പ്രതീക്ഷ ‘കരിഞ്ഞു’; കർഷകർ കണ്ണീരിൽ
text_fieldsപാര്യക്കാടൻ പാടശേഖരത്തിൽ കൊയ്തുകൂട്ടിയ നെല്ല് കിളിർത്തപ്പോൾ
അമ്പലപ്പുഴ: കൊയ്തുകൂട്ടിയ നെല്ലെല്ലാം കിളിർത്തതോടെ കർഷകർ ‘വിതച്ച’ പ്രതീക്ഷകൾ കരിഞ്ഞു. അപ്പർകുട്ടനാട്ടിൽ രണ്ടാം കൃഷി വിളപ്പെടുപ്പ് നടത്തിയെങ്കിലും പല പാടശേഖരങ്ങളിലും നെല്ലെടുക്കാൻ മില്ലുടമ തയാറാകാത്തതോടെ കൂട്ടിയിട്ട നെല്ല് കിളിർത്ത് തുടങ്ങി.
പുന്നപ്ര വടക്ക് പഞ്ചായത്ത് പൂന്തുരം വടക്ക്, തെക്ക് പഞ്ചായത്തിലെ പാര്യക്കാടൻ പാടശേഖരങ്ങളിൽ കൊയ്ത് കരക്ക് കയറ്റിയ നെല്ലാണ് ദിവസങ്ങളായിട്ടും എടുക്കാത്തത്. കൂട്ടിയിട്ട് വിരികൾ കൊണ്ട് മൂടി സുരക്ഷിതമാക്കിയ നെല്ല്, കിട്ടുന്ന വെയിലിൽ ജോലിക്കാരും കർഷകരുമായി ചൂടാക്കിയിടുന്നുണ്ടെങ്കിലും നെല്ലെടുക്കാൻ മില്ലുകാർ തയാറാകുന്നില്ല. ഇതോടെ, കോരിച്ചൊരിയുന്ന മഴയത്ത് കെട്ടിക്കിടക്കുന്ന നെല്ല് കിളിർത്ത് തുടങ്ങിയതോടെ കർഷകരുടെ പ്രതീക്ഷകൾ മങ്ങി.
പൂന്തുരം വടക്ക് പാടശേഖരം 213 ഏക്കറാണ്. കഴിഞ്ഞ 12 ദിവസമായി നൂറേക്കർ ഒഴിച്ചുള്ള പാടശേഖരം കൊയ്ത് നെല്ല് കരക്ക് കയറ്റി കൂട്ടിയിട്ടിരിക്കുകയാണ്. ഒരു മില്ല് മാത്രമാണ് നെല്ലെടുക്കാൻ സിവിൽ സപ്ലൈസുമായി കരാറിൽ ഏർപ്പെട്ടത്. ഇവരുടെ ഏജന്റും മറ്റ് ജീവനക്കാരുമെത്തി നെല്ലെടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പിന്നീട് പിൻമാറി.
പുന്നപ്ര തെക്കിലെ പാര്യക്കാടൻ പാടശേഖത്തിൽ 90 ഏക്കറാണുള്ളത്. ചെറുകിട കർഷകരായ 50ലധികം പേരാണ് ഇവിടെ കൃഷിചെയ്യുന്നത്. കഴിഞ്ഞ 19ന് കൊയ്ത്ത് തുടങ്ങിയതാണ്. ഇവിടെയും മില്ലിന്റെ ഏജന്റ് എത്തി നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച് മടങ്ങിയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. കർഷകർ ഇവരുമായി ബന്ധപ്പെട്ടപ്പോൾ ഒരു ക്വിന്റൽ നെല്ലെടുക്കുമ്പോൾ 14 കിലോ കിഴിവാണ് ആവശ്യപ്പെടുന്നത്.
ഒരേക്കർ നിലം കൊയ്യാൻ പാകമാകുമ്പോൾ കർഷകന് 30,000 രൂപയോളം ചെലവ് വരും. കൊയ്യുന്നതിന് മണിക്കൂറിന് യന്ത്രത്തിന് 2500 രൂപയും ചെലവാകും. പുഞ്ചകൃഷി വിളവെടുപ്പിനെ അപേക്ഷിച്ച് രണ്ടാം കൃഷി ഒരേക്കർ കൊയ്യുന്നതിന് രണ്ടര മണിക്കൂറോളം വേണ്ടിവരും. വെള്ളത്തിൽ യന്ത്രം കൊയ്ത് നീങ്ങാൻ സമയമെടുക്കുന്നതാണ് കാരണമായി കർഷകർ പറയുന്നത്.
കൂടാതെ നെല്ല് ചാക്കുകളിലാക്കി വാഹനത്തിൽ കയറ്റുന്നതിന് ക്വിന്റലിന് 250 രൂപ കൂലിച്ചെലവിനത്തിൽ കർഷകർ നൽകണം. വിളവ് കുറഞ്ഞാൽ കൃഷി നഷ്ടമാകും. ഇത്തവണത്തെ കൃഷി കർഷകർക്ക് ഏറെ പ്രതീക്ഷയായിരുന്നു. ഒരേക്കറിൽ 25 മുതൽ 30 ക്വിന്റൽ വിളവ് വരെ ലഭിച്ചു.
എന്നാൽ, നെല്ലെടുക്കാൻ വൈകുന്നതും മില്ലുകാർ കിഴിവ് അടിച്ചേൽപ്പിക്കുന്നതും കർഷകരെ കൃഷിയിൽനിന്നും പിന്മാറാനുള്ള നിലപാടിലേക്ക് എത്തിക്കുകയാണ്. പലപ്പോഴായി ചെലവാക്കുന്ന തുക ഒന്നിച്ച് കിട്ടുമെന്ന പ്രതീക്ഷ മാത്രമാണ് കൃഷിയിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നാണ് കർഷകർ പറയുന്നത്.
കൃഷി ചെലവുകളും മില്ലുകാരുടെ കിഴിവും പരമാവധി താങ്ങാന് കർഷകൻ തയാറാണെങ്കിലും കൊയ്ത നെല്ലെടുക്കാൻ സിവിൽ സപ്ലൈസ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. സമീപത്തെ മറ്റ് പല പാടശേഖരങ്ങളും അടുത്ത ദിവസങ്ങളിൽ കൊയ്യാൻ പാകമായിരിക്കുകയാണ്. തുലാമഴയും ശക്തമായ കാറ്റും വിളവെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് കൊയ്ത് കരക്ക് കയറ്റിയാലും നെല്ലെടുക്കാനുള്ള സംവിധാനം ഇല്ലാത്തത്.


