്ലരീതിയിൽ തൂക്കം വർധനവുണ്ടാകും.
10 ശതമാനമെങ്കിലും ഉപ്പുള്ള വെള്ളമാണ് ഞണ്ടിനെ വളർത്താൻ വേണ്ടത്. ശുദ്ധജലത്തിൽ ഉപ്പുകലർത്തിയാണ് ഇത് ഒരുക്കുന്നത്. ഞണ്ട് വളരുന്ന കമ്പാർട്ട്മെന്‍റിനകത്തേക്ക് പുതിയ വെള്ളം വരാനും ഞണ്ടിന്‍റെ കാഷ്ഠവും ഭക്ഷണാവശിഷ്ടങ്ങളും പുറത്ത് കളയാനുമുള്ള സൗകര്യങ്ങൾ കമ്പാർട്ട്മെന്‍റിലുണ്ട്. വെള്ളത്തിലെ അമോണിയ അളവ് കൃത്യമായി നിയന്ത്രിക്കണം. അസിഡിറ്റിയും പരിശോധിക്കണം.
ഒരു ഞണ്ടിന് ദിവസം 30 ഗ്രാം വരെ മത്സ്യം ഭക്ഷണമായി കൊടുക്കണം. കഴിക്കാതെ ബാക്കിവരുന്ന ഭക്ഷണം നാല് മണിക്കൂറിനുള്ളിൽ ഒഴിവാക്കണം. വെർട്ടിക്കൽ കമ്പാർട്ടുമെന്‍റുകളാക്കി ഞണ്ട് കൃഷിചെയ്യുന്ന രീതി പലയിടങ്ങളിലുമുണ്ട്. ഇതിനായുള്ള കമ്പാർട്മെന്‍റുകളും ലഭ്യമാണ്. എന്നാൽ, ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായാണ് പി.വി.സി പൈപ്പുകൾ കട്ട് ചെയ്ത് കമ്പാർട്ട്മെന്‍റുകളാക്കുന്നത്. ശ്രദ്ധയോടെ കൃഷിചെയ്താൽ എക്സ്പോർട്ട് ക്വാളിറ്റിയുള്ള ഞണ്ടുകളെ തന്നെ ഉൽപ്പാദിപ്പിക്കാനാകുമെന്ന് വിദ്യാർഥികൾ പറയുന്നു. പി.വി.സി പൈപ്പ് ഉപയോഗിച്ചുള്ള ഞണ്ടുകൃഷിയെ കുറിച്ച് കൂടുതലറിയാൻ 9544553253 എന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടാം.