പനംകുട്ടി പള്ളിയങ്കണത്തിൽ ചെണ്ടുമല്ലി പൂക്കാലം
text_fieldsപനംകുട്ടി പള്ളിയങ്കണത്തിലെ ചെണ്ടുമല്ലി തോട്ടം
ചെറുതോണി: പനംകൂട്ടി പള്ളിയിൽ ഓണക്കാലത്ത് ചെണ്ടുമല്ലി പൂക്കാലം. കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടി സെൻറ് ജോസഫ് പള്ളിയങ്കണത്തിൽ ഓണത്തപ്പനെ വരവേൽക്കാൻ നൂറു കണക്കിന് ചെണ്ടുമല്ലിപൂക്കൾ വിരിഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ പള്ളിയുടെ ചുറ്റിലുമായി ഇടവകവികാരി ഫാ. ജോസഫ് പൗവ്വത്തിലിന്റെ നേതൃത്വത്തിൽ 250 ചെടിച്ചട്ടികളിൽ നട്ട ചെണ്ടുമല്ലികളാണ് ഈഓണക്കാലത്ത് പൂവിട്ടു നിൽക്കുന്നത്.
ചെടികൾ നടാനും പരിപാലിക്കാനും പള്ളിയിലെ തന്നെ ഭക്തസംഘടനകളായ കെ.സി.വൈ.എം ലെയും മിഷൻ ലീഗിലേയും യുവതീ യുവാക്കൾ, മാതൃവേദിയിലെ അമ്മമാർ, തിരുബാലസംഖ്യത്തിലെ കുട്ടികൾ തുടങ്ങിയവരെല്ലാം സഹായികളായി.രാജകുമാരി ഫെഡറേറ്റഡ് നേഴ്സറിയിൽ നിന്നാണ് തൈകൾ വാങ്ങിയത്.ഓണക്കാലമായതോടെ പൂക്കളമൊരുക്കാൻ നിരവധി പേരാണ് പള്ളിയിലെത്തുന്നത്.എട്ടുനോമ്പ് തിരുനാളിൽ പള്ളികളിൽ അലങ്കരിക്കാനും ചെണ്ടുമല്ലിപൂവുകൾ നേരത്തെ ബുക്കുചെയ്യുന്നവരുണ്ട്.മഞ്ഞ,ഓറഞ്ച് നിറത്തിലുള്ള പൂക്കളാണ്
പള്ളിയങ്കണത്തിൽ വിരിഞ്ഞുനിൽക്കുന്നത്.പള്ളിയിൽ ചെണ്ടുമല്ലികൾ പൂവിട്ടു നിൽക്കുന്ന കാഴ്ച പനംകൂട്ടിയിൽ എത്തുന്നവർക്കും വിസ്മയം പകരുകയാണ്. ഇടുക്കി അടിമാലിറൂട്ടിൽ പനംകുട്ടിയിൽ നിന്നും ചപ്പാത്തു വഴി അര കിലോമീറ്റർ നടന്നാൽ പള്ളിസിറ്റിയിലെത്താം. പൂക്കൾ വാങ്ങാൻ മാത്രമല്ല ഈ മനോഹരകാഴ്ച മൊബൈലിൽ പകർത്താനും പൂക്കളുടെ നടുവിൽ നിന്നു ഫോട്ടോയെടുക്കാനും എത്തുന്നവരും കുറവല്ല. കമ്പിളികണ്ടം, മങ്കുവ പാറത്തോട്, പണിക്കൻകുടി, മുനിയറ മുരിക്കാശേരി, ഇടുക്കി അടിമാലി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെല്ലാം ഇവിടെ ആളുകളെത്തുന്നുണ്ട്. ഹൈറേഞ്ചിൽ അപൂർവം സ്ഥലങ്ങളിൽ മാത്രമെ ചെണ്ടുമല്ലി കൃഷിയുള്ളു.