ഓണം പടിവാതിലിൽ; ചെണ്ടുമല്ലി വസന്തം തീർത്ത് കർഷകൻ
text_fieldsമുഹമ്മദലി തന്റെ ചെണ്ടുമല്ലി കൃഷിയിടത്തിൽ
മുക്കം: ഓണക്കാലത്ത് ഇതര സംസ്ഥാന പൂക്കളെ പ്രധാനമായും ആശ്രയിക്കുന്ന മലയോര ജനതക്ക് ആശ്വാസമായി ചെണ്ടുമല്ലി കൃഷി ചെയ്ത് മികച്ച വിളവ് നേടിയിരിക്കുകയാണ് മലയോരത്തെ കർഷകൻ. കൊടിയത്തൂർ സ്വദേശി പുതിയോട്ടിൽ മുഹമ്മദാലിയാണ് 50 സെന്റ് സ്ഥലത്ത് പൂകൃഷിയിറക്കി വിജയം കൊയ്തത്. പൂകൃഷിയിലൂടെ ലഭിക്കുന്ന വരുമാനത്തിനൊപ്പം ചിങ്ങമാസത്തിൽ കൃഷിയിടങ്ങളിലുണ്ടാകുന്ന നിമ വിരകളെ പ്രതിരോധിക്കുക കൂടിയായിരുന്നു ചെണ്ടുമല്ലി കൃഷിയുടെ ലക്ഷ്യം. നട്ട് രണ്ട് മാസത്തെ വളർച്ചയെത്തിയപ്പോഴേക്കും ചെണ്ടുമല്ലി വിരിഞ്ഞു. ഇന്നിപ്പോൾ വിളവെടുപ്പിന് പാകമായിട്ടുണ്ട്.
കൊടിയത്തൂർ അയ്യംകുഴിയിൽ രണ്ടേക്കറോളം സ്ഥലത്ത് മുഹമ്മദലിക്ക് കൃഷിയുണ്ട്. ഇതിൽ 50 സെന്റ് സ്ഥലത്ത് പൂകൃഷിയും ബാക്കി റെഡ് ലേഡി പപ്പായ, ചേന, കപ്പ, പച്ചക്കറികൾ എന്നിവയുമാണ്. തിരുവമ്പാടിയിൽനിന്നും വെള്ളന്നൂരിൽനിന്നുമാണ് വിത്ത് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ കൃഷിക്ക് പ്രതിസന്ധിയായെങ്കിലും കാര്യമായ നഷ്ടമില്ലെന്ന് മുഹമ്മദലി പറയുന്നു. കൃഷിക്ക് കൊടിയത്തൂർ കൃഷിഭവന്റെ സഹായം ലഭ്യമായതും ആശ്വാസമായി. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ചെണ്ടുമല്ലി കാണാൻ ഒട്ടേറെ ആളുകളാണ് കൃഷിയിടത്തിലെത്തുന്നത്. ചെണ്ടുമല്ലി കിലോക്ക് 200 രൂപ വരെ ലഭിക്കുന്നുണ്ട്. മുക്കം, അരീക്കോട് എന്നിവിടങ്ങളിലാണ് പ്രധാനമായും വിൽപന.
ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ വി. ഷംലൂലത്ത്, ടി.കെ അബൂബക്കർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.