ഈന്തിനെ അറിയാം
text_fieldsവടക്കൻ കേരളത്തിൽ പറമ്പിന്‍റെ അതിരുകളിലും പുഴകളുടെ തീരങ്ങളിലും ഒരു കാലത്ത് ധാരാളം കാണപ്പെട്ടിരുന്ന ഫലവൃക്ഷമായിരുന്നു ഈന്ത്. തെങ്ങിന്‍റെ ഓലയോട് സാമ്യമുള്ള പട്ടകളാണ് ഇതിന്‍റെ പ്രധാന ആകർഷണം. സൈക്കസ് വിഭാഗത്തിൽപെട്ട സസ്യത്തിന്‍റെ ശാസ്ത്രീയ നാമം സൈക്കസ് സിർസിനാലിസ് എന്നാണ്.
ആറോ ഏഴോ അടി പൊക്കത്തിൽ വളരുന്ന വൃക്ഷത്തിന് നെല്ലിക്കയോളം വലിപ്പത്തിലുള്ള കട്ടിയുളള തോടോടുകൂടിയതാണ് ഫലം.പോഷക ഗുണങ്ങൾ കൊണ്ട് സമ്പന്നമായ ഈന്ത് കായകൾ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് വിളവെടുക്കാറ്. ഒരു കാലത്ത് വ്യാപകമായി കണ്ടിരുന്ന മരത്തിന് ഏത് കാലാവസ്ഥയെയും അതിജീവിക്കാനുളള കഴിവുണ്ട്.
പക്ഷേ, ഇന്ന് വംശനാശഭീഷണി നേരിടുകയാണ്. 90കളിൽ ജനിച്ചവർക്ക് ഗൃഹാതുരസ്മരണ ഉണർത്തുന്ന മരമാണിത്. കല്യാണവീടുകളും മറ്റും അലങ്കരിക്കാൻ ഇതിന്‍റെ പട്ടകൾ ഉപയോഗിക്കാറുണ്ടായിരുന്നു.
വാതം, പിത്തം, നീര് വീക്കം തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്കായി ഈന്തിന്‍റെ ഇലകളും വിത്തുകളും ഉപയോഗിക്കാറുണ്ട്. മലബാർ മേഖലയിൽ ഈന്ത് കായ ഉപയോഗിച്ച് സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. പഴമ നിറഞ്ഞ അത്തരം രുചി വൈവിധ്യങ്ങളെ പരിചയപ്പെടാം.
- ഈന്ത് പൊടി ഉപയോഗിച്ച് കുറുക്ക്, പുട്ട്, പത്തിരി, ചപ്പാത്തി, ദോശ, ഈന്തിൻ പിടി, ഹലുവ തുടങ്ങിയ വിഭവങ്ങൾ തയാറാക്കാം.
- കർക്കടവാവ് ദിനത്തിലെ പ്രധാനവിഭവമായ മധുരക്കറി കടലപ്പരിപ്പും വെല്ലവും ചേർത്ത് തയാറാക്കുന്ന പ്രധാന വിഭവമാണ്.
- ഈന്ത് പിടി, ഈന്ത് പുട്ട് എന്നീ വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. ചിക്കൻ കറിയുടെ കൂടെയോ ബീഫ് കറിയുടെ കൂടെയോ കഴിക്കാം.
- നോമ്പ് കാലങ്ങളിൽ ഈന്ത് പിടിയും ബീഫും ചേർത്തുള്ള വിഭവവും മലബാറിൽ പ്രചാരത്തിലുണ്ട്.
ഈന്ത് പൊടിക്കാം
പഴുത്ത് പാകമായ ഈന്ത് കായ് കുറുകെ വെട്ടി വെള്ളത്തിലിട്ട് വെക്കണം. ഇങ്ങനെ ചെയ്യുന്നത് കായയുടെ കറ പോവാനാണ്. ഒരാഴ്ചയോളം വെള്ളം മാറ്റിക്കൊടുക്കാനും ശ്രദ്ധിക്കണം. പിന്നീട് വെയിലത്ത് ഉണക്കിയെടുക്കാം. ഉണക്കം പാകമായാൽ അരിപ്പൊടി പോലെ പൊടിച്ചെടുക്കാം.


