രാഹുൽ ഗാന്ധി വാഗ്ദാനം നൽകി, വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു; റബർ തറവിലയിൽ പ്രതീക്ഷയോടെ കർഷകർ
text_fieldsകേളകം: റബറിന്റെ തറവില 250 രൂപയാക്കിയ ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ റബർ കർഷകർ. 200 രൂപയിൽ നിന്നാണ് 250 രൂപയായി ഉയർത്തിയത്. റബർ തറവില ഉയർത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യു.ഡി.എഫ് വാഗ്ദാനമാണ് നടപ്പാകുന്നത്.
നിലവിൽ ഗ്രേഡ് 4 റബറിന് കിലോഗ്രാമിന് 276 രൂപയാണ് വിപണി വില. ഗ്രേഡ് 5 റബറിന് 271 രൂപയാണ്. 2015 ജൂലൈയിലാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്യത്തിലുള്ള യു.ഡി.എഫ് സർക്കാർ വിലസ്ഥിരതാ ഫണ്ട് എന്നപേരിൽ സബ്സിഡി തുടങ്ങിയത്.
കമ്പോളവിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം കർഷകന്റെബാങ്ക് അക്കൗണ്ട് മുഖേന നൽകുകയായിരുന്നു പദ്ധതി. റബർ ബോർഡിന്റെ സഹകരണത്തോടെ റബർ ഉൽപാദക സംഘങ്ങളെ ഉൾപ്പെടുത്തിയിരുന്ന പദ്ധതിയിൽ നാലു ലക്ഷം പേർ തുടക്കത്തിലുണ്ടായിരുന്നു. ഇപ്പോൾ അംഗങ്ങൾ ഇരുപത് ലക്ഷത്തിലധികമായി. തുടക്കത്തിൽ 150 രൂപ തറ വിലയുണ്ടായിരുന്നത് പിന്നീട് 170 രൂപയായും 200 രൂപയായും വർധിപ്പിച്ചതാണ് നിലവിൽ 250 രൂപയായി വീണ്ടും ഉയർത്തിയത്.
കൂടുതൽ മേഖലകളിൽ റബർ കൃഷി നടത്തുന്നതിന് ധനസഹായം ലഭിക്കുന്ന സർക്കാർ തലത്തിലുള്ള കേര പദ്ധതിയും നിലവിലുണ്ട്. താങ്ങുവില വർധിപ്പിച്ചതോടെ കൂടുതൽ കരുത്തോടെയാണ് കർഷകർ റബർ മേഖലയെ വീണ്ടും സമൃദ്ധമാക്കാൻ ഒരുങ്ങുന്നത്.


