കർഷകരുടെ പ്രതീക്ഷ കെടുത്തി രോഗബാധ; ജില്ലയിൽ അടക്ക ഉൽപാദനം കുത്തനെ കുറയും
text_fieldsപുൽപള്ളിയിലെ കവുങ്ങ് കൃഷി തോട്ടം
പുൽപള്ളി: വയനാട്ടിൽ ഇത്തവണ അടക്ക ഉൽപാദനം കുത്തനെ കുറയും. കാലാവസ്ഥ വ്യതിയാനങ്ങളും രോഗകീടബാധകളുമെല്ലാം കവുങ്ങുകൃഷിയെ ഇല്ലാതാക്കുകയാണ്. ഉയർന്നവില അടക്കക്ക് ലഭിക്കുന്നുണ്ടെങ്കിലും ഉൽപാദനം കുറഞ്ഞത് കർഷകരെ തളർത്തുന്നുണ്ട്. ഒരുകാലത്ത് കവുങ്ങ് തോട്ടങ്ങളെ ആശ്രയിച്ചാണ് കർഷകർ ജീവിച്ചിരുന്നത്. എന്നാൽ, കാലങ്ങളായി മഞ്ഞളിപ്പ് അടക്കമുള്ള രോഗങ്ങൾ കൃഷിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.
മുമ്പ് അടക്ക തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്ന ആളുകളുടെ എണ്ണം നിരവധിയായിരുന്നു. ഇത്തവണ ഉൽപാദനം കുറഞ്ഞതോടെ കച്ചവടക്കാർ വരാതായി. പേരിന് മാത്രമാണ് പല കവുങ്ങുകളിലും കായ്ഫലമുള്ളത്. ജില്ലയിലെ പ്രധാന കവുങ്ങിൻ തോട്ടങ്ങളിൽ ഉൽപാദനം കുറഞ്ഞതോടെ പരിപാലനവും നിർത്തിവെച്ചിരിക്കുകയാണ്. മഞ്ഞളിപ്പ് രോഗവും വ്യാപകമായി പടർന്നുപിടിക്കുകയാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് അടക്കയുടെ വരവ് നിലച്ചതോടെയാണ് വില കുത്തനെ ഉയർന്നത്. നാണ്യവിളകൃഷികളും മറ്റും നശിച്ചതോടെ കർഷകരുടെ പ്രതീക്ഷയായിരുന്നു കവുങ്ങുകൃഷി. ഉൽപാദനക്കുറവും രോഗബാധയും കർഷകരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുകയാണ്.
ചകിരി നിർമാണ യൂനിറ്റുകളും പ്രതിസന്ധിയിൽ
പുൽപള്ളി: നാളികേരം ഉൽപാദനം കുറഞ്ഞത് ചകിരി നിർമാണ യൂനിറ്റുകളെയും പ്രതികൂലമായി ബാധിക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉൽപാദനം ഗണ്യമായി ഇടിഞ്ഞു. ഇതോടെ തേങ്ങ തൊണ്ട് ഉപയോഗിച്ചുള്ള ചകിരി നിർമാണ യൂനിറ്റുകളുടെ പ്രവർത്തനം പലയിടങ്ങളിലും മുടങ്ങുകയാണ്. വയനാട്ടിൽ ഏക ചകിരി നിർമാണ സംരംഭം പുൽപള്ളി ശശിമലയിലാണുള്ളത്. ഒരു തൊണ്ടിന് 40 പൈസ വിലക്കാണ് വാങ്ങുന്നത്. ആദ്യമെല്ലാം ധാരാളം തൊണ്ട് ലഭിക്കാറുമുണ്ടായിരുന്നു.
എന്നാൽ, ഇപ്പോൾ ദൂരെ സ്ഥലങ്ങളിൽ പോയാണ് തൊണ്ട് ശേഖരിക്കുന്നത്. കൃഷിയിടങ്ങളിൽ വളമായും ഇഞ്ചിക്ക് പുതയിടാനും നഴ്സറി, കോഴിഫാം തുടങ്ങിയ സ്ഥലങ്ങളിലുമെല്ലാം ചകിരിച്ചോറിന്റെ വകഭേദങ്ങൾ ഉപയോഗിക്കുന്നുണ്ട്. തീർത്തും പ്രകൃതിദത്തമായതുകൊണ്ടു തന്നെ ചകിരിച്ചോറിനടക്കം ആവശ്യക്കാർ ഏറെയാണ്. എന്നാൽ തൊണ്ടിന്റെ ലഭ്യത കുറവ് ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് ഉടമ ജോസ്കുട്ടി കവളക്കാട്ട് പറഞ്ഞു. കൊട്ടിയൂർ, കേളകം തുടങ്ങിയ ഭാഗങ്ങളിൽ നിന്നടക്കം തൊണ്ടു കൊണ്ടുവന്നാണ് ഫാക്ടറിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.


