ചുട്ടനാട് കുട്ടനാടായി; 'കരി'ക്കും പറയാൻ കഥയുണ്ട്, കുട്ടനാട്ടിലെ കരിനിലങ്ങളിൽ ഒറ്റകൃഷി മാത്രം
text_fieldsകുട്ടനാടിെൻറ കാഴ്ചകൾ
കുട്ടനാട്: ചരിത്ര അവശേഷിപ്പുകൾ തിരഞ്ഞാൽ ഐതിഹ്യങ്ങൾ ഏറെയുണ്ട്. കുട്ടനാട് വന്ന വഴി നോക്കിയാൽ മാറ്റി നിർത്താനാകാത്ത ഒട്ടനവധി സംഭവങ്ങളും ചരിത്രവുമുണ്ടെങ്കിലും പഴമയുടെ അടയാളങ്ങളാകുന്നത് കുട്ടനാട്ടിലെ സ്ഥലനാമങ്ങളിൽ കയറിക്കൂടിയ 'കരി'തന്നെയാണ്, 'കരി'യിൽ അവസാനിക്കുന്ന പേരുകളോടെ തലയെടുപ്പിൽ നിൽക്കുന്ന ഈ നാട്.
കൈനകരി, രാമങ്കരി, മിത്രക്കരി, കണ്ടങ്കരി, ചാത്തങ്കരി, ഊരിക്കരി, ചതുർഥ്യാകരി, പെട്ടിക്കരി, പുതുക്കരി, മേലത്തുങ്കരി, അമിച്ചകരി, ചേന്നങ്കരി, തായങ്കരി, ചങ്ങംകരി, കുന്നങ്കരി, കുമരങ്കരി, കൊമ്പൻകരി, കരുമാടി കരി ഇങ്ങനെ പോവുകയാണ് കുട്ടനാട്ടിലെ പ്രധാന കരിനാടുകൾ.
കൃഷി മുന്നോട്ടുകൊണ്ടുപോകുന്ന നാടെന്ന ഖ്യാതിയാണ് അന്നും ഇന്നും ഈ കരിനാടുകൾക്കുള്ളത്. ഒരുകാലത്ത് കൊടും കാടായിരുന്ന ഈ പ്രദേശങ്ങൾ കാട്ടുതീയിൽ നശിക്കുകയും അങ്ങനെ ചുട്ടനാട് കുട്ടനാടായിയെന്നുമാണ് ഐതിഹ്യം.
ഈ ഐതിഹ്യത്തെ ബലപ്പെടുത്തുന്നതാണ് പിൽക്കാലത്ത് കുട്ടനാട്ടിൽനിന്ന് കണ്ടെടുത്ത കരിയും കരിമണ്ണും കാണ്ടാമരങ്ങളും (മരം കരിഞ്ഞതിെൻറ അവശിഷ്ടങ്ങൾ). കരിയെന്ന വാക്കോടുകൂടിയ കുട്ടനാട്ടിലെ സ്ഥലങ്ങളാണ് ഇപ്പോൾ പഴയ ചരിത്രത്തെ തിരികെ വിളിക്കുന്നത്. ചേരരാജാക്കന്മാരിൽ പ്രധാനിയായിരുന്ന ചെങ്കുട്ടമെൻറ് രാജധാനി കുട്ടനാടായിരുെന്നന്നും ചരിത്രമുണ്ട്. 5000 വർഷത്തിനപ്പുറം അക്കാലത്ത് ഇവിടെ നെല്ല് വിളയിക്കുന്നതിൽ ഗവേഷണം നടന്നെന്നും ചരിത്രരേഖയുണ്ട്. നെല്ല് ആദ്യം ചൈന വിളയിച്ചെങ്കിലും ഇന്ത്യയിൽ ആദ്യം അരി വേവിച്ച് കഴിക്കാൻ തുടക്കം കുറിച്ചത് കുട്ടനാട്ടിലാണെന്നാണ് പഴമക്കാർ പറയുന്നത്. കുട്ടനാട്ടിലെ കൃഷി ഇടങ്ങളിലും കരിനിലങ്ങൾക്ക് പ്രത്യേകതയുണ്ട്. ഇവിടങ്ങളിൽ ഒറ്റകൃഷിയേ ഇപ്പോഴും നടത്തൂ. വിള ലഭിക്കുന്നതിലും വലിയ വ്യത്യാസമുണ്ട്. കുഴിച്ച് ചെന്നാൽ കട്ട താഴ്ത്തിയാൽ കരിഞ്ഞമരത്തിെൻറ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാമെന്നും പഴമക്കാർ പറയുന്നു.
ദ്രാവിഡ ഭാഷ; ഉയോർ പുലയർ
മഹാശിലായുഗത്തിെൻറ ആദ്യഘട്ടത്തിൽ കുട്ടനാട്ടിൽ ജനവാസമുണ്ടായിരുന്നെന്നും ദ്രാവിഡ സംസ്കാരത്തിലെ ഭാഷ പണ്ട് കുട്ടനാട് കൈകാര്യം ചെയ്തിരുന്നെന്നും ചരിത്രമുണ്ട്. കൊല്ലം മുതൽ തൃശൂർ വരെ വ്യാപിച്ചുകിടന്ന പ്രദേശമായിരുന്നു അന്ന് കുട്ടനാട്. ദ്രാവിഡ ഗോത്രത്തിൽപെട്ട പല വിഭാഗങ്ങളിൽ പുലയ സമുദായത്തിനായിരുന്നു മേൽക്കൈ. നിലത്തിെൻറ ഉടയോർ പിന്നീട് കർഷകത്തൊഴിലാളികളായി മാറി. ആര്യവംശജരുടെ വരവോടെ ജാതി സമവാക്യങ്ങളിലും മാറ്റം വന്നു. എ.ഡി 80ൽ രചിക്കപ്പെട്ട ഗ്രീക്ക് യാത്രാവിവരണമായ പെരിപ്ലസിൽ കുട്ടനാടിനെ കൊട്ടനാരയെന്നാണ് രേഖപ്പെടുത്തിയത്.