കാർഷികവിജ്ഞാന രംഗത്തെ നിറസാന്നിധ്യമായി മുരളീധരൻ തഴക്കര
text_fieldsമുരളീധരൻ തഴക്കര
ചാരുംമൂട്: കർഷകരുടെ ശബ്ദവും കഠിനാധ്വാനത്തിന്റെ വിയർപ്പ് മണക്കുന്ന അനുഭവങ്ങളും അവരുടെ തനത് ഭാഷാശൈലിയിൽ മുഖ്യധാരയിലെത്തിച്ച് കാർഷിക പ്രക്ഷേപണരംഗത്ത് 35 വർഷം പിന്നിടുകയാണ് മാവേലിക്കര തഴക്കര പോത്തന്നൂർ കൃഷ്ണകൃപയിൽ മുരളീധരൻ തഴക്കര. 1992 മുതൽ 1997 വരെ കോഴിക്കോട് ആകാശവാണിയിലും തുടർന്ന് 2019 വരെ തിരുവനന്തപുരം ആകാശവാണിയിലും പ്രവർത്തിച്ച മുരളീധരൻ വിരമിച്ചശേഷവും കാർഷിക വിജ്ഞാന രംഗത്തെ നിറസാന്നിധ്യമാണ്.
ഇദ്ദേഹം നേതൃത്വം കൊടുത്ത ആകാശവാണിയിലെ വയലും വീടും പരിപാടി ഏറെ ശ്രദ്ധനേടിയിരുന്നു. കൃഷിയിലെ നാട്ടറിവ്, ഓർമയിലെ കൃഷിക്കാഴ്ചകൾ, കൃഷിയുടെ നന്മപാഠങ്ങൾ, മായുന്ന ഗ്രാമക്കാഴ്ചകൾ തുടങ്ങി പതിമൂന്നോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് ഇദ്ദേഹം. ആകാശവാണിയിൽ ഹലോ ഹരിതം ആകാശവാണി, കുണ്ടും കുഴിയും, ഗ്രാമകേരളം തുടങ്ങിയ പ്രതിവാര പരിപാടികളും വർഷങ്ങളോളം അവതരിപ്പിച്ചു.
കേരള സംഗീതനാടക അക്കാദമിയുടെ പ്രക്ഷേപണകലക്കുള്ള ഗുരുപൂജ അവാർഡ്, കേന്ദ്ര നാളികേരവികസന ബോർഡിന്റെ ദേശീയ അവാർഡ്, സംസ്ഥാന പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ ഡോ. ബി.ആർ. അംബേദ്കർ അവാർഡ്, ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ ഫാം ജേണലിസം അവാർഡ്, ആകാശവാണിയുടെ മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന് മികച്ച കാർഷിക പ്രക്ഷേപകനുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ കർഷകഭാരതി പുരസ്കാരം കഴിഞ്ഞ ദിവസം ലഭിച്ചു. കർഷകദിനമായ ഞായറാഴ്ച തൃശൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഇദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങും.