കൗതുകം വിരിയുന്ന താമരപ്പാടം
text_fieldsഅഭിലാഷിന്റെ കൃഷിയിടത്തിലെ വിവിധയിനങ്ങളിൽപെട്ട
പൂക്കള്‍, 2. മുട്ടയില്‍ വിരിയിച്ച സഹ്യാദ്രി ഇനത്തിൽപെട്ട
താമര
കാഞ്ഞിരമറ്റം: പെരുമ്പള്ളിയിലെ ക്ഷേത്രമൈതാനിയില്‍ കാഴ്ചയുടെ ഇതൾ വിടർത്തി താമര വസന്തം. മുളന്തുരുത്തി പെരുമ്പിള്ളി വടക്കേ ആലയ്ക്കല്‍ വി.ആര്. അഭിലാഷിന് ഇത് വരുമാനമാര്‍ഗം മാത്രമല്ല, സ്വപ്നസാഫല്യത്തിന്റെ സാക്ഷാത്കാരം കൂടിയാണ്. ഓരോ പൂക്കള്‍ക്കും ബന്ധുക്കളുടെയും ഭാര്യയുടെയും പേര് നല്കി ഉറ്റവരെപ്പോലെ ചേര്‍ത്തുപിടിച്ചാണ് പരിപാലിക്കുന്നത്.
സഹ്യാദ്രി ഇനത്തിൽപെട്ട താമര, മുട്ടയുടെ തൊണ്ടില്‍ വിരിയിച്ച് ശ്രദ്ധ നേടുകയും ചെയ്തു. അഞ്ചുവര്‍ഷം മുമ്പാണ് താമരകൃഷി തുടങ്ങണമെന്ന ആഗ്രഹം മനസ്സിലേക്കെത്തുന്നത്. ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിനുശേഷം സ്റ്റാര്‍ ഹോട്ടലുകളിലും കാറ്ററിങ് രംഗത്തും ജോലി ചെയ്തുവരുന്നതിനിടെയാണ് സ്വന്തം സ്ഥലത്ത് പരീക്ഷണമെന്നോണം 9000 രൂപ മുതല്‍മുടക്കി അഞ്ചു സെന്റില്‍ വിവിധയിനങ്ങൾ നട്ടുവളര്‍ത്തി തുടക്കമിട്ടത്.
കോവിഡ് കാലമെത്തിയതോടെ കൃഷിയിടം വികസിപ്പിച്ചു. പെരുമ്പിള്ളി പോസ്റ്റ് ഓഫിസിനു സമീപത്തെ കുടുംബക്ഷേത്രത്തിനോടു ചേര്‍ന്നുള്ള 40 സെന്റിൽ സ്വന്തമായി ഹൈബ്രിഡ് ചെയ്തെടുത്ത ഇരുനൂറിലധികം താമരതൈകള് വികസിപ്പിച്ചെടുത്തു. 12ലധികം ആമ്പലുകളും പൂത്തുതളിര്‍ത്തു നില്ക്കുന്നു.
പ്രമുഖ ഫുട്ബാളര്‍ എംബാപ്പെയുടെ നാമത്തിലെ താമരയും അഭിലാഷിന്റെ കൃഷിയിടത്തിലുണ്ട്. 100 മുതല്‍ 18,000 രൂപ വരെയുള്ള വിവിധതരം ഹൈബ്രിഡ് ചെയ്തവ ഓണ്‍ലൈനായി വിറ്റുവരുന്നുണ്ട്. അഭിലാഷിന്റെ പ്രയത്നത്തിന്റെ വാര്‍ത്തയറിഞ്ഞ് കൃഷിമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
നല്ല രീതിയില്‍ പരിപാലിച്ച് വിജയത്തിലേക്ക് കടക്കുന്നതില്‍ ഏറെ പങ്കും ഭാര്യ ശ്വേതയുടേതാണെന്ന് അഭിലാഷ് പറയുന്നു. ബന്ധുവായ രാഹുലും പിതാവ് രാധാകൃഷ്ണപിള്ളയും മാതാവ് ശാന്തയും പ്രചോദനവുമായി ഒപ്പമുണ്ട്. മൂന്നു വയസ്സുള്ള തന്‍വിയാണ് മകൾ.