നിലക്കാത്ത മഴയിൽ വിളനാശവും വിലത്തകർച്ചയും; ഉള്ളി കൃഷിയിടങ്ങളിൽ തന്നെ കുഴിച്ചു മൂടി കർഷകർ
text_fieldsചിഗറ്റേരിയിൽ നിന്നുള്ള കർഷകൻ 12 ഏക്കറിൽ കൃഷി ചെയ്ത ഉള്ളി ട്രാക്ടർ ഉപയോഗിച്ച് നശിപ്പിക്കുന്നു
ബംഗളൂരു: തുടർച്ചയായ കനത്ത മഴയിൽ ഉള്ളിക്ക് സംഭവിച്ച വിള നാശവും ഗുണനിലവാരത്തകർച്ചയും കർഷകർക്ക് ഇരട്ട പ്രഹരമായി. വിപണിയിലെത്തിക്കാനുള്ള കടത്തുകൂലി കൂടി നഷ്ടമാവുമെന്നതിനാൽ കൃഷിയിടങ്ങളിൽ തന്നെ ഉള്ളി കുഴിച്ചു മൂടുകയാണവർ.
വിജയനഗർ ജില്ലയിലെ ഹാരപ്പനഹള്ളി താലൂക്കിലെ ചിഗറ്റേരിയിൽ നിന്നുള്ള കർഷകൻ 12 ഏക്കറിൽ കൃഷി ചെയ്ത ഉള്ളിയുടെ വിലയും ഗുണനിലവാരവും കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് മണ്ണിട്ടു മൂടി.
വടക്കൻ കർണാടകയിൽ അതിശക്തമായ മഴയെത്തുടർന്ന് നശിച്ച ഖാരിഫ് വിളകളിൽ ഏറ്റവും ഒടുവിലത്തേത് ഉള്ളിയാണ്. തുടർച്ചയായ മഴയും ഫംഗസ് രോഗവും കാരണം കിത്തൂർ മേഖലയിലും വിജയനഗർ, ബല്ലാരി ജില്ലകളിലെയും 50 ശതമാനത്തിലധികം വിളകളും നശിച്ചു.
പല വിപണികളിലും പ്രാദേശിക ഉള്ളിയുടെ വലിപ്പവും ഗുണനിലവാരവും ഇല്ലാത്തതിനാൽ അവ വാങ്ങാൻ ആളെ കിട്ടുന്നില്ല. വിളവെടുത്തവയുടെ ഗുണനിലവാരം മോശമായതിനാൽ വിലയും കുറഞ്ഞു. ഉള്ളിയുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ഹുബ്ബള്ളി എ.പി.എം.സിയിൽ ക്വിന്റലിന് 500 മുതൽ 1,350 രൂപ വരെ വിലക്ക് വിൽക്കുന്നു. അതേസമയം, പുണെ ഉള്ളിക്ക് ക്വിന്റലിന് 800 മുതൽ 1,900 രൂപ വരെ വിലയുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് പ്രാദേശിക ഇനത്തിന് ക്വിന്റലിന് 3000 മുതൽ 4000 രൂപ വരെ വിലയുണ്ടായിരുന്നു.
അമിത മഴ കാരണം പച്ചപ്പയർ, ഉഴുന്ന്, സോയ എന്നിവയുടെ വൻ വിളനാശം നേരിട്ട മുംബൈ-കർണാടക മേഖലയിലെയും വിജയനഗർ, ബല്ലാരി എന്നിവിടങ്ങളിലെയും കർഷകർ ഇപ്പോൾ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണിത്. ധാർവാഡ്, ബെളഗാവി, ബാഗൽകോട്ട്, വിജയപുര, ഹാവേരി, ഗദഗ്, ചിത്രദുർഗ, ബല്ലാരി, കൊപ്പൽ ഉള്ളി വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. വരവ് ആരംഭിച്ചിട്ടുണ്ടെങ്കിലും പെട്ടെന്നുള്ള വിലത്തകർച്ച കർഷകരെ ദുരിതത്തിലാക്കി.
ധാർവാഡിൽ ഈ വർഷം 6300 ഹെക്ടറിലാണ് ഉള്ളി കൃഷി ചെയ്തത്. തുടർച്ചയായ മഴയും ഫംഗസ് രോഗവും മൂലം 50 ശതമാനത്തിലധികം വിളയും നശിച്ചു. ബാക്കിയുള്ളവയുടെ ഗുണനിലവാരം മോശമായതിനാൽ വിലയും കുറഞ്ഞു. ‘മജിഗെ റോ’ എന്ന രോഗം, അഴുകൽ എന്നിവ പ്രാദേശിക ഉൽപന്നങ്ങളെ ബാധിച്ചിട്ടുണ്ട്. ഉൽപാദനച്ചെലവ് പോലും വഹിക്കാൻ കർഷകർ പാടുപെടുന്നു.
‘70,000 രൂപ ചെലവഴിച്ച് ഒന്നര ഏക്കറിൽ ഉള്ളി കൃഷി ചെയ്തു. മഴയിൽ വിളയുടെ ഭൂരിഭാഗവും നശിച്ചു. 58 ചാക്കുകൾ മാത്രമേ വിളവെടുത്തുള്ളൂ. അവ 25000 രൂപക്ക് വിറ്റു. എന്റെ വിതക്കലിനും കൂലിക്കുമുള്ളതുപോലും എനിക്ക് തിരികെ ലഭിച്ചിട്ടില്ല’ -ഗഡാഗിലെ മുണ്ടർഗി താലൂക്കിലെ ഡോണിയിൽ നിന്നുള്ള കർഷകനായ സിദ്ധലിംഗപ്പ പറയുന്നു.
വിജയപുര, ബാഗൽകോട്ട്, ഗദഗ് ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി. ഗദഗിൽ മാത്രം 14,000 ഹെക്ടറിൽ ഉള്ളി കൃഷി ചെയ്തിരുന്നു. എന്നാൽ 4000 ഹെക്ടറിലെ വിളകൾ മഴയിൽ നശിച്ചു. ബാഗൽകോട്ടിലും 3000 ഹെക്ടറിലധികം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിജയനഗറിൽ 108.59 ഹെക്ടർ ഉള്ളി നശിച്ചുവെന്ന് കർഷകനായ സോമപ്പ പറഞ്ഞു.
നേരത്തെ, ഈ മേഖലയിൽ നിന്നുള്ള ഉള്ളി മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, ശ്രീനഗർ, ഹൈദരാബാദ്, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്തിരുന്നു. എന്നാൽ, ഈ വർഷം ഈ സംസ്ഥാനങ്ങളിൽ തന്നെ നല്ല വിളവ് ലഭിച്ചിട്ടുണ്ടെന്ന് ഹുബ്ബള്ളി എ.പി.എം.സി ഉദ്യോഗസ്ഥർ പറഞ്ഞു.