നിഷാലിന്റെ ‘തണ്ണിമത്തൻ’ വിജയഗാഥ
text_fieldsതണ്ണിമത്തൻ കൃഷിയിടത്തിൽ നിഷാലും പിതാവ് യാസിറും
കോട്ടക്കൽ: പരീക്ഷക്കൊപ്പം ഒമ്പതാം തരം വിദ്യാർഥിയായ നിഷാൽ മുഹമ്മദിന് മറ്റൊരു പരീക്ഷണക്കാലമായിരുന്നു തണ്ണിമത്തൻ കൃഷിക്കാലം. മാസങ്ങൾക്കിപ്പുറം വാളക്കുളം പാടശേഖരത്തിൽനിന്ന് ടൺ കണക്കിന് തണ്ണിമത്തനാണ് നിഷാലും പിതാവ് കോഴിക്കോടൻ യാസിറും കയറ്റി അയച്ചത്. പരമ്പരാഗത കർഷകരായ യാസിറും എടക്കണ്ടൻ മൂസ ഹാജിയും ചേർന്നാണ് കൃഷി ആരംഭിച്ചത്.
കൂടെ പുതുപ്പറമ്പ് ജി.എച്ച്.എസ്.എസിലെ ഒമ്പതാം തരം വിദ്യാർഥിയായ നിഷാലും കൂടി. അവധി ദിവസങ്ങളിലും ഒഴിവു സമയത്തും കൃഷി പരിപാലിച്ചത് പിന്നീട് നിഷാലായിരുന്നു. മാതാവ് ഉമ്മുസൽമയും സഹോദരങ്ങളും ഒപ്പം കൂടി. കൃഷി വിജയം കണ്ടതോടെ സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും നിറകൈയടികൾ ലഭിച്ചു ഈ കുട്ടി കർഷകന്. വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് ഒറ്റത്തെങ്ങിലെ കൃഷിയിടം കാണാനും തണ്ണിമത്തൻ വാങ്ങാനുമെത്തുന്നത്.
പക്ഷെ മൂപ്പെത്തിയ തണ്ണിമത്തന് വിപണിയിൽ വില ലഭിക്കാത്തത് തിരിച്ചടിയാണ്. അപ്രതീക്ഷമായി പെയ്തിറങ്ങിയ മഴയുടെ ദുരിതത്തിലുമാണ് ഇവർ. വാളക്കുളം പാടശേഖരത്ത് 12 ഏക്കറിൽ പാകമായ നെൽകൃഷി വിളവെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. യന്ത്രമെത്തിച്ചിട്ടും ചളിയും വെള്ളവും കാരണം പാടത്തേക്ക് ഇറക്കാൻ കഴിയുന്നില്ല. മഴ പെയ്തതോടെ വിളവെടുക്കാൻ ബാക്കിയുള്ള തണ്ണിമത്തനും നശിക്കുമോയെന്ന ആധിയുമുണ്ട്.