ഇഞ്ചിയിലെ രോഗബാധ; പ്രതിരോധ നിർദേശവുമായി സുഗന്ധവിള ഗവേഷണ കേന്ദ്രം
text_fieldsകോഴിക്കോട്: ഇഞ്ചിക്കർഷകരുടെ തലവേദനയായ ഇലപ്പുള്ളി രോഗത്തിന് പ്രതിരോധ നടപടികളുമായി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം. വയനാട് ജില്ലയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത രോഗം കർഷകരുടെ ആശങ്ക വർധിപ്പിച്ച സാഹചര്യത്തിലാണ് പ്രതിരോധ നിർദേശം.
പൈറിക്കുലേറിയ (Pyricularia spp.) എന്ന കുമിൾ മൂലമാണ് രോഗമുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. വിത്തുകൾ നടുന്നതിനുമുമ്പ് പ്രൊപികോണാസോൾ (Propiconazole) ഒരു മില്ലി/ലിറ്റർ അല്ലെങ്കിൽ കാർബെണ്ടാസിം (Carbendazim) മാങ്കോസെബ്ബ് (Mancozeb) എന്നിവ രണ്ട് ഗ്രാം/ലിറ്റർ ലായനിയിൽ വിത്തുകൾ അരമണിക്കൂർ മുക്കിവെക്കുന്നതാണ് ഉചിതം.
കൂടാതെ, പ്രതിരോധ നടപടിയെന്ന നിലയിൽ പ്രൊപികോണാസോൾ അല്ലെങ്കിൽ ടെബുകൊണസോൾ (Tebuconazole) 1 മില്ലി/ലിറ്റർ ചേർത്തുള്ള കുമിൾനാശിനി സ്പ്രേ ചെയ്യുന്നതും രോഗസാധ്യത കുറക്കാൻ സഹായിക്കും.
10-15 ദിവസത്തെ ഇടവേളയിൽ അതേ കുമിൾനാശിനിയോ അല്ലെങ്കിൽ ടെബുകൊണസോളും അസോക്സിസ്ട്രോബിനും (Tebuconazole+Azoxystrobin) ചേർന്നുള്ള കുമിൾനാശിനിയോ പ്രയോഗിക്കുന്നത് ഉപയോഗപ്രദമാണെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
രോഗബാധയുള്ള സ്ഥലങ്ങളിൽ താൽക്കാലികമായി ഇഞ്ചികൃഷി ഒഴിവാക്കാനാണ് ശിപാർശ. കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കർണാടകയിലെ കുടക് ജില്ലയിലും സമീപപ്രദേശങ്ങളിലും ഇഞ്ചിയിൽ ഇലപ്പുള്ളി ബാധ വ്യാപകമായതിനു പിന്നാലെ ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് പൈറിക്കുലേറിയ എന്ന കുമിളാണ് രോഗകാരണമെന്നു സ്ഥിരീകരിക്കുന്നത്.
നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യവിളകളിൽ സാധാരണയായി രോഗകാരണമാകാറുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് ഇഞ്ചിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഫംഗസ് വ്യാപനം അതിവേഗത്തിൽ നടക്കുന്നതാണ് രോഗത്തിന്റെ പ്രധാന ഭീഷണി. ശക്തമായ മഴയും ഇഞ്ചിയുടെ ഇലകളിൽ ഈർപ്പം തുടരുന്നതും രോഗവ്യാപനത്തിന് അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.