മാവുകൾ വ്യാപകമായി പൂത്തു: കർഷകർക്ക് ആഹ്ലാദം
text_fieldsപൂത്ത ഒളോർ മാവ്
കുറ്റ്യാടി: വൈകിയാണെങ്കിലും മാവുകൾ ഇത്തവണ വ്യാപകമായി പൂത്തു. നവംബർ, ഡിസംബർ മാസങ്ങളിൽ പൂത്തിരുന്ന മാവുകൾ ഇത്തവണ ജനുവരിയിലാണ് ഏറെയും പൂത്തത്. നാട്ടുമാവുകളും ഒളോർ മാവുകളും നന്നായി പൂത്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാമ്പഴ ഉൽപാദനം കുറവായിരുന്നു. വൈകി മഴക്കാലത്താണ് ഏറെയും വിളവെടുത്തത്. അതിനാൽ ആവശ്യക്കാരും കുറവായിരുന്നു. ഇത്തവണയും വിളവെടുക്കുമ്പോഴേക്കും മഴ തുടങ്ങുമോ എന്ന ആശങ്ക കർഷകർ പങ്കുവെക്കുന്നുണ്ട്.
വാണിജ്യാടിസ്ഥാനത്തിൽ ഒളോർ മാവുകൾ കൃഷിചെയ്യുന്ന പുറേമരി, വേളം ഭാഗങ്ങളിൽ കർഷകർ ഉത്സാഹത്തിലാണ്. മാങ്ങകൾ മൂപ്പെത്തും മുമ്പെ വ്യാപാരികളെത്തി കച്ചവടമുറപ്പിക്കും. നാട്ടുമാമ്പഴം വിൽപനക്കുണ്ടാവില്ലെങ്കിലും ഉപ്പിലിടാനും മറ്റും കണ്ണിമാങ്ങകൾ വിലക്കെടുക്കും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലം പൂക്കൾ കരിഞ്ഞുപോകുമോ എന്ന ഭീതിയുമുണ്ട്. മാനം കാറു മൂടുമ്പോൾ മാമ്പഴ കർഷകരുടെ മനവും ഇരുളും.


