ജേക്കബിെൻറ ജോര്‍ദാന്‍ വാലി ഒരു പൂങ്കാവനം
text_fieldsജോര്‍ദാന്‍ വാലിയിലെ നാടന്‍പശുക്കളുടെ ഗോശാല, ഇൻസൈറ്റിൽ ജേക്കബ് കുര്യൻ
നേമം: ഇതു വിളപ്പില്‍ശാല കുണ്ടാമൂഴി കൊല്ലോട് ഭാഗത്തെ ജേക്കബ് കുര്യന്റെ ജോര്‍ദാന്‍ വാലി അഗ്രോ ഫാം. മൂന്നു പ്ലോട്ടുകളിലായി 18 ഏക്കര്‍ കൃഷിയിടം... ഇവിടെ ഇല്ലാത്തതായി ഒന്നുമില്ല ... സുഗന്ധ വ്യഞ്ജനങ്ങള്‍, ഫലവൃക്ഷങ്ങള്‍, നാടന്‍ പശുക്കള്‍, ആടുകള്‍ ഇങ്ങനെ പോകുന്നു ഈ സ്വര്ഗരാജ്യത്തെ വ്യത്യസ്തതകള്‍ ! കൊക്കോയും കുരുമുളകും ജാതിയും ചേരുന്ന റബർതോട്ടത്തിലെ ഇടവിളക്കൃഷിയില്‍ തുടങ്ങി അപൂര്‍വ ജൈവവളക്കൂട്ടുകള്‍ വരെ നീളുന്ന പരീക്ഷണങ്ങള്‍. ആടുകള്‍ക്കും നാടന്‍ പശുക്കള്‍ക്കുമായി പ്രത്യേക ഇടങ്ങള്‍. നാടന്‍പാലും നാട്ടുവിഭവങ്ങളും ലഭിക്കുന്ന സമ്പൂര്‍ണ ജൈവകൃഷിയിടമാണ് ജേക്കബ് കുര്യന് എന്ന പ്രവാസിയുടെ ജോര്‍ദാന്‍ വാലി.
ഈ ഹരിതഭൂമി സന്ദര്‍ശിച്ചാല്‍ അതു വിസ്മയമാണെന്ന് ഉറപ്പായും പറയും. 13 വര്‍ഷം മുമ്പ് ഭൂമി വാങ്ങുമ്പോള്‍ വെറും തരിശായിരുന്നു. കടുത്ത വേനലിലും ഈ കൃഷിയിടം പച്ചപുതച്ചു നില്‍ക്കുന്നതിന്റെ പിന്നില്‍ ഓരോ മരത്തിന്റെയും ചുവട്ടില്‍ നല്കുന്ന ചകിരികൊണ്ടുള്ള പുതയിടലും തുള്ളി നനയും ഒപ്പം ജൈവവള പ്രയോഗവുമാണ്. 10 സെന്റ് വരും മഴവെള്ള സംഭരണത്തിനായുള്ള കുളത്തിന്റെ വിസ്തൃതി. കുളത്തില്‍ മല്‍സ്യക്കൃഷിയുണ്ട്. ഇതിൽ ജലത്തില്‍ ഓക്സിജന്റെ അളവു വര്‍ധിപ്പിക്കാനുള്ള എയറേറ്റര്‍ സംവിധാനം ഒരുക്കിയിരിക്കുന്നു.
ഫാം ടൂറിസത്തിനായി രൂപകല്പന ചെയ്ത ഫാം ഹൗസുമുണ്ട്. വാഴയും പപ്പായയും ഡ്രാഗണ്‍ ഫ്രൂട്ടുമെല്ലാം വളരുന്ന രണ്ടേക്കര്‍ വരുന്ന മറ്റൊരു കൃഷിയിടവും വിപുലമായ അക്വാപോണിക്സ് സംവിധാനവും ഇവിടെയുണ്ട്. വെച്ചൂര്‍, കപില, കൃഷ്ണ, കാസർകോട് കുള്ളന്‍, ഗിര്‍, ഓങ്കോള്‍, സഹിവാള്‍, റാട്ടി എന്നീ ഇനങ്ങളിലായി പതിനഞ്ചോളം നാടന്‍പശുക്കളാണ് ഉള്ളത്. ഒപ്പം 60ല്‍പരം ആടുകളും. പാലുല്‍പാദനമാണ് മുഖ്യലക്ഷ്യം. ഫാമില്‍നിന്നുള്ള ജൈവോല്പന്നങ്ങള് ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിറ്റഴിക്കാന്‍ ജൈവവിപണനശാലയും ജേക്കബ് തുടങ്ങിയിട്ടുണ്ട്.