Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഓണത്തിന് ഇനി രണ്ട്...

ഓണത്തിന് ഇനി രണ്ട് മാസം മാത്രം; ചെണ്ടുമല്ലി ഇപ്പോൾ നടാം, ആഗസ്റ്റിൽ പൂക്കൾ നിറയും

text_fields
bookmark_border
ഓണത്തിന് ഇനി രണ്ട് മാസം മാത്രം; ചെണ്ടുമല്ലി ഇപ്പോൾ നടാം, ആഗസ്റ്റിൽ പൂക്കൾ നിറയും
cancel

കേരളീയരുടെ ആഘോഷരാവുകൾക്ക് ഇനി മാസങ്ങൾ മാത്രം..ചിങ്ങപ്പൂവിളികൾക്കായി കാത്തിരിക്കുന്ന നമുക്കിനി പൂക്കൾ തേടി നാടുചുറ്റേണ്ട. ഓണത്തിന് അത്തപ്പൂക്കളമിടാനോ വിപണികളിലേക്കായോ വീട്ടുവളപ്പിൽതന്നെ ചെണ്ടുമല്ലി നട്ടുപിടിപ്പിക്കാം. ഓണവിപണി ലക്ഷ്യമിട്ട് വിത്തിട്ടാൽ ആഗസ്റ്റ് ആകുമ്പോഴേക്ക് നല്ല വിളവെടുക്കാനും സാധിക്കും. ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലിപ്പൂക്കൾ എങ്ങനെ കൃത്യസമയത്ത് വിരിയിച്ചെടുക്കാമെന്ന് നോക്കാം. ബന്ദിപ്പൂ അല്ലെങ്കിൽ ചെട്ടിപ്പൂ എന്നൊക്കെ ഇതിന് പേരുണ്ട്.

തൈകൾ പാകുന്നതിന് മികച്ച സമയം ഇതുതന്നെ

ചെണ്ടുമല്ലി നട്ട് 60 മുതൽ 70 ദിവസത്തിനകം പുഷ്പിക്കാൻ തുടങ്ങും. അതിനാൽ ആഗസ്റ്റ് അവസാന വാരം വരുന്ന ഓണത്തിന് കൃത്യമായി പൂക്കൾ ലഭിക്കാൻ ജൂൺ അവസാന വാരമോ ജൂലൈ ആദ്യ വാരമോ തൈകൾ പാകി മുളപ്പിക്കേണ്ടതുണ്ട്.

പ്രൊട്രേകളിലോ താവരണകളിലോ വിത്തുപാകി തൈകൾ വളർത്തിയെടുക്കാം. വിത്തുപാകിക്കഴിഞ്ഞ് 20-25 ദിവസമാകുമ്പോൾ, അതായത് തൈകൾക്ക് 3-4 ഇലകൾ പ്രായമാകുമ്പോൾ ഇവ പ്രധാന കൃഷിയിടത്തിലേക്കോ ചട്ടികളിലേക്കോ ഗ്രോബാഗുകളിലേക്കോ മാറ്റിനടാം. വൈകുന്നേരങ്ങളിൽ നടുന്നതാണ് തൈകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്.

ഓണവിപണിക്കായി കൃഷിയിറക്കുമ്പോൾ

വിപണികളിലേക്കായി കൃഷി ഇറക്കുകയാണെങ്കിൽ നല്ല രീതിയിലെ പരിചരണവും കൂട്ടമായ കൃഷിക്ക് യോജിച്ച മണ്ണും സ്ഥലവും അനിവാര്യമാണ്. ഒരു സെന്റിലേക്ക് രണ്ടുമുതൽ മൂന്ന്‌ ഗ്രാം വിത്ത് അല്ലെങ്കിൽ 200 മുതൽ 250 വരെ തൈകൾ ആവശ്യമാണ്‌. 10 സെന്റി മീറ്റർ ഉയരമുള്ള തടങ്ങളെടുത്ത് ജൈവവളവും രാസവള മിശ്രിതവും (15:15:15) ചേർത്ത് നഴ്സറി തയാറാക്കി 10 സെന്റി മീറ്റർ അകലത്തിൽ വിത്തുകൾ നടണം.

അമ്ലാംശം കൂടുതലുള്ള മണ്ണിൽ രാസവളമിടുന്നതിന്‌ രണ്ടാഴ്ച മുമ്പ്‌ ഒരു സെന്റിൽ രണ്ടുമുതൽ മൂന്ന്‌ കിലോവരെ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ചേർത്തിടേണ്ടതാണ്. 80 കിലോ ചാണകപ്പൊടി അല്ലെങ്കിൽ 40 കിലോ ഉണക്കിപ്പൊടിച്ച കോഴിക്കാഷ്‌ഠം എന്നിവ നിലമൊരുക്കുമ്പോൾ ചേർക്കാം. ഒരു സെന്റിൽ യൂറിയ ഒരു കിലോ, റോക്ക്ഫോസ്ഫേറ്റ് ഒന്നേകാൽ കിലോ, പൊട്ടാഷ് 400 ഗ്രാം എന്നിവ നടുമ്പോൾ ചേർക്കണം. ഒരടി വീതിയുള്ള തടങ്ങളെടുത്ത് ഒന്നരയടി അകലത്തിൽ തൈകൾ പറിച്ചുനടാം. ഓരോ ചെടിക്കും അഞ്ചു ഗ്രാം വീതം ട്രൈക്കോഡർമ എന്ന മിത്രക്കുമ്മിൾ ചേർക്കുന്നത് രോഗപ്രതിരോധശേഷി നൽകുന്നു.

മികച്ച വിളവിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നല്ല നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ എല്ലാ മണ്ണിലും ചെണ്ടുമല്ലി കൃഷിചെയ്യാം.
  • നടുന്നതിനു മുമ്പ് മണ്ണിൽ ആവശ്യത്തിന് ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് ഇളക്കണം. ഗ്രോബാഗുകളിലാണ് നടുന്നതെങ്കിൽ മണ്ണും ചണകപ്പൊടിയും ചകിരിച്ചോറും തുല്യഅളവിൽ ചേർത്ത് മിശ്രിതമൊരുക്കാവുന്നതാണ്.
  • തുടക്കത്തിൽ മിതമായ നന മതിയാകും. വേനൽ കടുക്കുകയാണെങ്കിൽ കൃത്യമായി നനയ്ക്കണം. കെട്ടിക്കിടക്കുന്ന വെള്ളം ചെടിയുടെ വേരുകൾ ചീയാൻ കാരണമാകുമെന്നതിനാൽ ഡ്രെയിനേജ് സൗകര്യം ഉറപ്പാക്കണം
  • തൈകൾ നട്ട് മൂന്നാഴ്ചയാകുമ്പോൾ പ്രധാന തണ്ടിന്റെ അഗ്രഭാഗം നുള്ളിക്കളയുന്നത് കൂടുതൽ ശാഖകൾ വളരാൻ സഹായിക്കും. ശാഖകൾ കൂടിയാൽ പൂക്കളുടെ എണ്ണവും വർധിക്കും.

ഗ്രോ ബാഗിലാണ് നടുന്നതെങ്കിൽ

നിലത്തോ ടെറസിലോ വയ്‌ക്കാവുന്ന തരത്തിൽ ഗ്രോ ബാഗിലും നടാം. മണ്ണ്, മണൽ, ചാണകപ്പൊടി അല്ലെങ്കിൽ മണ്ണിരക്കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന തോതിലെടുത്ത് ഗ്രോ ബാഗിന്റെ മുക്കാൽഭാഗം നിറയ്‌ക്കുക. അഞ്ചു ഗ്രാം ട്രൈക്കോഡർമ ഓരോ ബാഗിലും ചേർക്കണം. തൈകൾ നട്ട് രണ്ടാഴ്ച കഴിയുമ്പോൾ വെയിലത്തേക്ക് മാറ്റിവെക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഗ്രോ ബാഗുകൾ 60 സെന്റി മീറ്റർ അകലത്തിൽ വയ്‌ക്കണം. ആഴ്ചയിലൊരിക്കൽ പച്ചച്ചാണകം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ച് തയ്യാറാക്കിയ തെളിയൊഴിക്കുന്നത് വളർച്ച കൂട്ടുന്നു. ഓരോ ബാഗിലും മാസത്തിലൊരിക്കൽ രണ്ടോ മൂന്നോ സ്പൂൺ കുമ്മായം ചേർക്കണം.

വിവിധയിനം ചെണ്ടുമല്ലികൾ

കടുംഓറഞ്ച്, മഞ്ഞ, വെള്ള എന്നീ നിറത്തിലുള്ള ചെണ്ടുമല്ലി ഇനങ്ങൾ നിലവിലുണ്ട്. പൂസ ബസന്തി ഗയിന്ത, പൂസബഹാർ, അർക്ക ബംഗാര എന്നീ ഇനങ്ങൾ മഞ്ഞനിറത്തിലുള്ളവയാണ്. പൂസ നാരംഗി ഗയിന്ത, അർക്ക അഗ്നി എന്നിവ ഓറഞ്ച് നിറത്തിലുള്ള പൂക്കൾ നൽകുന്നു. കൂടാതെ ഡബിൾ ഓറഞ്ച്, ഡബിൾ യെല്ലോ തുടങ്ങിയവ മികച്ച ഉൽപാദനം തരുന്ന ഇനങ്ങളാണ്. വിത്തുകൾ ഒട്ടുമിക്ക നഴ്സറികളിലും കൃഷി വകുപ്പിനു കീഴിലെ ഓൺലൈൻ പ്ലാറ്റഫോമുകളിൽ നിന്നും വാങ്ങിക്കാം.

മറുനാടൻ പൂക്കളോട് കിടപിടിക്കുന്ന ഗുണമേന്മയുള്ള പൂക്കൾ സ്വന്തം മണ്ണിൽ ഉൽപാദിപ്പിക്കാമെന്നത് കർഷകർക്കും കുടുംബശ്രീ യൂനിറ്റുകൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഓണത്തിന് സ്വന്തം വീട്ടുമുറ്റത്തുനിന്ന് നുള്ളിയ പൂക്കൾ കൊണ്ട് പൂക്കളമിടാൻ ആഗ്രഹിക്കുന്നവർക്കും ഈ ആഴ്ച തന്നെ കൃഷിയിലേക്ക് ഇറങ്ങാം.

Show Full Article
TAGS:Kerala Agricuture onam Season chendumally flowers cultivation latest news 
News Summary - Onam is only two months away; if you plant chendumari now, you can harvest it by September
Next Story