വരുമോ വീണ്ടും കരിമ്പനക്കാലം; ചെങ്കലില്‍ കുള്ളന്‍ പനകള്‍ കൃഷിയിറക്കാന്‍ ശ്രമം
text_fieldsകരിമ്പന
പാറശ്ശാല: ചെങ്കല്‍ ഗ്രാമപഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തില്‍ കുള്ളന്പന കൃഷി തുടങ്ങുന്നു. കൃഷിയില്‍ താൽപര്യമുള്ളവര്ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്കി തൈകള്‍ വിതരണം ചെയ്യും. അഞ്ച് മുതല്‍ പത്ത് വർഷം കൊണ്ട് കായ്ക്കുന്ന കുള്ളന്‍ പനകള്‍ കൃഷിക്കായി എത്തിക്കാനുള്ള പരിശ്രമത്തിലാണ് ചെങ്കല്‍ സർവീസ് സഹകരണ ബാങ്ക്. തൈകള്‍ ആവശ്യമുള്ളവര്‍ക്ക് ചെങ്കല്‍ സഹകരണ സംഘം മുന്‍ പ്രസിഡന്റ് സൈമണുമായി ബന്ധപ്പെടാം. ഫോണ്‍: 94474 53370.
ഒരു കാലത്ത് തെങ്ങ് പോലെ തന്നെ കരിമ്പനകളാല് നിറഞ്ഞ പ്രദേശമായി രുന്നു തെക്കന്‍ തിരുവിതാംകൂര്‍. പന കയറ്റുതൊഴിലും കള്ളും അക്കാനിയും കരുപ്പട്ടിയും നൊങ്കും പനങ്കിഴങ്ങും ഉൽപന്നങ്ങളുമായി വിപുലമായ തൊഴില്‍ ശൃംഖലയാണ് പനയെ ചുറ്റിപ്പറ്റി നിലനിന്നിരുന്നത്. കാലക്രമത്തില്‍ പന കയറ്റിന് ആളില്ലാത്തതും പനകള്‍ മുറിച്ചു മാറ്റപ്പെടാന്‍ കാരണമായി. ഇന്ന് അങ്ങിങ്ങ് ഒഴിഞ്ഞ പറമ്പുകളില്‍ ഒറ്റപ്പെട്ട കരിമ്പനകള്‍ കാണാമെങ്കിലും ഗതകാലത്തെ തൊഴിലും വ്യവസായവും തമിഴ്നാട്ടില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. കരുപ്പട്ടിയും പനങ്കര്ക്കണ്ടുമുള്പ്പെടെ വണ്ടികയറി വേണം ഇവിടെയെത്താന്‍.
ചെങ്കല്‍ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തൂത്തുക്കുടിയിലെ പനഗവേഷണ കേന്ദ്രത്തില്‍ ഉൽപാദിപ്പിക്കുന്ന പതിനായിരത്തോളം കുള്ളന്‍ പനയുടെ തൈകളാണ് കൃഷിക്കായി എത്തിക്കുക. തൂത്തുക്കുടിയിലെ കിള്ളികുളം കാര്‍ഷിക കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എ.സി & ആർ.ഐ) പന ഗവേഷണ കേന്ദ്രമാണ് പുതിയ കുള്ളന്പന ഇനങ്ങള്‍ വികസിപ്പിച്ചെടുത്തത്. നീര, പന ശര്‍ക്കര, പന മിഠായി തുടങ്ങിയ പനയുടെ മൂല്യവര്‍ധിത ഉല്പന്നങ്ങള്ക്കായുള്ള ഗുണനിലവാര പരിശോധന ലാബും ഇവിടെ സജ്ജീകരിച്ചു.