മാലിമുളക് കർഷകർ ദുരിതത്തിൽ
text_fieldsകട്ടപ്പന: ഹൈറേഞ്ചിലെ കർഷകരുടെ ഇടവിളയിൽ പ്രധാനമായ മാലി മുളകിന്റെ വില കുത്തനെ ഇടിഞ്ഞു. 280 രൂപ വരെ വിലയുണ്ടായിരുന്ന മാലി മുളകിന് ഇപ്പോൾ ലഭിക്കുന്നത് കിലോക്ക് 150 രൂപയാണ്. കട്ടപ്പന, നെടുങ്കണ്ടം, തോപ്രാംകുടി, ഇട്ടിത്തോപ്പ്, ചിന്നാർ, കാഞ്ചിയാർ, ഉപ്പുതറ, ഇരട്ടയാർ, ഉടുമ്പഞ്ചോല, അണക്കര, മാട്ടുകട്ട, കോവിൽമല, കാൽത്തൊട്ടി തുടങ്ങിയ മേഖലകളിലാണ് മാലി മുളക് പ്രധാനമായും കൃഷി ചെയ്യുന്നത്.
കുരുമുളക്, കാപ്പി, മരച്ചീനി, ഇഞ്ചി, ഏലം, ഏത്തവാഴ, തുടങ്ങി ഒട്ടുമിക്ക കൃഷികൾക്കും ഇട വിളയായി മാലി മുളക് കൃഷി ചെയ്യുന്നുണ്ട്. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനത്തെ തുടർന്ന് ഉൽപാദനം ഇടിയുകയും പിന്നാലെ വില കുത്തനെ ഇടിയുകയും ചെയ്തതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കിലോഗ്രാമിന് 130 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കട്ടപ്പന, കാഞ്ചിയാർ മാർക്കറ്റുകളിൽ മാലി മുളകിന് ചൊവ്വാഴ്ച ഒരു കിലോഗ്രാമിന് 140 രൂപ മുതൽ 150 രൂപ വരെയാണ് വില കിട്ടിയത്.
സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ വില ഇനിയും താഴാണ് സാധ്യതയെന്നാണ് വിപണിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരു കിലോ മാലി മുളകിന്റെ വില 350 രൂപ വരെ ഉയർന്നിരുന്നു. കഴിഞ്ഞ ജൂണിൽ കിലോഗ്രാമിന് 190 രൂപയായിരുന്നു വില. ജൂണിലെ വിലയുമായി താരതമ്യപ്പെടുത്തിയാൽ കിലോഗ്രാമിന് 40 രൂപയുടെ ഇടിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
രണ്ടായിരത്തിലധികം കർഷകർ; നേരിടുന്നത് കനത്ത നഷ്ടം
ഹൈറേഞ്ചിൽ 2000 ലധികം മാലി മുളക് കർഷകരാണുള്ളത്.10 സെന്റ് മുതൽ നാലേക്കർ വരെ കൃഷിയുള്ള കർഷകരുണ്ട്. ഏലം, കാപ്പി, കുരുമുളക്, മരച്ചീനി എന്നിവയുടെ ഇടവിളയായും തനതു കൃഷിയായും മാലി മുളക് നട്ട് പരിപാലിക്കുന്നവരുണ്ട്. സാധാരണയായി ജൂൺ മുതൽ മാർച്ച് വരെയാണ് മാലി മുളകിന്റെ സീസൺ. ഈ വർഷം ജൂൺ മുതൽ ആരംഭിച്ച കനത്ത കാലവർഷത്തെ തുടർന്ന് മാലി മുളക് കൃഷിക്ക് കനത്ത നാശം നേരിട്ടിരുന്നു. ഇല മുരടിപ്പ് രോഗവും അഴുകലും മുലം ഒട്ടേറെ കർഷകരുടെ ചെടി നശിച്ചു. ഇതോടെ ഉല്പാദനം കുത്തനെ താഴ്ന്നു.
ആഴ്ചയിൽ രണ്ട് ദിവസമാണ് മാലി മുളക് വിളവെടുക്കുന്നത്. ആ ദിവസങ്ങളിൽ രണ്ട് മുതൽ പത്ത് ടൺ വരെ കയറ്റി അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ നാലോ അഞ്ചോ ക്വിന്റൽ മാത്രമാണ് മാർക്കറ്റിൽ എത്തുന്നത്. ഇതോടെ മാലി മുളകിന് ഡിമാൻഡ് ഉയരേണ്ടതാണ്. എന്നാൽ വിലയിടിവ് തുടരുന്നത് കർഷകർക്ക് കനത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
നവംബർ - ഡിസംബർ മാസത്തോടെ വില വർധന ഉണ്ടാകുമെന്നാണ് മാലിമുളക് കർഷകർ പറയുന്നത്. എന്നാൽ ഇപ്പോൾ കൃഷിയിറക്കിയിരിക്കുന്ന കർഷകർ കനത്ത നഷ്ടമാണ് നേരിടുന്നത്. കിലോഗ്രാമിന് 200 രൂപയെങ്കിലും കിട്ടിയാലേ കൃഷി ലാഭകരമായി കൊണ്ടുപോകാനാവു.
മാലി ദീപിലെ ജനങ്ങളുടെ ദൈനംദിന ആഹാര ക്രമത്തിൽ മാലി മുളകിന് നിർണായക സ്വാധീനമുണ്ട്. തീൻമേശയിലെ ഒരു വിശിഷ്ട വിഭവമാണിത്. നല്ല വലുപ്പവും അതിരുക്ഷ കുത്തലും എരിവുമുള്ള മാലി മുളകിനാണ് മാർക്കറ്റിൽ പ്രിയം. തൈരുമുളക് നിർമാണത്തിനും അച്ചാറുകൾ ഉണ്ടാക്കാനും കറികളിൽ ചേർക്കാനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
മാലി ദ്വീപിൽ ഈ മുളകിന് കിലോഗ്രാമിന് 300 രൂപ മുതൽ 400 രൂപ വരെ വിലയുണ്ട്. ഇപ്പോഴുണ്ടായ വിലയിടിവ് അധികകാലം നീണ്ടു നിൽക്കാനിടയില്ല. അടുത്ത വർഷം ആരംഭത്തോടെ വില വർധനവ് ഉണ്ടാകുമെന്നും കൃഷി ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.


