കൊച്ചു മട്ടുപ്പാവിൽ കൃഷിയെന്ന സ്വപ്നം വിളയിച്ച് ഡോണൽ
text_fieldsഡോണൽ മട്ടുപ്പാവിലെ കൃഷിയിടത്തിൽ
പള്ളുരുത്തി: വീടിന് മുറ്റമില്ലെങ്കിലും കൃഷി എന്ന സ്വപ്നം തന്റെ കൊച്ചു മട്ടുപ്പാവിൽ വിശ്രമ ജീവിതത്തിനിടെ വിളയിച്ചിരിക്കുകയാണ് ഇടക്കൊച്ചി സ്വദേശി ഡോണൽ എന്ന അറുപത്തിയഞ്ചുകാരൻ. ഡോണലിന്റെ മട്ടുപ്പാവിൽ പച്ച ആപ്പിൾ, ഡ്രാഗൺ ഫ്രൂട്ട്സ്, വെള്ള ഞാവൽ പഴം തുടങ്ങിയവ തിങ്ങി വിളഞ്ഞ് നിൽക്കുകയാണ്.
അരൂരിൽ കണ്ടെയ്നർ വെൽഡിങ് ജോലിക്കാരനായിരുന്നു പാവുമ്പായി മൂലകടവിൽ പറമ്പിൽ ഡോണൽ. തുടർന്ന് വിശ്രമജീവിതത്തിൽ കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. ഫലങ്ങൾ വിലക്ക് ആർക്കും കൊടുക്കാറില്ല. സമീപവാസികൾക്കും സുഹൃത്തുക്കൾക്കും സൗജന്യമായി നൽകുന്നതാണ് പതിവ്. ആറുമാസം കൂടുമ്പോൾ കായ്ക്കുന്ന തേൻവരിക്ക പ്ലാവും കുരു ഇല്ലാത്ത നാരങ്ങ, കാണാക്കനിയായ ബ്ലാത്തി അമ്പഴങ്ങ, നെല്ലിക്ക എന്നിവയും മട്ടുപ്പാവിൽ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ വലിയ പീച്ചിങ്ങ, പാവക്ക, വെണ്ടക്ക, തക്കാളി, കാന്താരി മുളക് തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.
ഭാര്യ മേബിളും മക്കളും പിന്തുണയുമായി ഡോണലിനൊപ്പമുണ്ട്. ആവശ്യക്കാർക്ക് സൗജന്യമായി ലഭിക്കാൻ ഇദ്ദേഹത്തെ വിളിക്കാം. ഫോൺ: 81379 13559.


