മോര് മുതൽ ഛന്നാമുർഗിവരെ; പാലിന്റെ മൂല്യം കൂട്ടി ആദായം നേടാം
text_fieldsആരിഫ തന്റെ ഡയറി ഫാമിൽ
അഞ്ചുലിറ്റർ നറുംപാൽ പ്രാദേശിക വിപണിയിൽ വിൽപന നടത്തിയാൽ ലിറ്ററിന് 60 രൂപനിരക്കിൽ 300 രൂപവരെ വില കിട്ടും. എന്നാൽ ഈ വരുമാനം ഇരട്ടിയാക്കാൻ ഒരുവഴിയുണ്ട്. നറുംപാലിനെ പനീറാക്കണമെന്ന് മാത്രം. പാല് ചൂടാക്കി ആസിഡ് ഉപയോഗിച്ച് പിരിച്ച് വെള്ളം വാർത്തെടുത്തുണ്ടാക്കുന്ന രുചികരമായ പാലുൽപന്നമാണ് പനീർ.
പാലില്നിന്നുള്ള ഇറച്ചി എന്ന വിളിപ്പേര് പോലും ഈ മൂല്യവർധിത പാലുൽപന്നത്തിനുണ്ട്. ഒരു കിലോ പനീർ നിർമിക്കാൻ അഞ്ച് ലിറ്ററോളം പാൽ വേണ്ടതുണ്ട്. എന്നാൽ പനീറായി മാറുമ്പോൾ പാലിനെക്കാൾ ഇരട്ടിയായി വിലയുയരും. ഒരു കിലോ പനീറിന് പ്രാദേശിക വിപണിയിൽ ഇന്ന് 600 രൂപവരെ വിലകിട്ടും.
പാലിന്റെ മൂല്യം കൂട്ടി ആദായം നേടുന്ന ഈ മാതൃക സംരംഭമാക്കി മുന്നേറുന്ന വനിതാ ക്ഷീരസംരംഭകയാണ് കാസർകോട് ഉദുമ പഞ്ചായത്തിലെ മൂലയിൽ വീട്ടിൽ ആരിഫ ഷമീർ. പനീർ മാത്രമല്ല, മുപ്പതിലധികം പാലുൽപന്നങ്ങളാണ് ആവശ്യക്കാരുടെ താൽപര്യമനുസരിച്ച് തരാതരം പോലെ തയാറാക്കി, മനോഹരമായി പാക്കും ലേബലും ചെയ്ത്, ആരിഫയുടെ സംരംഭത്തിൽനിന്ന് വിപണിയിൽ എത്തുന്നത്. ഈ പാലുൽപന്നങ്ങൾക്ക് മിൽക്കാസ് എന്ന സ്വന്തം ബ്രാൻഡിങ്ങുമുണ്ട്.
വഴികാട്ടിയായത് കോഴിക്കോട്ടെ ക്ഷീരപരിശീലനകേന്ദ്രം
അഞ്ച് വർഷം മുമ്പ് പാലിന് ഒരു ലിറ്ററിന് ശരാശരി 38 രൂപയായിരുന്നു ആരിഫക്ക് കിട്ടിയിരുന്നത്. പശുവളർത്തലിലെ അധ്വാനവും ആയാസവും വെച്ചുനോക്കുമ്പോൾ പാലിന് കിട്ടുന്ന ആ തുക പോരാ എന്ന് തോന്നലിൽനിന്നാണ് കൂടുതൽ ആദായമുണ്ടാക്കാൻ ചില പാലുൽപന്നങ്ങളിലേക്ക് ആരിഫ കടക്കുന്നത്. തുടക്കം എന്ന നിലയിൽ തൈരും മോരും പനീറുമൊക്കെ തയാറാക്കി നാട്ടിൽതന്നെ വിപണനം നടത്തി. ആരിഫയുടെ താൽപര്യം കണ്ടറിഞ്ഞാണ് ക്ഷീരവികസന ഉദ്യോഗസ്ഥർ കോഴിക്കോട് ബേപ്പൂർ നടുവട്ടത്ത് പ്രവർത്തിക്കുന്ന ക്ഷീരകർഷക പരിശീലനകേന്ദ്രത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നത്. ഇവിടെനിന്ന് വിവിധങ്ങളായ പാലുൽപന്നങ്ങൾ നിർമിക്കുന്നതിൽ ലഭിച്ച പരിശീലനമാണ് ഈ യുവ ക്ഷീര കർഷകയുടെ ഉള്ളിലെ സംരംഭകയെ തേച്ചുമിനുക്കിയെടുത്തത്.
സ്വന്തം പശുക്കളുടെ പാലിൽനിന്ന് മാത്രമാണ് പാലുൽപന്നങ്ങൾ ആരിഫ നിർമിക്കുന്നത്. അതിനാൽ ഉയർന്ന ഉൽപാദനമികവുള്ള സങ്കരയിനം ഹോൾസ്റ്റൈൻ ഫ്രീഷ്യൻ പൈക്കളാണ് ഇവിടെ ഉള്ളതിൽ ഭൂരിഭാഗവും. 25 ലിറ്റർവരെ ദിവസം പാൽ ചുരത്തുന്ന പശുക്കൾ ആരിഫയുടെ ഫാമിലുണ്ട്. കറവയന്ത്രം, ഇടതടവില്ലാതെ കുടിവെള്ളം ലഭ്യമാക്കാൻ ഓട്ടോമാറ്റിക് വാട്ടർ ബൗൾ, പ്രഷർവാഷർ, ഫാനുകൾ തുടങ്ങിയ സംവിധാനങ്ങൾ ഫാമിലുണ്ട്. ആറ് കറവപ്പശുക്കളും അത്രതന്നെ കിടാക്കളും കിടാരികളുമാണ് ഇവിടെയുള്ളത്. മുമ്പ് 120 ലിറ്ററിലധികം പ്രതിദിനം ലഭിച്ചിരുന്നു. നിലവിൽ 60 ലിറ്ററാണ് ഉൽപാദനം.
നറുംപാൽ ചില്ലറ വിൽപന കഴിച്ച് ബാക്കിയെല്ലാം ഉൽപന്നങ്ങളാക്കി മാറ്റാൻ ബാക്കിവെക്കുന്നതാണ് ആരിഫയുടെ രീതി. പച്ചപ്പുല്ല് വെട്ടി ഉണക്കി സൂക്ഷിച്ച് തയാറാക്കുന്ന സൈലേജാണ് പശുക്കളുടെ പ്രധാന തീറ്റ. ചാണകം ഉണക്കി പൊടിക്കുന്ന ഡ്രയറും ഫാമിൽ ഒരുക്കിയിട്ടുണ്ട്. ചാണകപ്പൊടി 50 കിലോക്ക് 500 രൂപവരെ വിലകിട്ടും.
പാലിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണവും വിപണനവുമാണ് ലക്ഷ്യമെങ്കിൽ കുറേക്കൂടി ശ്രദ്ധിക്കാനുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ നിർബന്ധമാണ്. വിപണിയിൽ ശ്രദ്ധകിട്ടാൻ നല്ല പേരും ബ്രാൻഡിങ്ങും മികച്ച പാക്കേജിങ്ങുമെല്ലാം വേണം. അങ്ങനെയാണ് സംരംഭത്തിന് മിൽക്കാസ് ഡെയറി എന്ന് പേരിടുന്നത്. പാലമൃതൂട്ടും മിൽക്കാസ് എന്നൊരു ടാഗ് ലൈനും നൽകി.
പാലിൽനിന്ന് തയാറാക്കി ആരിഫ വിപണിയിലെത്തിക്കുന്ന ഉൽപന്നങ്ങളുടെ പട്ടിക കേട്ടാൽ ആരും അതിശയിക്കും. തൈര്, മോര്, സംഭാരം, വിവിധ രുചികളിൽ ലെസി, ശ്രീകണ്ഡ്, പേഡ, പനീർ, പനീർ ഉപയോഗിച്ചുള്ള ഛന്നാമുർഗി തുടങ്ങിവയാണ് തുടക്കത്തിൽ നിർമിച്ചിരുന്നത്. പിന്നീട് പനീർ ഫിംഗേഴ്സ്, പനീർ ബോൾസ്, അച്ചാർ, പനീർ കട്ട്ലറ്റ്, പനീർ ലോലിപോപ്പ്, പനീർ പിക്കിൾ, പനീർ കേക്ക്, പനീർ സ്നാക്സ്, പനീർ പോപ്കോൺ,പനീർ നഗട്ട്, പനീർ സ്റ്റിക്സ്, പനീർ ഫിഷ് ബോൺ തുടങ്ങി പലതരം പാൽ രുചികൾ പനീറിൽ നിന്നുമാത്രം തയാറാക്കുന്നു. സ്പൈസി ബട്ടർമിൽക്ക്, ബർഫി, പേഡ, കോക്കനട്ട് ബർഫി, കുൽഫി, ഗുലാബ് ജാമുൻ, യോഗർട്ട്, ബട്ടർ, മിൽക്ക് ഹൽവ, കോവ കേക്ക്, മിൽക്ക് ചോക്കലേറ്റ് അങ്ങനെ തുടങ്ങി മിൽക്കാസ് വിപണിയിൽ എത്തിക്കുന്ന പാലുൽപന്നങ്ങളുടെ പട്ടിക നീളുന്നു. നിർമാണം എളുപ്പമാക്കാൻ മൾട്ടി പർപ്പസ് മിൽക്ക് പ്രൊഡക്ട് മെഷീൻ അടക്കം ഉപകരണങ്ങളുടെ സഹായവുമുണ്ട്.
പനീർ, ബർഫി, തൈര്, സംഭാരം, പേഡ എന്നിവയെല്ലാം എപ്പോഴും ആവശ്യക്കാരുള്ള ഉൽപന്നങ്ങളാണ്. കൂടുതൽ ആവശ്യക്കാരുള്ള മറ്റൊരു ഉൽപന്നം നെയ്യാണ്. 800 ഗ്രാം നറുനെയ്യ് 1200 രൂപ നിരക്കിലാണ് വിൽക്കുന്നത്. പ്രവാസികൾ കൊണ്ടുപോകാനായി നറുനെയ്യ് ആവശ്യപ്പെട്ട് വരാറുണ്ടെന്ന് പറയുമ്പോൾ ആരിഫയുടെ മുഖത്ത് അഭിമാനത്തിന്റെ പാൽതിളക്കം. ഫേസ്ബുക്ക് പേജും വാട്സ്ആപ്പും വാട്സ്ആപ് സ്റ്റാറ്റസുമെല്ലാം വിപണനത്തിന് ഉപയോഗിക്കുന്നു. ഉൽപന്ന നിർമാണത്തിനായി ഉദുമ പഞ്ചായത്ത് കുടുംബശ്രീയുടെ സഹായത്തോടെ നാട്ടിൽ ഒരു ചെറിയ കടയും സജ്ജമാക്കിയിട്ടുണ്ട്. പാലുൽപന്നങ്ങൾ സൂക്ഷിക്കാൻ ചില്ലർ ഉൾപ്പെടെ സംവിധാനങ്ങൾ ഇവിടെയുണ്ട്. ആരിഫയുടെ സംരംഭത്തിന് പൂർണ പിന്തുണയുമായി ഭർത്താവും അധ്യാപകനുമായ ഷമീറും മക്കളും ഒപ്പമുണ്ട്.