നേട്ടം കൊയ്ത് മലമ്പുഴ ഹോർട്ടികൾചർ ഡെവലപ്മെന്റ് ഫാം
text_fieldsമലമ്പുഴ ഹോർട്ടിക്കൾചർ ഡെവലപ്മെന്റ് ഫാം
പാലക്കാട്: മികച്ച നേട്ടവുമായി മലമ്പുഴ സർക്കാർ ഹോർട്ടികൾചർ ഡെവലപ്മെന്റ് ഫാം. 2024-‘25 വർഷത്തിൽ ഒരു കോടിയിലധികം രൂപയുടെ വിറ്റുവരവാണ് ഇവിടെ ഉണ്ടായത്.
ഫാമിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. സംസ്ഥാന കാർഷിക വികസന കർഷകക്ഷേമവകുപ്പിന് കീഴിൽ ജില്ലയിലെ മലമ്പുഴയിൽ 1962ലാണ് ഫാം സ്ഥാപിതമായത്.
100 ഏക്കറിലധികം വിസ്തീർണമുള്ള ഫാമിൽ മാവ്, സപ്പോട്ട, നെല്ലി, റോസ് അപ്പിൾ, കശുമാവ് തുടങ്ങിയ മാതൃസസ്യങ്ങൾ സംരക്ഷിച്ചു വരുന്നു. കൃഷിഭവൻ മുഖാന്തരം വിതരണം ചെയ്യുന്ന കുരുമുളക് വള്ളികൾ, പച്ചക്കറിതൈകൾ, എന്നിവയിലധികവും ഈ ഫാമിൽനിന്ന് വിതരണം ചെയ്യും.
പൊതുജനങ്ങൾക്ക് നേരിട്ട് വാങ്ങാൻ വിപണനകേന്ദ്രവും ഫാമിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ കൃഷിഭവനുകളിൽ പച്ചക്കറി വികസന പദ്ധതി, ജനകീയാസൂത്രണം എന്നിവ മുഖേന നടപ്പാക്കുന്ന പദ്ധതികൾ ഫാമിലൂടെ ചെയ്തുവരുന്നത്.
ഫാമിൽ 92 സ്ഥിരം തൊഴിലാളികളും 25 കാഷ്വൽ തൊഴിലാളികളും ഏഴ് ജീവനക്കാരുമാണുള്ളത്.
ജീവനക്കാരുടെ കൂട്ടായ അർപ്പണമനോഭാവവും നിർദിഷ്ട സമയത്തുതന്നെ ഉൽപങ്ങൾ എത്തിച്ചുകൊടുക്കാൻ കഴിഞ്ഞതുമാണ് ലക്ഷ്യത്തിലെത്താൻ സഹായിച്ചത്. ഈ സാമ്പത്തിക വർഷത്തിൽ കൂടുതൽ ഉദ്പാദനം കൈവരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചതായി എ.ഡി.എ എൻ.എസ്. മഞ്ജുഷ, കൃഷി അസിസ്റ്റന്റുമാരായ കൃഷ്ണപ്രസാദ്, എ.വി. വിനിഷ എന്നിവർ പറഞ്ഞു.