ഇഞ്ചി വില ഉയരുന്നു; കർഷകർക്ക് പ്രതീക്ഷ
text_fieldsപുൽപള്ളി: ഇഞ്ചി വിലയുയരുന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നു. കഴിഞ്ഞവർഷം ഈ സമയത്ത് 1000 രൂപയായിരുന്നു ഒരു ചാക്ക് ഇഞ്ചിയുടെ വില. ഇപ്പോൾ അത് 2600 രൂപവരെയെത്തി. കീടബാധ കാരണം ഉൽപാദനം കുറഞ്ഞതിനാൽ വിലയുയരുമെന്ന പ്രതീക്ഷയിലാണ് കർഷകരുള്ളത്. വയനാട്ടിലെ മറ്റു കൃഷികൾ തകർന്നതിനെ തുടർന്ന് നിരവധി കർഷകർ ഇഞ്ചി കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു ചാക്ക് ഇഞ്ചിക്ക് 13,000 രൂപ വരെ വില ലഭിച്ചിരുന്നു.
പിന്നീട് വില കുറയുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി വില കുറവാണ്. ഭീമമായ നഷ്ടമാണ് പല കർഷകർക്കും ഉണ്ടായത്. പലരും കടക്കെണിയിലായി. ഇക്കാരണത്താൽ ഈ സീസണിൽ ഇഞ്ചി കൃഷി ചെയ്യുന്ന കർഷകരുടെ എണ്ണം കുറവായിരുന്നു. പൈലക്കുറേലിയ എന്ന രോഗം ബാധിച്ച് ഹെക്ടർ കണക്കിന് കൃഷിയാണ് നശിച്ചത്. നിരവധി കർഷകർ മരുന്നുകൾ പ്രയോഗിച്ച് കൃഷി സംരക്ഷിച്ചു.
ഇത്തരക്കാർക്ക് ഇഞ്ചിയുടെ വില ഉയരുന്നത് അനുഗ്രഹമാകും. വൻ പാട്ടത്തുകയും കൂലി ച്ചെലവുകളും രോഗബാധയും മൂലം കൈവെടിഞ്ഞ ഇഞ്ചി കൃഷി മേഖലക്ക് പുത്തൻ ഉണർവാണ് വില വർധനയിലുണ്ടാവുന്നത്. വരും നാളുകളിൽ വില ഇനിയും ഉയരുമെന്നാണ് സൂചന.


