ജൈവമാണ് ഇവിടെയെല്ലാം
text_fieldsമോനിപ്പള്ളി കുര്യനാട് സ്വദേശി രശ്മി ഇടത്തനാൽ ഫാമിൽ
കോട്ടയം: 26 ഇനം നാടൻ പശുക്കൾ, 40 ആടുകൾ, 100 കോഴി, രണ്ട് കുതിര, പലതരം പച്ചക്കറികൾ, കിഴങ്ങ്-പഴവർഗങ്ങൾ, മത്സ്യം... കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ജൈവകർഷക സംസ്ഥാന പുരസ്കാരം നേടിയ മോനിപ്പള്ളി കുര്യനാട് സ്വദേശി രശ്മി മാത്യുവിന്റെ ഇടത്തനാൽ ഫാം ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. മൃഗസംരക്ഷണ മേഖലയിലെ പരമോന്നത പുരസ്കാരമായ ഗോപാൽ രത്ന, സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പുരസ്കാരം ഉൾപ്പെടെ നേടിയ ഈ വീട്ടമ്മക്ക് കൃഷി ജീവിതത്തിന്റെ ഭാഗമാണ്. നല്ലഭക്ഷണം കഴിക്കാനുള്ള ആഗ്രഹമാണ് രശ്മിയെ കൃഷിയിലേക്കെത്തിച്ചത്. നല്ലഭക്ഷണം മറ്റുള്ളവർക്ക് കൂടി നൽകണമെന്ന ആഗ്രഹത്തോടെ അവ പുറംലോകത്തുമെത്തിച്ചു.
പാലക്കാട്ടെ സ്വന്തം വീട്ടിലെ കൃഷി കണ്ടുപരിചയിച്ചാണ് രശ്മി കോട്ടയത്ത് ഭർത്താവിന്റെ വീട്ടിലെത്തുന്നത്. വെച്ചൂർ, കപില, കാസർകോട് കുള്ളൻ തുടങ്ങി ചെറിയ ഇനം പശുക്കളെയാണ് ആദ്യം വാങ്ങിയത്. നിരവധി പേർ പാലും ചാണകവും ചോദിച്ചെത്താൻ തുടങ്ങിയതോടെ വലിയ പശുക്കളെ വാങ്ങി. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിൽനിന്നുള്ള നാടൻ പശുക്കൾ ഇവിടെയുണ്ട്. 40 ഇനങ്ങളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 26 ഇനങ്ങളിലായി 48 നാടൻ പശുക്കൾ ഫാമിലുണ്ട്.
62 സങ്കര ഇനങ്ങളും. വെവ്വേറെ ഫാമുകളിലാണ് ഇവയെ സംരക്ഷിക്കുന്നത്. ഒരു വീട്ടിലേക്കുവേണ്ട എല്ലായിനം പച്ചക്കറിയും തോട്ടത്തിലുണ്ട്. പൂർണമായി ജൈവരീതിയിലാണ് പച്ചക്കറി കൃഷി. സമീപ കൃഷിയിടങ്ങളിൽനിന്ന് കീടനാശിനി വ്യാപിക്കാതിരിക്കാൻ പ്രത്യേകം മറച്ചാണ് സംരക്ഷണം. നാടൻ പശുവിന്റെ ചാണകവും ആട്ടിൻ കാഷ്ഠവും കോഴിക്കാഷ്ഠവും തന്നെയാണ് വളമായി ഉപയോഗിക്കുന്നത്. പെല്ലറ്റ് കഴിക്കുന്നതിനാൽ സങ്കര ഇനം പശുങ്ങളുടെ ചാണകം ജൈവകൃഷിക്ക് ഉപയോഗിക്കുന്നില്ല. വിത്തുകൾ തെരഞ്ഞെടുക്കുന്നതിൽവരെ ശ്രദ്ധയുണ്ട്.
ചാണകം തണലത്തിട്ടുണക്കി സൂക്ഷ്മാണുക്കൾ നഷ്ടപ്പെടാതെ ഇടത്തനാൽ ഫാം പ്രോഡക്ട് എന്ന പേരിൽ വിപണിയിലെത്തിക്കുന്നു. നാടൻ വെളിച്ചെണ്ണ, പാൽ, നെയ്യ്, തൈര് എന്നിവയും വിപണിയിലുണ്ട്. നെയ്യ് ഇന്ത്യ മുഴുവൻ കൊറിയറായി എത്തിക്കുന്നു. അർബുദബാധിതർക്കും വൃക്കരോഗികൾക്കും ഓട്ടിസം ബാധിച്ച കുട്ടികൾക്കും നാടൻ പശുക്കളുടെ പാലും പച്ചക്കറികളും സൗജന്യമായി നൽകിവരുന്നുമുണ്ട്. സഹായത്തിന് ജോലിക്കാർ ഉണ്ടെങ്കിലും മണ്ണിലും തൊഴുത്തിലും പണിയാൻ രശ്മിയും യു.എന്നിൽ ജോലിചെയ്തിരുന്ന ഭർത്താവ് സണ്ണിയും കൂടെയിറങ്ങും.