സ്കറിയ പിള്ള; സമ്മിശ്ര കൃഷിയിൽ വ്യത്യസ്തൻ
text_fieldsസ്കറിയ പിള്ള ഡ്രാഗൺ ഫ്രൂട്ട് തോട്ടത്തിൽ
ചിറ്റൂർ (പാലക്കാട്): സമ്മിശ്ര കൃഷിരീതിയിലൂടെ വ്യത്യസ്തനായ സ്കറിയ പിള്ളയുടെ അധ്വാനത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിനാണ് ഇദ്ദേഹം അർഹനായത്. നാല് പഞ്ചായത്തുകളിലായുള്ള കൃഷിയിടത്തിൽ 6000 കവുങ്ങ്, 1700 തെങ്ങ്, 900 ലേറെ വിവിധയിനം മാവുകൾ, 20 ലേറെ വ്യത്യസ്ത ഇനം പ്ലാവുകൾ, 500 ലേറെ ജാതി മരങ്ങൾ, 200ലേറെ മറ്റ് ഫലവൃക്ഷങ്ങൾ ... വൈവിധ്യങ്ങൾ ഏറെയാണ് ഈ തോട്ടത്തിൽ. മഴനിഴൽ പ്രദേശമായ കൊഴിഞ്ഞാമ്പാറയിൽ തണുത്ത കാലാവസ്ഥയിൽ മാത്രം വളരുന്ന ഡ്രാഗൺ ഫ്രൂട്ട് വിജയകരമായി കൃഷി ചെയ്യുന്നു. 38 ഏക്കറിലാണ് കൃഷി.
ചേന, പൈനാപ്പിൾ, കരിമഞ്ഞൾ തുടങ്ങി ഇവിടെയില്ലാത്ത വിളകൾ കുറവാണ്. 70 വയസ്സ് കഴിഞ്ഞെങ്കിലും ഇന്നും ചുറുചുറുക്കോടെ രാവിലെതന്നെ കൃഷിയിടത്തിൽ ഇറങ്ങും. കൃഷിക്ക് പുറമേ തനിമ ഫാം ടൂറിസം എന്ന പേരിൽ ടൂറിസം മേഖലയിലും സജീവം. ഭാര്യ മിനിയും മക്കളായ റിച്ചാർഡും റൈനോൾഡും ഹാരോൾഡും ഇവരുടെ ഭാര്യമാരും സജീവ പിന്തുണയുമായുണ്ട്. സ്വന്തം ഫാം ടൂറിസം സ്ഥാപനത്തിലൂടെ തന്നെ ഭൂരിഭാഗം കാർഷിക ഉൽപന്നങ്ങളും വിൽക്കുന്നുണ്ടെന്ന് സ്കറിയ പറഞ്ഞു.