ദീപൻ വേണു ജൈവ കൃഷിയുടെ എൻജിനീയർ
text_fieldsകൊല്ലം: നാട്ടിൽ ജൈവകൃഷി വിപ്ലവം മനസ്സിൽ കണ്ട് വിദേശത്തെ വലിയ സാമ്പത്തിക നേട്ടമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണിനോട് മല്ലിടുകയാണ് ഒരു എൻവയോൺമെന്റൽ എൻജിനീയർ. കുണ്ടറ ഇളമ്പള്ളൂർ കൃഷിഭവന്റെ പരിധിയിലെ പെരുമ്പുഴ ആറാട്ടുവിള മഞ്ജു നിവാസിൽ ദീപൻ വേണു ( 41) ഇന്ന് വിഷരഹിത പച്ചക്കറി ഇഷ്ടപ്പെടുന്നവരുടെ കൃഷി അധ്യാപകൻ കൂടിയാണ്. ഇദ്ദേഹത്തിന്റെ വീട് തന്നെ ഒരു കാടിന് നടുവിൽ നിൽക്കുന്ന പ്രതീതിയാണ്.
വീടിനോട് ചേർന്ന് പുനർജനി എക്കോ ഷോപ് എന്ന പേരിൽ ജൈവ കാർഷികോൽപന്നങ്ങളുടെയും ജൈവ വളങ്ങളുടെയും ജൈവ കീടനാശിനികളുടെയും കടയുമുണ്ട്. ഇവിടെ ചീര മുതൽ ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടെ വിവിധ ഇനത്തിൽപെട്ട പച്ചക്കറികളുടെയും ഫലവൃക്ഷ തൈകളുടെയും വൻ ശേഖരം ലഭ്യമാണ്. പച്ചക്കറികളും വാഴയും, ഇഞ്ചിയും, കസ്തൂരി മഞ്ഞളും വിവിധയിനും മാവും, പ്ലാവും മറ്റ് ഫലവൃക്ഷങ്ങളും ചേർന്ന് രണ്ടേക്കറിൽ സമ്മിശ്ര കൃഷിയുമുണ്ട്. ഒപ്പം തേനീച്ച, പശുക്കൾ, കോഴി ഉൾപ്പെടെ ബഹുവിധമാണ് ദീപനും ഭാര്യ ദിവ്യയും പരിപാലിച്ചു പോന്ന ജൈവകൃഷിയുടെ ലോകം.
ജൈവകൃഷി വ്യാപകമാക്കി മനുഷ്യരുടെ ആശുപത്രി ചെലവ് ഗണ്യമായി കുറക്കുക കുടുംബങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ അക്ഷീണം പ്രവർത്തിക്കുന്നത്. ഇവർ ഇവരുടെ എക്കോ ഷോപ്പിനോട് ചേർന്ന പാതയോരത്ത് 150 മൂട് വെണ്ടയാണ് കൃഷി ചെയ്തിട്ടുള്ളത്. ഇളമ്പള്ളൂർ പഞ്ചായത്തിലെ ഒരു വാർഡിലെങ്കിലും ഇത്തരത്തിൽ തെരുവോര കാടുകൾ തെളിച്ച് പച്ചക്കറികളോ പൂച്ചെടികളോ നട്ടുവളർത്താൻ എന്ത് സഹായവും ചെയ്യാൻ ഇവർ തയാറാണ്.
ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി പുനർജനി എക്കോ ഷോപ് ഒരു വാട്ട്സ് ആപ് ഗ്രൂപ് തന്നെ തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ ഏത് സമയത്തും കർഷകർക്ക് സംശയങ്ങൾ ചോദിക്കാം. ചെടികൾക്കും ഫലവൃക്ഷങ്ങൾക്കും ഉണ്ടാകുന്ന അസുഖങ്ങളും മറ്റും അതിന്റെ ഫോട്ടോ വാട്സ് ആപ്പിൽ അയച്ചു കൊടുത്താൻ ഉടനടി പരിഹാരവും എത്തും. വലിയ തോതിൽ കൃഷിചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പുരയിടം ഒരുക്കി കൃഷിചെയ്യാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുമുണ്ട്. രാസവള ങ്ങളുടെയും കീടനാശിനികളുടെയും ലൈസൻസ് ഇദ്ദേഹത്തിനുണ്ടെങ്കിലും അത് ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ല.
13 കൊല്ലം വിദേശത്ത് ഹെൽത്ത് സേഫ്റ്റി എൻജിനിയറായിരുന്നു ദീപൻ. എൻവയോൻമെന്റൽ എൻജിനീയറിങ് കൂടാതെ എം.ജി യൂനിവേഴ്സിറ്റിയിൽനിന്ന് ജൈവകൃഷിയിൽ ഡിപ്ലോമയും അപ്രൂവ്ഡ് ഓർഗാനിക് ഫാർമർ സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. മണ്ണൂത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് ഇൻറഗ്രേറ്റഡ് ന്യൂടിയൻ മാനേജ്മെന്റും പാസായിട്ടുണ്ട്. വൃക്ഷായുർവേദത്തിൽ അഞ്ചു വർഷം പരിശിലനം നേടുകയും അത് പരീക്ഷിച്ച് വിജയിക്കുകയും ചെയ്തിട്ടുണ്ട്. മക്കളും സ്കൂൾ വിദ്യാർത്ഥികളായ ദേവദർശിനി ദീപനും ദേവദത്ത് ദീപനും മാതാപിതാക്കളോടൊപ്പം പിന്തുണയുമായുണ്ട്.