മൂലക്കളത്തിന് ശോഭയേകാൻ എവിടെ പെരുക് പൂക്കൾ?
text_fieldsപയ്യന്നൂർ: മൂലം നാളിൽ പൂക്കളം ചതുരത്തിലായിരിക്കണം. നാലു മൂലകൾ തീർത്ത മൂലം പൂക്കളത്തെ മൂലക്കളം എന്നും വിളിക്കാറുണ്ട്. കേരളത്തിൽ സുലഭമായി ലഭിച്ചിരുന്ന പെരുക് പുഷ്പങ്ങൾ ധാരാളമായി മുമ്പ് പൂക്കളത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് പെരുക് തേടി തൊടികളിൽക്കയറുന്നവർ വിരളം. ഈ ചെടിയും അപൂർവ കാഴ്ചയാവുന്നു. റബറിന്റെ സാന്നിധ്യം ഈ കാട്ടു സസ്യത്തിന് ഒരു പരിധി വരെ ഭീഷണിയായിട്ടുണ്ട്.
കേരളത്തിൽ എല്ലായിടത്തും ഈ സസ്യം വളരുന്നു. പ്രാദേശികമായി പല വിളിപ്പേരുകളിൽ ഇതറിയപ്പെടുന്നു. പെരുകിലം, പെരു, വട്ടപ്പെരുക്, വട്ടപ്പലം തുടങ്ങിയവ ഇതിൽ ചിലതാണ്. വൃത്താകൃതിയാൽ അല്ലെങ്കിൽ വട്ടത്തിലാണ് പത്രം. ഇതാണ് വട്ടപ്പെരുക് അഥവാ വട്ടപ്പലം എന്ന പേരു വരാൻ കാരണം. എവിടെയും നിഷ്പ്രയാസം വളരും. എന്നാൽ, ഈർപ്പമുള്ള മണ്ണാണ് പഥ്യം. മാവ്, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളുടെ കീഴിൽ വളരാൻ ഇഷ്ടപ്പെടുന്ന ഈ ചെടി രണ്ടടിയോളം ഉയരത്തിൽ വളരുന്നു.
ചിങ്ങമാസമെത്തുമ്പോഴാണ് വലിയ തോതിൽ പൂവിടരുന്നത്. ഡിസംബറും പൂക്കാലമാണ്. ഒരു കുലയിൽ തന്നെ നിരവധി വെളുത്ത പൂക്കളും മൊട്ടുമായി നിൽക്കുന്ന കാഴ്ച നയന മനോഹരമാണ്. വെള്ളക്കൊന്ന അഥവാ ക്ലിറോഡെൻഡ്രോൺ എന്ന പേരിൽ ഇപ്പോൾ സമാന ചെടി നഴ്സറികളിൽ വിൽപനക്കുണ്ട്.
വേരുകളിൽ നിന്ന് പൊട്ടി മുളച്ച് അതിവേഗം ഒരു കോളനി തന്നെ സൃഷ്ടിക്കാൻ പെരുകിന് പ്രത്യേക കഴിവുണ്ട്. ഉറപ്പുള്ളതാണ് ഇല. മൃദുവായ രോമാവൃതവും കാണാം. ഈ ചെടിയും സമൂലം ഔഷധമൂല്യമുള്ളതാണ്. നല്ലൊരു വിഷഹാരിയായും ഉപയോഗിക്കുന്നു. ശാസ്ത്രീയ നാമം ക്ലിറോഡെൻഡ്രോൺ ഇൻഫോർച്ചുനേറ്റം. കുടുംബം വെർബനേസിയേ.