നശിച്ചത് ഒന്നര ലക്ഷത്തിന്റെ കൃഷി; നഷ്ടപരിഹാരം ലഭിച്ചത് 2 രൂപ 30 പൈസ!
text_fieldsമുംബൈ: കാലം തെറ്റിയ മഴ നെൽകൃഷിയുടെ ഭൂരിഭാഗവും നശിപ്പിച്ച് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായ കർഷകന് നഷ്ടപരിഹാരത്തിന് അപേക്ഷിച്ച് കാത്തിരുന്നപ്പോൾ കിട്ടിയത് 2.30 രൂപ മാത്രം. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലെ വാഡ താലൂക്കിലാണ് സംഭവം. ഷിലോത്തർ ഗ്രാമത്തിലെ മധുകർ ബാബുറാവു പാട്ടീലിന്‍റേതാണ് സങ്കടക്കഥ.
ഏഴ് ഏക്കറിൽ നെൽകൃഷി ചെയ്യാൻ ഏകദേശം 80,000 രൂപയാണ് ഇദ്ദേഹം ചെലവഴിച്ചത്. മഴയിൽ വിളയുടെ 80 ശതമാനത്തിലധികവും നശിച്ചു. ഏകദേശം 1.5 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി കാത്തിരുന്ന് ഒരു വർഷമാകുമ്പോൾ പ്രധാനമന്ത്രി ഫസൽ ബീമ യോജന (പി.എം.എഫ്.ബി.വൈ) പ്രകാരം വെറും 2 രൂപ 30 പൈസയാണ് കർഷകന്‍റെ അക്കൗണ്ടിലെത്തിയത്. ഒക്ടോബർ 31നാണ് നഷ്ടപരിഹാര തുക അക്കൗണ്ടിലെത്തിയത്.
സംഭവം വാർത്തയായതോടെ പ്രതികരണവുമായി കൃഷി വകുപ്പ് രംഗത്തെത്തി. 2.30 രൂപ നിക്ഷേപം പഴയ കുടിശ്ശികയാണെന്നാണ് കൃഷി വകുപ്പ് പറയുന്നത്. 2022-23 കാലയളവിൽ വിളനാശത്തിന് നഷ്ടപരിഹാരമായി കർഷകന് 72,466 രൂപ അനുവദിച്ചിരുന്നു. ഇതിൽ 72,464 രൂപ 2024 മെയ് 11 ന് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ബാക്കി 2.30 രൂപ സാങ്കേതിക പ്രശ്‌നം കാരണം വൈകുകയും ഇപ്പോൾ സ്വയമേവ ക്രെഡിറ്റ് ചെയ്യപ്പെടുകയായിരുന്നെന്നും വകുപ്പ് വിശദീകരിച്ചു.
ഇതൊരു സാങ്കേതിക പിഴവാണ് എന്ന് മുതിർന്ന കൃഷി ഓഫീസർ രാജു തംബോലി പ്രതികരിച്ചു. 2025 ലെ വിള നഷ്ടങ്ങൾക്കുള്ള പാട്ടീലിന്റെ അപേക്ഷ ഇപ്പോഴും പരിഗണനയിലാണെന്നും നടപടി പൂർത്തിയാകുമ്പോൾ നഷ്ടപരിഹാരം കണക്കാക്കി അനുവദിക്കുമെന്നും കൃഷി ഓഫീസർ അറിയിച്ചു.


