അക്ഷയ് കൃഷ്ണക്ക് കൃഷി കുട്ടിക്കളി
text_fieldsഅക്ഷയ് കൃഷ്ണ വിളയിപ്പിച്ച കുക്കുമ്പറുമായി
അരൂർ: നാലാം ക്ലാസുകാരനാണ് അക്ഷയ് കൃഷ്ണ. മുറ്റത്തെ ഇത്തിരി സ്ഥലമാണ് അക്ഷയിന്റെ കളിസ്ഥലം. ആ സ്ഥലത്ത് കുക്കുമ്പറും മുളകും കപ്പയും മറ്റും കൃഷി ചെയ്യുന്നതാണ് അക്ഷയുടെ കുട്ടിക്കളി. അരൂർ പ്രോജക്ട് കോളനിക്കടുത്ത് പടിഞ്ഞാറെ കൈതവളപ്പിൽ അനിക്കുട്ടന്റെയും രജിതയുടെയും ഇളയ മകനാണ് അക്ഷയ് കൃഷ്ണ. അരൂർ സെന്റ് അഗസ്റ്റിൻസ് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഈ കുട്ടികർഷകൻ.
അംഗൻവാടി പഠനം മുതൽ കൃഷിയിൽ താൽപര്യമുണ്ടെന്ന് മാതാവ് പറയുന്നു. അമ്മവീട്ടിൽ പോകുമ്പോഴൊക്കെ പച്ചക്കറി വിത്തുകൾ കൊണ്ടുവരുക പതിവാണ്. വിത്തുകൾ ചെടിച്ചട്ടിയിലും മറ്റും വിതച്ച് മുളപ്പിച്ച് വലുതാക്കി കായ്ഫലം ഉണ്ടാക്കുന്നതാണ് അക്ഷയ് കൃഷ്ണയുടെ വിനോദം. മൂത്ത മകൻ അശ്വിൻ കൃഷ്ണക്ക് ചിരട്ടകളിലും മറ്റും കൗതുകവസ്തുക്കൾ ഉണ്ടാക്കുന്നതിലാണ് താൽപര്യം. കൃഷിയിൽ അക്ഷയ് കൃഷ്ണയുടെ കൗതുകം കണ്ടെത്തിയപ്പോൾ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചതെന്ന് മാതാവ് പറഞ്ഞു.
വെണ്ട, വഴുതനങ്ങ, തക്കാളി കപ്പ, കുക്കുമ്പർ, കാന്താരി മുളക്, പച്ചമുളക് തുടങ്ങി വീടിന്റെ മുറ്റത്തെ ഇത്തിരി സ്ഥലത്ത് വെട്ടിയും കിളച്ചും നനച്ചും അവധിക്കാലം അക്ഷയ് കൃഷ്ണ ആഘോഷമാക്കി. ഞായറാഴ്ച ചിങ്ങം ഒന്നിന് അരൂർ പഞ്ചായത്തിലെ മുതിർന്ന കർഷകരോടൊപ്പം കുട്ടിക്കർഷകനെയും കൃഷിഭവൻ ആദരിക്കും.