ഇത് തനി നാടൻ ജോസേട്ടൻ
text_fieldsജോസ് തന്റെ വിളകൾക്കൊപ്പം
നാടൻ വിത്തുകൾ കണ്ടാൽ പിന്നെ ജോസേട്ടൻ ഒന്നും നോക്കാറില്ല. സ്വന്തമാക്കി പറമ്പിലെത്തിക്കും. 18 വർഷമായി ഈ ശീലം ഒപ്പം കൂടിയിട്ട്. ഇതോടെ, ഒരേക്കർ പറമ്പ് വൈവിധ്യവും പാരമ്പര്യവും നിറഞ്ഞ കിഴങ്ങുകളുടെയും വ്യത്യസ്തമായ വിളകളുടെയും നഴ്സറിയായി മാറി.
അന്യം നിന്ന് പോകുന്നതും വൈവിധ്യവുമാർന്ന വിത്തുകളടക്കം ശേഖരിച്ച് സംരക്ഷിച്ചുവരികയാണ് ഇടുക്കി പെരുവന്താനം പാലൂര്കാവിലെ പനച്ചിക്കൽ പി.ടി. ജോസ്.
നാടൻ വിളകൾ, കിഴങ്ങ്, കപ്പ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ, മത്സ്യങ്ങൾ വരെ പരിപാലിക്കുന്നതിലും കരുതിവെക്കുന്നതിനും ശ്രദ്ധ പുലർത്തുന്നെന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കർഷക കുടുംബത്തിലാണ് ജനനം.
18 വർഷം മുമ്പുള്ള മഴക്കാലത്താണ് കരുതിവെക്കുന്നതിന്റെ ആവേശം കയറിക്കൂടിയതെന്ന് ജോസ് പറയുന്നു. കൊക്കയാര്‍ പഞ്ചായത്തിലെ ഗ്രാമീണ മേഖലയിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു വീട്ടില്‍ പയര്‍ കായ്ച്ചു കിടക്കുന്നത് കണ്ടു. പിന്നീട്, പല തവണ ആ വീടിന് മുന്നിലൂടെ പോകുമ്പോഴും മഴയെയൊക്കെ അതിജീവിച്ച് മിടുക്കനായി പയർ നിൽക്കുന്നു. കാലാവസ്ഥയെ പോലും അതിജീവിക്കുന്നതാണെന്ന് മനസ്സിലാക്കി ആ വീട്ടിലുള്ളവരോട് പയറിന്റെ വിത്ത് ചോദിച്ചുവാങ്ങി സ്വന്തം പറമ്പിലെത്തിച്ചു.
പയറിൽ പാണ്ടുള്ളതിനാൽ പാണ്ടൻ പയറെന്ന് പേരുമിട്ടു. രണ്ടുമൂന്ന് വർഷം ഇതിന് ആയുസ്സുമുണ്ടായിരുന്നു. പിന്നീട്, ആ ശീലം തുടർന്നു. ഒരേക്കർ പറമ്പിൽ തനതായ ഒട്ടേറെ നാടൻ വിളകളെയാണ് സംരക്ഷിക്കുന്നത്.
ചെറുകിഴങ്ങ്, നനകിഴങ്ങ്, മുള്ളൻ കിഴങ്ങ്, അടുതാപ്പ്, നെയ്ചേന തുടങ്ങി പൂർവികർ കൃഷി ചെയ്തിരുന്ന കിഴങ്ങുകളെല്ലാം പറമ്പിലുണ്ട്. ആദിവാസി കുടികളിലെ പാവൽ, നാടൻ പച്ചമുളക്, കുപ്പി മത്തൻ, ഊരാളി മത്തൻ എന്നിവയും ജോസ് പലയിടങ്ങളിൽ നിന്നായി പറമ്പിലെത്തിച്ചു.
ഓരോ വർഷവും ഒരിനമെങ്കിലും ഇത്തരത്തിൽ സംരക്ഷിക്കുന്നുണ്ടെന്ന് ജോസ് പറഞ്ഞു. ഒരു യാത്രയിൽ ആദിവാസികള്‍ കാത്തുസൂക്ഷിക്കുന്ന നെല്ലിന്റെ മുത്തശ്ശി എന്നറിയപ്പെടുന്ന കാട്ടുനെല്ലിനെയും കണ്ടുമുട്ടി. പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുപിടിപ്പിച്ചു. മറ്റുള്ളവര്‍ക്ക് ഈ നെല്ലിനങ്ങളെ പരിചയപ്പെടുത്തണം, കാണിച്ചുകൊടുക്കണമെന്നൊക്കെയുള്ള തോന്നലില്‍ വീട്ടുമുറ്റത്ത് തന്നെയായിരുന്നു വിത്ത് പാകിയത്. കാട്ടുനെല്ലില് കുലയിട്ടു, കതിരായി വന്നു. സാധാരണ നെല്ലിന്റെ പൂവ് മഞ്ഞയാണ്. ഇതിന്റേത് വെള്ളപ്പൂവാണ്. പിന്നീട്, കാലാവസ്ഥ പ്രശ്നം മൂലം നശിച്ചുപോയി. വിത്തുകളെക്കുറിച്ച് പഠിക്കാൻ കാർഷിക വിദഗ്ധരുമൊക്കെ എത്താറുണ്ട്. കുറെ കഷ്ടപ്പെട്ടാണെങ്കിലും സ്വന്തം പറമ്പിലും അയല്‍ക്കാരുടെ പറമ്പിലുമൊക്കെ നിറയെ നാടൻ കാച്ചിലും ചേമ്പുമൊക്കെ ഇപ്പോഴുണ്ടെന്ന് ജോസേട്ടൻ പറയുന്നു.
പൊന്നുള്ളി, ഗരുഡപ്പച്ച, കുരുട്ടുപാവല്‍ തുടങ്ങി പത്തിലേറെ അപൂര്‍വ ഇനം ഔഷധസസ്യങ്ങളും വളര്‍ത്തുന്നുണ്ട്. വെള്ളക്കൂവയും കാട്ടു ഏലവും കൃഷിയുണ്ട്. നാടന്‍ മത്സ്യയിനങ്ങളും സംരക്ഷിക്കുന്നുണ്ട്. പള്ളത്തി, നാടന്‍ വരാല്, കാരി, തിലാപ്പിയ, പരല്‍, മഞ്ഞ ആരകന്‍, കറുത്ത ആരകന്‍ ഇതൊക്കെ കുളത്തിലുണ്ട്. ഓരോന്നും വ്യത്യസ്ത പടുതാകുളത്തിലാണ് വളര്‍ത്തുന്നത്.
പീരുമേട് ബ്ലോക്കിലെ മികച്ച കര്ഷകന്, പഞ്ചായത്തിലെ മികച്ച കര്ഷകന്, നാടന്‍ വിള സംരക്ഷണത്തിന് സംസ്ഥാന കൃഷി വകുപ്പിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്.