അസമിലെ ഉൾനാടുകളിൽ മാത്രമല്ല തത്തപ്പള്ളിയിലും വിളയും ഗന്റോല പാവൽ
text_fieldsഷൈൻ കൃഷിയിടത്തിൽ
പറവൂർ: അസമിലെ വനമേഖലകളിലും ഉൾനാടുകളിലും കൃഷി ചെയ്യുന്ന ഗന്റോലയെന്ന കാട്ടുപാവൽ മലയാള മണ്ണിലും വേരുറപ്പിക്കുന്നു. പറവൂർ തത്തപ്പള്ളിയിലാണ് കൃഷിക്ക് തുടക്കം കുറിച്ചത്. വലിയാറ വീട്ടിൽ ഷൈനിെൻറ തോട്ടത്തിലെ ഗന്റോലയെന്ന കാട്ടുപാവൽ കാണാനും കൃഷിരീതി അറിയാനും നിരവധി പേരാണ് സംസ്ഥാനത്തുനിന്നും പുറത്തുനിന്നുമായി എത്തുന്നത്. പ്രവാസിയായിരുന്ന ഷൈൻ ഗൾഫ് ജീവിതം മതിയാക്കി 2006ലാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഒരേക്കർ ഭൂമിയിൽ പല വിധത്തിലെ കൃഷികൾ ആരംഭിച്ച ഷൈൻ വളരെ വേഗം തന്നെ ചുവടുറപ്പിച്ചു. കൃഷി ചെയ്ത എല്ലാ ഇനങ്ങളിലും നൂറുമേനി വിജയം നേടിയതോടെ പുതിയ കൃഷിരീതികളും അവലംബിച്ചു. അങ്ങനെയാണ് അസമിലെ വനങ്ങളിലും ഉൾനാടുകളിലും കൃഷി ചെയ്യുന്ന കാട്ടുപാവൽ കൃഷിയെക്കുറിച്ച് അറിഞ്ഞത്.
അന്തർസംസ്ഥാന തൊഴിലാളിയാണ് വിത്തുകൾ സമ്മാനിച്ചത്. ഷൈൻ കൃഷിയിടത്തിൽ നട്ടുവളർത്തി പൂക്കളുണ്ടാക്കി, പൂക്കളിലെ പരാഗരേണുക്കളെ ശേഖരിച്ച് കൃത്രിമ പരാഗണം നടത്തിയാണ് കാട്ടുപാവൽ വിളയിച്ചത്. കിലോക്ക് 300 രൂപ വിലയുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ നാല് മുതൽ അഞ്ച് കിലോ കാട്ടുപാവൽ വിളവ് ലഭിച്ചു. ഗള്‍ഫ് നാടുകളില്‍ വന്‍ ഡിമാൻഡാണ് ഇതിനെന്ന് അദ്ദേഹം പറഞ്ഞു. മഴക്കാലത്ത് നല്ല വിളവുതരുന്ന അപൂർവയിനം പച്ചക്കറികളിലൊന്നാണ് ഗന്റോല. ബംഗ്ലാദേശുകാരാണ് ഗള്‍ഫിലെത്തിച്ച് പണം കൊയ്യുന്നത്. പാവക്കയെക്കാൾ കൂടുതൽ ഫോസ്ഫറസ്, അയൺ, പൊട്ടാഷ്, വൈറ്റമിൻസ്, മിനറൽസ് എല്ലാം കാട്ടുപാവലിൽ അടങ്ങിയിട്ടുണ്ട്.