പാഠപുസ്തകം വിട്ട് 'ആടുപുസ്ത'കത്തിലേക്ക്
text_fieldsആടുകളെ പരിപാലിക്കുന്ന മോഹന്‍ദാസ് മാസ്റ്റര്‍
കൊടകര: 2013ല്‍ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങിയ എ.വൈ. മോഹന്‍ദാസ് ഇപ്പോള്‍ ആടുവളര്‍ത്തലില്‍ സജീവമാണ്. കൂടുതല്‍ പാലുൽപാദിപ്പിക്കുന്ന പത്തോളം സങ്കരയിനം ആടുകളെയാണ് ഈ മാതൃകാധ്യാപകന് പോറ്റിവളര്‍ത്തുന്നത്. കൊടകര ഉളുമ്പത്തുകുന്നിനടുത്തുള്ള പത്ത് സെന്റ് പുരയിടത്തില്‍ കൂടൊരുക്കിയാണ് ആടുകളെ പരിപാലിക്കുന്നത്. തൊടുപുഴ സ്വദേശിയായ മോഹന്‍ദാസിന് കുഞ്ഞാനാൾ മുതലേ ആടുകൃഷിയോട് കമ്പമുണ്ട്. 2013ല്‍ അധ്യാപനജീവിതത്തില്‍നിന്ന് വിരമിച്ച ശേഷമാണ് ആടുവളര്‍ത്താന്‍ തുടങ്ങിയത്.
പര്‍പ്പസാരി, കരോളി ബീറ്റല്‍, മലബാറി ഹൈദരാബാദി ക്രോസ് എന്നീ ഇനങ്ങളിലുള്ള ആടുകളാണുള്ളത്. സഹജീവികളോടുള്ള സ്നേഹവും വാത്സല്യവുമാണ് ആടുവളര്ത്തിലിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് മോഹന്‍ദാസ് മാഷ് പറയുന്നു. ഈയിടെ മരിച്ച അമ്മ ജാനകിയുടെ പേരാണ് കരോളി ബീറ്റല്‍ ഇനത്തില്‍പെട്ട ആടിന് മോഹന്‍ദാസ് നല്‍കിയത്.
ഇദ്ദേഹത്തിെൻറ മതസൗഹാര്ദമായ കാഴ്ചപ്പാട് ആടുകള്‍ക്ക് നല്കിയ പേരുകളില്‍ തെളിഞ്ഞു കാണാം. ഹൈദരാബാദി മലബാറി സങ്കരയിനം ആടിന് മേരിയെന്നാണ് പേര്. മേരിയുടെ മൂന്നുമക്കളില്‍ പെണ്ണാടിന് മറിയമെന്നും മുട്ടനാടുകള്‍ക്ക് പൊറിഞ്ചു, ജോസ് എന്നിങ്ങനെയുമാണ് പേരിട്ടത്. കൊല്ലത്തുനിന്ന് 18,000 രൂപ കൊടുത്ത് വാങ്ങിയ ഹൈദരാബാദി മുട്ടനാടിന് സുല്‍ത്താനെന്നും ഹൈദരാബാദി പെണ്ണാടിന് പേര് സുറുമിയെന്നും പേരിട്ടുവിളിക്കുന്നു.
പേര് നീട്ടിവിളിച്ചാല്‍ അരികത്തേക്ക് ഓടിയെത്തുന്ന ആടുകളെ സ്നഹവും വാത്സല്യവും പകര്‍ന്ന് നല്കി മക്കളെപ്പോലെയാണ് വളര്‍ത്തുന്നത്. ഭാര്യ സുജയും ആടുകളുടെ പരിപാലനത്തില്‍ സഹായിക്കുന്നു. നിരവധി ആടുകര്ഷക കൂട്ടായ്മകളില്‍ അംഗവുമാണ് മോഹന്‍ദാസ്. രണ്ട് സെന്റ് മാത്രം ഭൂമിയുള്ള കുടുംബത്തിനും മികച്ചയിനം ആടിനെ വളർത്തി ഉപജീവനമാർഗം കണ്ടെത്താനാകുമെന്നാണ് മോഹൻദാസ് മാസ്റ്റർ പറയുന്നത്.
മലയോര പഞ്ചായത്തായ മറ്റത്തൂരിലെ കോടാലി ജി.എല്‍.പി സ്കൂളില്‍ 2007-2013 കാലഘട്ടത്തില്‍ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച മോഹന്‍ദാസ് വിദ്യാലയം തന്നെ പാഠപുസ്തകം എന്ന ആശയത്തിലൂന്നി നടപ്പാക്കിയ പദ്ധതികള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിലൂടെ ജൈവവൈവിധ്യ ബോര്‍ഡിെൻറ പുരസ്കാരവും വനമിത്ര പുരസ്കാരവും കോടാലി സ്കൂളിനെ തേടിയെത്തി. മോഹന്‍ദാസ് മാസ്റ്ററുടെ നേതൃത്വത്തില്‍ കോടാലി സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പ്രചോദനമായതെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് വ്യക്തമാക്കിയരുന്നു.