തിരുമുറ്റത്തൊരുകോണിൽ നിൽക്കുന്നൊരാനെല്ലി...
text_fieldsനാലിലാംകണ്ടം ഗവ. യു.പി സ്കൂളിൽ നെല്ലിക്കവിളവെടുപ്പുത്സവം രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്യുന്നു.
ചെറുവത്തൂർ: നാലിലാംകണ്ടത്ത് നെല്ലിക്ക വിളവെടുപ്പുത്സവം നടത്തി. ചീമേനി നാലിലാംകണ്ടം ഗവ. യു.പി സ്കൂളിലാണ് നെല്ലിക്ക ഉത്സവം നടത്തിയത്. നെല്ലിക്ക മൂത്ത് വിളഞ്ഞുകഴിഞ്ഞാൽ ഇവിടെ വിളവെടുപ്പുത്സവമായാണ് നടത്തുന്നത്. 20 വർഷമായി വിദ്യാലയത്തിൽ ഇത്തരത്തിൽ നെല്ലിക്ക വിളവെടുപ്പ് നടക്കുന്നുണ്ട്.
ഉത്സവപ്രതീതിയോടെയാണ് വിളവെടുപ്പുത്സവം നടത്തിയത്. രക്ഷിതാക്കളിൽ ചിലർ തോട്ടിയുമായി മരത്തിന് മുകളിൽ കയറി നെല്ലിക്കകൾ ഉതിർത്തിട്ടു. നാലിലാംകണ്ടം ഗവ. യു.പി സ്കൂള്‍ മുറ്റത്തെ നെല്ലിമരങ്ങളില്നിന്ന് 200 കിലോയോളം നെല്ലിക്ക വിളവെടുത്തു. ജൈവവൈവിധ്യ ഉദ്യാനം എന്നസങ്കല്പം രൂപപ്പെടും മുമ്പേ ഈ വിദ്യാലയപരിസരം മരങ്ങളാല്‍ സമ്പന്നമാണ്. അധികവും നെല്ലിമരങ്ങളാണ്. എല്ലാം നന്നായി കായ്ക്കുന്നവ. കുട്ടികള്‍ക്ക് ആവശ്യത്തിന് നെല്ലിക്കകള്‍ മരങ്ങള്‍ക്ക് ചുവട്ടില്‍ നിന്നുതന്നെ ലഭിക്കും. പറിച്ചെടുക്കുന്ന നെല്ലിക്കകള്‍ തുല്യമായി കുട്ടികള്‍ക്ക് വീതിച്ചുനൽകി. വിളവെടുപ്പ് ദിവസം വിദ്യാർഥികളുടെ മനസ്സിൽ മധുരമുള്ള ഓർമകൾകൂടിയാണ് ബാക്കിയാകുന്നത്. വിളവെടുപ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു.


