കർഷകരുടെ സ്വപ്നം പൂവണിയുന്നു; നെന്മേനിയിൽ കർഷക സംഭരണശാല ഇന്ന് തുറക്കും
text_fieldsകൊല്ലങ്കോട്: 1.05 കോടിയുടെ കർഷക സംഭരണശാല നെന്മേനിയിൽ വ്യാഴാഴ്ച മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലങ്കോട് നെന്മേനി പാടശേഖര നെല്ലുൽപാദക സമിതിക്കായി നിർമിച്ച കാർഷിക സംഭരണശാലയാണ് ഉച്ചക്ക് രണ്ടിന് ഉദ്ഘാടനം ചെയ്യുന്നത്.
നെല്ല് സൂക്ഷിക്കാനും ഉണക്കാനും സൗകര്യമുള്ള 3000 ചതുരശ്ര അടി വിസ്തൃതിയും 3000 ക്വിന്റൽ സംഭരണശേഷിയുള്ളതാണ് സംഭരണശാല. നെൽക്കതിർ അവാർഡ് നേടിയ നെന്മേനി പാടശേഖര നെല്ലുൽപാദക സമിതിയിൽ 147 കർഷകർക്ക് 250 ഹെക്ടറോളം കൃഷിയാണുള്ളത്. മുൻകാലത്ത് നെന്മേനി പാടശേഖര നെല്ലുൽപാദക സമിതി നെല്ല് സംഭരിച്ചതിന്റെ പണത്തിന്റെ ലാഭത്തിൽനിന്നു വാങ്ങിയ സ്ഥലത്താണ് സംഭരണശാല നിർമിച്ചത്.
കെ. രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാകും. കൊല്ലങ്കോട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ സമിതിക്ക് അനുവദിച്ച നെല്ല് ഉണക്കുന്ന യന്ത്രവും കൈമാറുമെന്നു സമിതി പ്രസിഡന്റ് ആർ. കൃഷ്ണകുമാർ, സെക്രട്ടറി പി. രാജൻ, ജോയിന്റ് സെക്രട്ടറി വി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം. സുനിൽകുമാർ, കെ. ശിവാനന്ദൻ, ടി.എൻ. രമേഷ്, എ. ശശീവൻ എന്നിവർ പറഞ്ഞു.