കായൽത്തീരത്ത് മനോഹര ഡ്രാഗൺ പഴത്തോട്ടമൊരുക്കി ദമ്പതികൾ
text_fieldsനൈസാമും ഭാര്യ ജസീനയും ഡ്രാഗൺ പഴത്തോട്ടത്തിൽ
ആറാട്ടുപുഴ: കായംകുളം കായലിന്റെ തീരത്ത് വെള്ളത്തിന്റെ നടുവിലെ മനോഹര കാഴ്ചയൊരുക്കുന്ന ഡ്രാഗൺ പഴത്തോട്ടം ആരെയും അത്ഭുതപ്പെടുത്തും.ദമ്പതികളായ ആറാട്ടുപുഴ കുന്നാണ്ടിശേരിൽ നൈസാമിന്റെയും ഭാര്യ ജസീനയുടെയും ദീർഘനാളത്തെ സ്വപ്നസാക്ഷാത്കാരമാണ് കണ്ണിന് കുളിർമ പകരുന്ന ഈ തോട്ടം.
പ്രതികൂല സാഹചര്യങ്ങളും വെള്ളപ്പൊക്ക ഭീഷണിയും തരണം ചെയ്താണ് ആയിരത്തോളം ഡ്രാഗൺ പഴത്തിന്റെ തൈകൾ ഫലം തരുന്ന പാകത്തിൽ എത്തിനിൽക്കുന്നത്. ന്യൂ ഗ്രാൻഡ് ഇന്റീരിയർ എന്ന പേരിൽ ഇന്റീരിയർ & ഫർണിഷ് കമ്പനി നടത്തുകയാണ് നൈസാം.
ആറാട്ടുപുഴക്കാരനായ നൈസാം ഇപ്പോൾ താമസിക്കുന്നത് കായംകുളത്താണെങ്കിലും കമ്പനിയുടെ വർക്ക്ഷോപ്പ് സ്ഥിതി ചെയ്യുന്നത് ആറാട്ടുപുഴ എം.യു.യു.പി സ്കൂളിന്റെ കിഴക്ക് ഭാഗത്ത് കായൽ തീരത്താണ്. ഒരേക്കറോളം സ്ഥലം ഇവിടെയുണ്ട്. വേലിയേറ്റം ഉണ്ടായാൽ പണി സ്ഥലത്ത് അടക്കം വെള്ളം കയറുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ തെങ്ങ് ഒഴികെയുള്ള മറ്റൊരു കൃഷിയെക്കുറിച്ചും ചിന്തിക്കാനാകാത്ത സാഹചര്യമാണുള്ളത്. ഈ പ്രതികൂല സാഹചര്യത്തെ ആണ് അടങ്ങാത്ത ആഗ്രഹം കൊണ്ട് ദമ്പതികൾ അതിജീവിച്ചത്.
150 ഓളം ഡ്രമ്മുകളിൽ ആണ് കൃഷി തുടങ്ങിയത്. ഇത് വിജയകരമായതോടെ തരിശായി കിടക്കുന്ന സ്ഥലത്ത് പ്രതിസന്ധികളെ അതിജീവിച്ച് ഡ്രാഗൺ പഴത്തോട്ടം ഒരുക്കാൻ ഇരുവരും തീരുമാനമെടുത്തു. ജലാശയത്തോട് ചേർന്നുള്ള വസ്തുവിന്റെ നാല് അതിരിലും പൊക്കത്തിൽ കരിങ്കൽ ചിറകെട്ടി ഓരു വെള്ളം കയറാതിരിക്കാൻ പ്രതിരോധം തീർത്തു. ഗ്രാവൽ ഇറക്കി ഭൂമി തട്ടുനിരപ്പാക്കി. കൃഷി നോക്കാൻ എത്തുമ്പോൾ വിശ്രമിക്കാനായി കായൽ തീരത്ത് താൽകാലിക താമസ സൗകര്യവും നിർമിച്ചു. ലക്ഷങ്ങളാണ് ഇതിനെല്ലാമായി ചെലവഴിച്ചത്.
ആറാട്ടുപുഴ കൃഷിഭവന്റെ ഇടപെടലിൽ എല്ലാവിധ പിന്തുണയും സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ വാഗ്ദാനം ചെയ്തു.പത്തനംതിട്ടയിലുള്ള നഴ്സറിയിൽ നിന്നും 800 ഓളം മലേഷ്യൻ റെഡ് ഇനത്തിൽപ്പെട്ട തൈകൾ വാങ്ങി. ഓരു വെള്ളത്തിന്റെ ഭീഷണി കണക്കിലെടുത്ത് തറനിരപ്പിൽ നിന്നും ഒരടി പൊക്കത്തിലാണ് തൈകൾ നട്ടത്. 2024 മാർച്ചിൽ നട്ട തൈകൾ ഫലം നൽകി തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ദമ്പതികൾ.
വൃശ്ചിക വേലിയേറ്റം അടുത്തതോടെ ഇരുവർക്കും ചെറിയ ആശങ്ക ഇല്ലാതില്ല. മത്സ്യകൃഷിയും പച്ചക്കറിയും ഇതോടൊപ്പം തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഇവർ. ജലസേചനം എന്നും വേണ്ടതില്ല എന്ന സൗകര്യമാണ് ഡ്രാഗൺ പഴം തെരഞ്ഞെടുക്കാൻ കാരണമെന്ന് ജസീന പറഞ്ഞു. ഈ പഴത്തിന് മാർക്കറ്റിൽ ന്യായമായ വില എപ്പോഴും ലഭിക്കുകയും ചെയ്യും. നിരവധി പേരാണ് കേട്ടറിഞ്ഞ് ഇവിടെ സന്ദർശനത്തിന് എത്തുന്നത്.


