വിളനാശം; പഴംകുളം പാടശേഖരത്തിൽ കണ്ണീർ കൊയ്ത്ത്
text_fieldsഒറ്റപ്പാലം: കൊയ്ത്തിന് പാകമായ നെൽപ്പാടങ്ങൾ ട്രാക്ടർ ഉപയോഗിച്ച് ഉഴുത് മറിക്കുന്നത് കണ്ണീർ കാഴ്ചയാകുന്നു. ചുനങ്ങാട് പഴംകുളം പാടശേഖരത്തിലെ 20 ഏക്കറിലേറെ വിളയാണ് ഉഴുത് നശിപ്പിക്കുന്നത്. കളയും കീടബാധയും മൂലം പൂർണമായും വിളനാശം സംഭവിച്ചതിനെ തുടർന്നാണ് ട്രാക്ടർ ഇറക്കി പൂട്ടുന്നത്.
കാലാവസ്ഥയിലെ താളക്കേടുകളോട് പടവെട്ടിയും വിയർപ്പൊഴുക്കിയും പരിപാലിച്ച കൃഷിയുടെ വിളവെടുപ്പിന് ഭാഗ്യമില്ലാതെ സ്വന്തം കൈകളാൽ തന്നെ വിളവ് നശിപ്പിക്കേണ്ടി വരുന്നതിലെ വേദനയിലാണ് പാടശേഖരത്തിലെ ഏതാനും കർഷകർ. വായ്പയെടുത്തും മറ്റും കൃഷിയിറക്കിയവർക്ക് താങ്ങാവുന്നതിലേറെ വലിയ ബാധ്യതയാണ് വിളനാശമുണ്ടാക്കിയത്. മാസങ്ങളുടെ കാത്തിരിപ്പിനും അധ്വാനത്തിനും ഫലം ലഭിക്കേണ്ട ഘട്ടത്തിൽ വിളകളേക്കാളേറെ കളകൾ വളർന്നതും ചാഴിശല്യം അതിരൂക്ഷമായതും കർഷകരുടെ പ്രതീക്ഷ കെടുത്തി. പ്രതിവിധികൾ പലതും പരീക്ഷിച്ചെങ്കിലും വിള രക്ഷിക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. ഇതിനിടെ കാലം തെറ്റി പെയ്ത മഴ പ്രതിസന്ധി രൂക്ഷമാക്കുകയുമായിരുന്നു.
വൈക്കോലിനായി കൊയ്ത്ത് നടത്തിയാലും കൂലി കൈയിൽ നിന്ന് നൽകേണ്ടിവരുന്ന അവസ്ഥയാണ്. പാടശേഖരത്തിലെ 90 ഏക്കറിൽ ‘ഉമ’ നെൽവിത്താണ് കൃഷിയിറക്കിയിരുന്നത്. പാടം പാട്ടത്തിനെടുത്താണ് പലരും കൃഷിയിറക്കിയിട്ടുള്ളത്.
കുന്നത്ത് വീട്ടിൽ സുലൈമാൻ, പരിക്കിങ്കൽ വീട്ടിൽ അയ്യപ്പൻ കുട്ടി, പരിക്കിങ്ങൽ വീട്ടിൽ രാമൻ കുട്ടി, തെക്കേക്കര വീട്ടിൽ വിനയൻ, പഴങ്കുളം വീട്ടിൽ സമദ്, അച്യുതം വീട്ടിൽ അച്യുതൻ കുട്ടി എന്നിവർഉൾപ്പടെ 15ഓളം പേരാണ് പാട്ടത്തിനെടുത്ത് കൃഷിയിറക്കി പ്രതിസന്ധിയിലായത്. മുൻ വർഷങ്ങളിൽ മികച്ച വിളവ് ലഭിച്ച പാടശേഖരങ്ങളാണിത്. കൃഷിക്കായി വാങ്ങിയ കടങ്ങൾ എങ്ങനെ കൊടുത്തുതീർക്കാൻ കഴിയുമെന്ന ആധിയിലാണ് ഇവർ.


