വിപണിയിൽ കാന്താരിക്ക് എരിവ് കൂടി; കിലോക്ക് 600 മുതൽ 800 രൂപ വരെ
text_fieldsകോട്ടയം: വിപണിയിൽ എരിവ് കൂടി കാന്താരി മുളക്. ഗുണനിലവാരവും വലിപ്പവും അനുസരിച്ച് കിലോക്ക് 600 മുതൽ 800 രൂപ വരെയാണ് വിപണിവില.
ലഭ്യതക്കുറവാണ് വില വർധനക്കു കാരണമെന്ന് വ്യാപാരികൾ പറയുന്നു. എല്ലാ സീസണിലും കാന്താരിക്ക് ഡിമാൻഡ് ഉണ്ടെങ്കിലും വിപണിയിൽ ആവശ്യത്തിന് എത്തുന്നില്ലെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.
തമിഴ്‌നാട്ടിൽനിന്നാണ് സംസ്ഥാന വിപണിയിലേക്ക് കൂടുതലായും കാന്താരി മുളക് എത്തുന്നത്. എന്നാൽ ഇവക്ക് ഗുണനിലവാരം കുറവാണ്.
നാടൻ വിഭവമായ കപ്പ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ മെനുവിൽ ഇടം പിടിച്ചതോടെ കാന്താരിച്ചമ്മന്തിക്കും ആവശ്യമേറി. വില കുതിച്ചുയർന്നിട്ടും കേരളത്തിൽ കാന്താരിയുടെ വ്യാപക കൃഷി നടക്കുന്നില്ല.
പലരും ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകളോടൊപ്പം ഇടവിളയായി മാത്രമാണ് കാന്താരി കൃഷി ചെയ്യുന്നത്. മാറിമറിയുന്ന വിലയും ചെടികളുടെ ലഭ്യതക്കുറവുമാണ് കർഷകരെ കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നത്.


