ചേലാണീ ചെണ്ടുമല്ലി
text_fieldsപോത്താനിക്കാട്ടെ നവശ്രീ കുടുംബശ്രീ അംഗങ്ങൾ ചെണ്ടുമല്ലി തോട്ടത്തിൽ
പ്രതികൂല കാലാവസ്ഥയിലും ചെണ്ടുമല്ലി കൃഷിയിൽ വിജയത്തിന്റെ പൂമണം വിരിയിച്ച് പോത്താനിക്കാട്ടെ നവശ്രീ കുടുംബശ്രീ അംഗങ്ങൾ. മേയിൽ ആരംഭിച്ച മഴ ആഗസ്റ്റ് അവസാനംവരെ തുടർന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയെങ്കിലും പൊന്നിൻചിങ്ങമാസ പുലരിക്ക് മുന്നേ ചെണ്ടുമല്ലികളിൽ മൊട്ട് വിരിയാൻ തുടങ്ങിയതോടെ അവരുടെ പ്രതീക്ഷകളും പൂവിട്ടു.
10 അംഗങ്ങളുള്ള കുടുംബശ്രീ യൂനിറ്റിൽ ഉഷ ഭാസ്കരന്റെ നേതൃത്വത്തിലാണ് കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. വിവിധയിനം ചെണ്ടുമല്ലി പൂക്കൾകൊണ്ട് സമ്പന്നമാണ് തോട്ടം. വിവിധയിനം കൃഷികൾ ചെയ്തുവരുന്ന ഈ കർഷക കൂട്ടായ്മ ഈ വർഷം പോത്താനിക്കാട് കൃഷിഭവന്റെയും സി.ഡി.എസിന്റെയും സഹകരണത്തോടെയാണ് പൂകൃഷിക്ക് തുടക്കംകുറിച്ചത്.
കൃഷിഭവൻ നൽകിയ ചെണ്ടുമല്ലി തൈകൾ 60 സെന്റ് സ്ഥലത്ത് നിലമൊരുക്കി നടുകയായിരുന്നു. തൈ നട്ട് 60 ദിവസം പിന്നിട്ടപ്പോഴേക്കും പൂവിരിഞ്ഞു തുടങ്ങി. തോരാമഴയിൽ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് പോലെയാണ് ചെണ്ടുമല്ലി കൃഷി നോക്കിനടത്തിയതെന്ന് കുടുംബശ്രീ അധ്യക്ഷ സിജി ജോർജ് പറഞ്ഞു.
ചെണ്ടുമല്ലി ചെടികളുടെ പരിചരണത്തിന് പോത്താനിക്കാട് കൃഷി ഓഫിസർ ബോസ് മത്തായി ആവശ്യമായ നിർദേശങ്ങൾ സമയാസമയങ്ങളിൽ നൽകിക്കൊണ്ടിരുന്നു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കൾ ധാരാളം വിടർന്നുനിൽക്കുന്ന തോട്ടത്തിൽ പൂക്കൾ കാണാനും ഫോട്ടോ എടുക്കാനും നാട്ടുകാരും എത്തിത്തുടങ്ങിയതോടെ വിളവെടുപ്പിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് ഉഷയും സംഘവും. തോട്ടത്തിൽനിന്ന് പറിച്ചെടുക്കുന്ന പൂക്കൾ അവിടെത്തന്നെ വിൽപന നടത്താനാകുമെന്ന വിശ്വാസത്തിലാണ് കുടുംബശ്രീ അംഗങ്ങൾ.