കാണാം കൂണിലെ വിജയഗാഥ
text_fieldsകൂൺ ബഡുകൾക്കൊപ്പം സ്മിതയും ഭർത്താവ് ബിജുവും
കോതമംഗലം: കൂൺകൃഷിയിൽ വിജയഗാഥ തീർത്ത് വാരപ്പെട്ടി സ്വദേശിനി. പോഷക ഗുണം കൊണ്ട് സമ്പന്നമായ കൂണുകൾ ശാസ്ത്രീയ രീതിയിൽ ഉത്പാദിപ്പിച്ചാണ് കോതമംഗലം പാറച്ചാലിപ്പടി സ്വദേശിനി വടക്കേ പുത്തൻപുര സ്മിത ബിജു വിജയം നേടിയത്. കഴിഞ്ഞ ഏഴ് വർഷമായി വീടിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ ഷെഡിൽ കൂൺകൃഷി നടത്തി വരികയാണിവർ. ഇപ്പോൾ രണ്ടായിരത്തോളം കൂൺ ബഡുകളാണ് ഉള്ളത്. ചിപ്പിക്കൂണുകളാണ് കൃഷി ചെയ്യുന്നത്. ഭർത്താവ് ബിജുവും കുട്ടികളും പിന്തുണയുമായി കൂടെയുണ്ട്. തുടക്കക്കാലത്ത് നല്ല വിത്ത് കിട്ടാനില്ലാത്തതായിരുന്നു വെല്ലുവിളി.
വിത്ത് നിർമാണം സ്വയം പഠിച്ചാണ് സ്മിത ഈ വെല്ലുവിളി നേരിട്ടത്. ഇപ്പോൾ നിരവധി കർഷകർക്കാണ് സ്മിത നല്ലയിനം വിത്ത് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. വിത്ത് നിർമാണത്തിന് ആധുനിക രീതിയിലുള്ള ലാബും ക്രമീകരിച്ചിട്ടുണ്ട്. വിളവെടുക്കുന്ന കൂണുകൾ വീട്ടിൽ തന്നെ പാക്ക് ചെയ്ത് സമീപ പ്രദേശങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും, ഹോം ഡെലിവറി മുഖേനയും വിറ്റഴിക്കുകയാണ് പതിവ്. മനസ്സു വച്ചാൽ ദിവസവും വരുമാനം ലഭിക്കാൻ വീട്ടമ്മമാർക്ക് ഏറ്റവും നല്ല മാർഗമാണ് കൂൺകൃഷിയെന്ന് സ്മിത പറയുന്നു.